1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2020

സ്വന്തം ലേഖകൻ: കോവിഡ് 19  പടരുന്നത് തടയാനായി സംസ്ഥാനത്ത് 971 പേര്‍ നിരീക്ഷണത്തിലുണ്ടെന്നു ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. രോഗബാധിതരുമായി 270 പേര്‍ക്ക് സമ്പര്‍ക്കമുണ്ടായി. 95 പേര്‍ അടുത്തിടപഴകിയരാണ്.  കൂടുതല്‍ ആളുകളെ കണ്ടെത്താന്‍ ശ്രമം തുടരുന്നു. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളില്‍ സ്രവപരിശോധനയക്ക് അനുമതിയുണ്ട്. നാളെയും മറ്റന്നാളുമായി രണ്ടിടത്തും പരിശോധന തുടങ്ങും. 

സംസ്ഥാനത്തെ ആറ് രോഗികളുടെയും നില തൃപ്തികരമാണ്. പ്രായമായ രണ്ടുപേര്‍ക്ക്  വൈറസ്ബാധ സംശയിക്കുന്നുണ്ട്. ഇരുവര്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ടെന്നും ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ക്ക് നിയന്ത്രണം. മെഡി.കോളജിലെ ഐസലേഷന്‍ വാര്‍ഡില്‍ ഏഴുപേര്‍ നിരീക്ഷണത്തിലാണ്. രോഗലക്ഷണമുളള നാലുപേരുടെ സ്രവം പരിശോധനയ്ക്കയച്ചു. കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. 

രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ അധികം ഉണ്ടാകാമെന്ന സാധ്യത കണക്കാക്കി പത്തനംതിട്ടയിലും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയിട്ടുണ്ട്. ജില്ലയിൽ സകൂള്‍ വാര്‍ഷികങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഓമല്ലൂര്‍ വയല്‍വാണിഭവും ക്ഷേത്രോല്‍സവങ്ങളും റദ്ദാക്കാനും തീരുമാനിച്ചു. അന്നദാനവും, സമൂഹസദ്യയും പാടില്ലെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

സുരക്ഷാമുന്‍കരുതലുകള്‍ ശക്തിപ്പെടുത്തന്നതിന്റെ ഭാഗമായാണ് ജില്ലാഭരണകൂടത്തിന്റെ നടപടി. ശവസംസ്കാര ചടങ്ങുകളില്‍ ആളുകളെ കുറയ്ക്കണമന്നതടക്കമുള്ള നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. മുസ്ലീം പള്ളികളില്‍ പൊതുഇടത്തിലെ ദേഹശുദ്ധി നിര്‍ത്തണമെന്ന നിര്‍ദ്ദേശവും ഉണ്ട്.

ജില്ലാ ആശുപത്രിയിലെ ഐസലേഷന്‍വാര്‍ഡില്‍ മൂന്നുപേരെകൂടി പ്രവേശിപ്പിച്ചു. എഴുപേരെക്കൂടി ഐസോലേഷന്‍വാര്‍ഡിലേയ്ക്ക് മാറ്റും. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെതുടര്‍ന്നാണിത്. വയോധികരായ രണ്ടുപേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെ ആരോഗ്യപ്രവര്‍ത്തകര്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുന്നുണ്ട്. ജില്ലയിലെ കോടതികള്‍ ഈ മാസം പതിമൂന്നുവരെയുള്ള സിറ്റിങ് ഒഴിവാക്കി.

കൊച്ചിയില്‍ മൂന്നു വയസുള്ള കുട്ടിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ശനിയാഴ്ച ഇറ്റലിയില്‍ നിന്ന് ദുബായ് വഴി കൊച്ചിയിലെത്തിയ കുട്ടിയ്ക്കാണ് രോഗബാധ. ഇതോടെ കേരളത്തില്‍ വൈറസ് ബാധിച്ച് ചികില്‍സയിലുള്ളവരുടെ എണ്ണം ആറായി. അമേരിക്ക , സ്പെയിന്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തുന്നവരെ നിരീക്ഷിക്കും.  ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ മെഡിക്കല്‍ പബ്ലിക് ഹെല്‍ത്ത് ആക്ട് പ്രകാരം കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

ശനിയാഴ്ച രാവിലെ എമിറേറ്റ്സ് വിമാനം EK 530 ല്‍ കൊച്ചിയിലെത്തിയ മൂന്നു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. വിമാനത്താവളത്തിലെ പ്രാഥമിക പരിശോധനയില്‍ തന്നെ രോഗലക്ഷണം കണ്ടെത്തി. ഇതോടെ കുട്ടിയെയും മാതാപിതാക്കളെയും പ്രത്യേക ആംബുലന്‍സില്‍ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുട്ടിയുടെ സാംപിള്‍ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ചാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ആരോഗ്യനില തല്‍ക്കാലം തൃപ്തികരമാണ്. മാതാപിതാക്കളുടെയും സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവരും മെഡിക്കല്‍ കോളജ് ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.

വിമാനത്താവളത്തില്‍ കുട്ടിയെ പരിശോധിച്ച ആരോഗ്യവകുപ്പ് ജീവനക്കാരും നിരീക്ഷണത്തിലുണ്ട്. ഇവര്‍ വന്ന വിമാനത്തില്‍ ഉണ്ടായിരുന്ന മറ്റ് യാത്രക്കാരെ കണ്ടെത്തി നിരീക്ഷിക്കാനുള്ള നടപടികള്‍ തുടങ്ങിയി. ഇവരുടെ വിശദാംശങ്ങള്‍ അതാത് ജില്ലകള്‍ക്ക് കൈമാറിയിട്ടുണ്ട്. നിലവില്‍ 12 പേരാണ് കളമശേരിയിലെ ഐസലേഷന്‍ വാര്‍ഡിലുള്ളത്. ജില്ലായിലാകെ 93 പേര്‍ വിവിധ ആശൂപത്രികളില്‍ നിരീക്ഷണത്തില്‍ ഉണ്ട്. സ്ഥിതി പൂര്‍ണ നിയന്ത്രണത്തിലാണെന്നും ആശങ്ക വേണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.  

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.