1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 2, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധമൂലം ഫിലിപ്പീന്‍സില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍ നിയന്ത്രണാതീതമായി പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണവൈറസ് മൂലം ആദ്യമായാണ് ചൈനയ്ക്ക് പുറത്ത് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചൈനയിലെ വുഹാനില്‍ നിന്നുള്ള 44 കാരനാണ് മരണപ്പെട്ടത്. ഫിലിപ്പീന്‍സിലേക്ക് വരുന്നതിന് മുന്‍പുതന്നെ വൈറസ് ബാധിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയ്ക്ക് പുറത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണമാണിതെന്ന് ഫിലിപ്പീന്‍സിന്റെ ലോകാരോഗ്യ സംഘടനാ പ്രതിനിധി രബീന്ദ്ര അബയസിംഗെ പറഞ്ഞു.

“ഇത് പ്രാദേശികമായി ഉണ്ടായ കേസല്ല. വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ നിന്നുമാണ് രോഗി ഫിലിപ്പീന്‍സില്‍ എത്തിയത്,” അദ്ദേഹം പറഞ്ഞു.

ചൈനയില്‍ നിന്നുള്ള വിദേശ യാത്രക്കാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ല എന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, ചൈനയില്‍ കൊറോണ വൈറസ് ബാധമൂലം മരണപ്പെട്ടവരുടെ എണ്ണം 304 ആയി ഉയര്‍ന്നു. സെന്റട്രല്‍ ഹുബൈ പ്രവിശ്യയിലാണ് പുതുതായി മരണം റിപ്പോര്‍ട്ട് ചെയ്തത്. 2590 പേര്‍ക്ക് കൂടി പുതുതായി അണുബാധ സ്ഥിരീകരിച്ചിരുന്നു. ചൈനയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 14380 ആണ്. 45 പേരാണ് ഇന്നലെ മാത്രം മരിച്ചത്.

കൊറോണ വൈറസ് ബാധ പടര്‍ന്നുപിടിക്കുന്നതിനിടെയും ജീവന്‍പണയം വെച്ച് രോഗികളെ ശുശ്രൂഷിക്കുകയാണ് ചൈനയിലെ ആരോഗ്യപ്രവര്‍ത്തകര്‍. പ്രത്യേകിച്ച് വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍. തങ്ങള്‍ക്ക് നേരെ പാഞ്ഞടുക്കുന്ന ജനക്കൂട്ടമാണ് പലയിടത്തുമുള്ളതെന്ന് വുഹാനിലെ ഡോക്ടര്‍മാര്‍ പറയുന്നു.

മതിയായ സുരക്ഷാസംവിധനങ്ങളില്ലാത്തത്തിന് പിന്നാലെയാണ് രോഗികളുടെ ഭാഗത്തുനിന്നുള്ള ആക്രോശവും ആക്രമണവുമെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നു. വുഹാന്‍ ആശുപത്രിയിലെ ഒരു ഡോക്ടര്‍ കഴിഞ്ഞ രണ്ടാഴ്ചയായി സ്വന്തം വീട്ടില്‍ പോയിട്ടില്ല. ദിവസവും 150 ലേറെ രോഗികളെ പരിചരിക്കുന്ന ഇദ്ദേഹം രാവുംപകലും ഷിഫ്റ്റ് പോലും നോക്കാതെ രോഗികളെ ചികിത്സിക്കുന്നു. ചികിത്സ തേടിയെത്തുന്നവര്‍ക്ക് അതിയായ ഉത്കണ്ഠയുണ്ടെന്നും പലപ്പോഴും മണിക്കൂറുകള്‍ വരിനിന്നാണ് അവര്‍ക്ക് ചികിത്സാസൗകര്യം ലഭ്യമാകുന്നതെന്നുമാണ് ഇദ്ദേഹം പറയുന്നത്.

“ഇതിനൊപ്പം ചിലര്‍ തങ്ങളെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് തീര്‍ത്തും അപലപനീയമാണ്. മണിക്കൂറുകളോളം വരിനിന്ന ഒരു രോഗി ഞങ്ങളെ കുത്തിക്കൊല്ലുമെന്നാണ് പറഞ്ഞത്. ഇത് കേട്ടതോടെ ഞാന്‍ പരിഭ്രാന്തനായി. ഞങ്ങളെ കൊലപ്പെടുത്തിയതുകൊണ്ട് എങ്ങനെ നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകും,” ഡോക്ടര്‍ ചോദിച്ചു.

കഴിഞ്ഞ ദിവസം വുഹാനിലെ നാലാംനമ്പര്‍ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെയാണ് രോഗിയുടെ ബന്ധു ആക്രമിച്ചത്. അതീവജാഗ്രത പാലിക്കേണ്ട ആശുപത്രിയില്‍വെച്ച് അയാള്‍ ഡോക്ടറുടെ മാസ്‌കും മറ്റും വലിച്ചുകീറി. വികാരങ്ങള്‍ ഉണ്ടാവും, പക്ഷേ, ആശുപത്രികളിലെല്ലാം ഉള്‍ക്കൊള്ളാവുന്നതിന്റെ പരാമവധി രോഗികള്‍ ജനുവരി മുതല്‍ തന്നെയുണ്ടെന്നും ഡോക്ടര്‍ പറയുന്നു.

ആവശ്യത്തിന് കിടക്ക പോലും ലഭ്യമല്ലാത്ത അവസ്ഥയാണ് പല ആശുപത്രികളിലുള്ളതെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഡോക്ടര്‍ സൗത്ത് ചൈന മോണിങ് പോസ്റ്റിനോട് പറഞ്ഞു.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ കുടുങ്ങിയ ഇന്ത്യാക്കാരുടെ രണ്ടാമത്തെ സംഘവും എത്തി. 323 ഇന്ത്യാക്കാരും 7 മാൽദീവ്സ് നിവാസികളുമാണ് രാവിലെ എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിയത്. ഇവരെ വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം ഹരിയാനയിലെ ചൌല ITBP ക്യാമ്പിലേക്കും മനേസർ സൈനിക കേന്ദ്രത്തിലേക്കുമായി മാറ്റി.

14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം സ്വദേശങ്ങളിലേക്ക് വിടും.രോഗ ബാധ സ്ഥിരീകരിച്ചാല്‍ ഡല്‍ഹിയിലെ ആശുപത്രികളിലേക്ക് കൊണ്ടുവരും. ഇന്നലെ 324 പേരെ ഡല്‍ഹിയില്‍ എത്തിച്ചിരുന്നു.42 മലയാളികള്‍ അടക്കം 211 വിദ്യാർഥികളും 3 കുട്ടികളും സംഘത്തില്‍ ഉണ്ടായിരുന്നു.ആവശ്യമെങ്കില്‍ വീണ്ടും എയര്‍ ഇന്ത്യ വിമാനം ചൈനയിലേക്കയക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.