
സ്വന്തം ലേഖകൻ: ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നില്ല. വീടുകളില്‍ സ്വയം പൂട്ടിയിട്ട നിലയില്‍ കഴിയുന്നത് ആഗോള തലത്തില്‍ തന്നെ ‘ബേബി ബൂമിന്’ കാരണമാകുമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. ഈ വര്‍ഷം അവസാനത്തോടെയും അടുത്ത വര്‍ഷം ആദ്യത്തിലും കുട്ടികളുടെ ജനനത്തില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
ലോകം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ബേബി ബൂമാകും ഡിസംബറില്‍ സംഭവിക്കുകയെന്ന് നോര്‍ത്ത് കരോലിനയിലെ ഡോക്ടര്‍ കെവിന്‍ കത്രോഷ്യയെ ഉദ്ധരിച്ച് ഫോക്‌സ് ബിസിനസ് റിപ്പോര്‍ട്ടു ചെയ്യുന്നു. വിവാഹിതരായി കുട്ടികള്‍ ജനിക്കാത്തവരില്‍ ഒമ്പത് മാസത്തിനകം കുട്ടികളുണ്ടാകുമെന്നാണ് ഡോ. കെവിന്‍ കത്രോഷ്യയുടെ പ്രവചനം.
1990കള്‍ മുതല്‍ ജനസംഖ്യ കുറഞ്ഞുവരുന്ന രാജ്യമാണ് ഉക്രൈന്‍. 1993ന് ശേഷം പ്രതിവര്‍ഷം മൂന്ന് ലക്ഷത്തിന്റെ കുറവാണ് ഉക്രൈന്‍ ജനസംഖ്യയില്‍ ഉണ്ടാകുന്നത്. ഈ നില കൂടുതല്‍ വഷളാക്കാന്‍ കൊറോണ വൈറസിനെ അനുവദിക്കരുതെന്നാണ് ഉക്രൈന്‍ പ്രസിഡന്റ് തന്നെ പറയുന്നത്. കോവിഡ്19ന്റെ ഭാഗമായുള്ള ക്വാറന്റൈന്‍ കാലത്ത് രാജ്യത്ത് കൂടുതല്‍ കുഞ്ഞുങ്ങളുണ്ടാകുമെന്ന പ്രതീക്ഷ ഉക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലെന്‍സ്‌കി പ്രകടിപ്പിച്ചു.
“വീടുകളില്‍ ഇരിക്കുക, പുസ്തകങ്ങള്‍ വായിക്കുക, സിനിമ കാണുക. യുവജനങ്ങളോട്… നമ്മള്‍ ഒരു പ്രതിസന്ധിയിലാണ്. പക്ഷേ ആരും ഉക്രൈന്റെ ജനസംഖ്യാപരമായ പ്രതിസന്ധി മറക്കരുത്. ആ പ്രതിസന്ധി കൂടി മറികടക്കാനുള്ള സമയമാണ് ഇതെന്നാണ് ഞാന്‍ കരുതുന്നത്,” എന്നായിരുന്നു ഉക്രൈന്‍ പ്രസിഡിഡന്റ് ഐസിടിവി എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
ചുഴലിക്കാറ്റ് ഭീഷണി, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളുടേയും ഇഷ്ട ടീമുകളുടെ ജയത്തിന്റേയും സമയത്തും ലോകയുദ്ധങ്ങള്‍ക്കുശേഷവുമാണ് നേരത്തെ ബേബി ബൂം(ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിലെ പെട്ടെന്നുള്ള വര്‍ധന) ശ്രദ്ധയില്‍പെട്ടിട്ടുള്ളത്. കൊറോണ വൈറസിന് പിന്നാലെയെത്തുന്ന ബേബി ബൂമിനെക്കുറിച്ച് സോഷ്യല്‍മീഡിയയിലും ചര്‍ച്ചകള്‍ സജീവമാണ്.
കൊറോണയുടെ ഭാഗമായി ക്വാറന്റൈന്‍ കാലത്ത് പിറക്കുന്ന കുട്ടികള്‍ 2023ല്‍ ക്വാറന്റീന്‍സ് എന്ന് അറിയപ്പെടുമെന്നാണ് ഒരു പ്രവചനം. അതേസമയം ഒരുമിച്ച് ദീര്‍ഘകാലം അടച്ചിട്ട മുറികളില്‍ താമസിക്കേണ്ടി വരുന്നത് വിവാഹമോചനങ്ങളുടെ എണ്ണം കൂട്ടുമെന്ന പ്രവചനവും സോഷ്യല്‍മീഡിയ നടത്തുന്നുണ്ട്. കൊറോണ ഭീതി കെട്ടടങ്ങുമെന്ന് പ്രതീക്ഷിക്കുന്ന കാലത്ത് പിറക്കുന്ന കുഞ്ഞുങ്ങള്‍ക്കിടയില്‍ കൊറോണ എന്ന പേര് വ്യാപകമായാലും അത്ഭുതപ്പെടാനില്ലെന്നും പ്രവചനങ്ങളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല