1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2020

സ്വന്തം ലേഖകൻ: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ സ്ഥതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മതിയായ ക്വാറന്റെന്‍ സൗകര്യം ഏര്‍പ്പെടത്താനാവശ്യമായ സ്ഥലങ്ങള്‍ കണ്ടെത്താന്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. രോഗം കൂടുതലയായി പകരുന്ന സാഹചര്യമുണ്ടായില്‍ തീവ്രപരിചരണത്തിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും പ്രധാനമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു.

അതിനിടെ, കൊറോണ വൈറസ് ബാധയുണ്ടെന്നു സംശയിക്കുന്ന ഇന്ത്യക്കാരുടെ രക്തസാമ്പിളുകളുമായി ഇറാനില്‍നിന്ന് ഇന്നു രാവിലെ വിമാനമെത്തി. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍നിന്ന് എത്തിച്ച രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍ഐവി) ലേക്കു പരിശോധനയ്ക്കായി കൊണ്ടുപോകും. ഈ പരിശോധനയില്‍ ഫലം നെഗറ്റീവ് ആകുന്നവരെ രാജ്യത്തേക്കു വരാന്‍ അനുവദിക്കും.

കൊറോണ വൈറസ് ബാധിച്ച് ലോകത്ത് ഇതുവരെ 3,400 പേരാണു മരിച്ചത്. ഒരു ലക്ഷത്തിലേറെ പേര്‍ക്കു രോഗം ബാധിച്ചു. 90 രാജ്യങ്ങളിലേക്കു രോഗം പടര്‍ന്നു. ഇതില്‍ ഏഴു രാജ്യങ്ങളില്‍ വെള്ളിയാഴ്ചയാണു വൈറസ് ബാധ ആദ്യമായി സ്ഥിരീകരിച്ചത്.

രോഗത്തിനെതിരെ സമൂഹത്തില്‍ അവബോധം സൃഷ്ടിക്കാനായി എല്ലാ വകുപ്പുകളും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും പ്രധാനമന്ത്രിയെ ഉദ്ധരിച്ചുള്ള ഔദ്യോഗിക പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വൈറസ് പടരുന്നതു തടയാന്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കു വിവിധ വകുപ്പുകളെ അഭിനന്ദിച്ച പ്രധാനമന്ത്രി, വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് ജനങ്ങള്‍ കൂടിച്ചേരുന്നതു പരമാവധി ഒഴിവാക്കാന്‍ ഉപദേശിക്കണമെന്നു നിര്‍ദേശിച്ചു. വൈറസ് ബാധ പടരുന്നതു തടയാന്‍ വിപുലമായതും മതിയായതുമായ ആസൂത്രണത്തിന്റെയും സമയബന്ധിതമായ പ്രതികരണത്തിന്റെയും ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു.

വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, രാജ്യാതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത, പ്രോട്ടോ കോള്‍ അനുസരിച്ചുള്ള കമ്യൂണിറ്റി തലത്തിലുള്ള നിരീക്ഷണം, ക്വാറന്റൈന്‍ സംവിധാനത്തിനു മതിയായ കിടക്കകളുടെ ലഭ്യത ഉറപ്പാക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.

രാജ്യത്ത് ഇതുവരെ 34 പേര്‍ക്കാണു രോഗം ബാധിച്ചത്. ഇന്നു മൂന്നുപേര്‍ക്കു കൂടി രോഗം സ്ഥിരീകരിക്കുയായിരുന്നു. ഇവരില്‍ രണ്ടുപേര്‍ ഇറാനിലേക്കു യാത്ര ചെയ്ത ലഡാക്കുകാരാണ്. മറ്റൊരാള്‍ ഒമാനിലേക്കു യാത്ര ചെയ്ത തമിഴ്‌നാട് സ്വദേശിയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.