
സ്വന്തം ലേഖകൻ: ചൈനയിലെ വുഹാനിൽ നിന്നെത്തിയ മലയാളി വിദ്യാർഥിനിക്ക് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരണം. വുഹാൻ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന വിദ്യാർഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തൃശൂർ ജനറൽ ആശുപത്രിയിലെ ഐസലേഷൻ വാർഡിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിനിയുടെ നില ഗുരുതരമല്ലെന്നും സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു.
കേരളത്തിൽ നിന്ന് 20 പേരുടെ സാമ്പിളുകളാണ് അയച്ചിരുന്നത്. ഇതിൽ 10 പേരുടെ സാമ്പിളുകൾ നെഗറ്റീവ് ആണ്. വിദ്യാർഥിനിയുടെ നില ഗുരുതമരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ ശൈലജ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. രോഗിയുടെ പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ചാണിത്.
കേരളത്തിലെ കൊറോണ ബാധ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ മന്ത്രി കെ.കെ ശൈലജ തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇതിനുപിന്നാലെയാണു വിദ്യാർഥിനി ചികിത്സയിലുള്ള കാര്യം മന്ത്രി വ്യക്തമാക്കിയത്.
വൈറസ് ബാധ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. വൈറസിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സജ്ജമാണ്. ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിന് മുമ്പെ ആവശ്യമായ പ്രതിരോധ നടപടികള്‍ സ്ഥീകരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. അതിനിടെ, ഡൽഹിയിൽ ഐസൊലേഷനിൽ നിരീക്ഷണത്തിലായിരുന്ന മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവണെന്നു സ്ഥിരീകരിച്ചു.
കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മാത്രം മരിച്ചവരുടെ എണ്ണം 170 ആയി. പുതിയതായി ആയിരത്തിലധികം ആളുകളിൽ കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. കൊറോണ വൈറസ് ബാധ തടയാൻ ലോകരാജ്യങ്ങൾ അതീവജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൈനയ്ക്ക് പുറമേ 18 രാജ്യങ്ങളിൽ കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നിർദേശം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല