1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 10, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊറോണ വെെറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 14 ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1495 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,236 പേര്‍ വീടുകളിലും 259 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. അതീവ ജാഗ്രത പുലർത്തേണ്ട സാഹചര്യമാണെന്നും ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യമന്ത്രി കെ.കെ.ശെെലജ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൊച്ചിയിൽ കൊറോണ ബാധിച്ച മൂന്ന് വയസുകാരന്റെ മാതാപിതാക്കൾക്കാണ് അവസാനമായി കൊറോണ സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കൊറോണ ബാധിതരുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുമെന്ന് മന്ത്രി പറഞ്ഞു. എട്ട് പേർക്കാണ് ഇന്നു മാത്രം രോഗം സ്ഥിരീകരിച്ചത്.

980 രക്ത സാംപിളുകളാണ് ഇതുവരെ സംസ്ഥാനത്തു നിന്ന് പരിശോധനയ്‌ക്ക് അയച്ചത്. ഇതിൽ 815 സാംപിളുകളും നെഗറ്റീവ് ആണ്. പത്തനംതിട്ട ജില്ലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 28 ആയി. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ കൊറോണ ബാധിതർ ഉള്ളത്. ഏഴ് പേർ പത്തനംതിട്ടയിൽ കൊറോണ ബാധിച്ച് ചികിത്സയിലാണ്. കോട്ടയത്ത് നാലും എറണാകുളത്ത് മൂന്ന് പേരുമാണ് ചികിത്സയിലുള്ളത്.

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഒന്നു മുതൽ 7 വരെയുളള ക്ലാസുകൾ മാർച്ച് മാസം അടച്ചിടും. സിബിഎസ്ഇ ഐസിഎസ്ഇ സിലബസുകൾക്കും ഇത് ബാധകമായിരിക്കും. സ്പെഷ്യൽ ക്ലാസുകളും അവധിക്കാല ക്ലാസുകളും എല്ലാം ഒഴിവാക്കണം. മദ്രസകളും അങ്കണവാടികളും എല്ലാം അടച്ചിടണം. കോളേജുകളും ഈ മാസം മുഴുവൻ അടച്ചിടും.

മതപരമായ ചടങ്ങുകളും ക്ഷോത്രോത്സവങ്ങളും പളളി പരിപാടികളും ചടങ്ങ് മാത്രമാക്കണം. ശബരിമലയിൽ പൂജാ കര്‍മ്മങ്ങളെല്ലാം മുടക്കമില്ലാതെ നടത്തും. എന്നാൽ ദര്‍ശനം ഒഴിവാക്കും. വിവാഹങ്ങളും സിനിമാ ശാലകളിൽ പോകുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്താകെ സര്‍ക്കാര്‍ സംവിധാനങ്ങൾ ജാഗ്രതയോടെ ഇടപെടുന്നുണ്ട്. പൊതുജനങ്ങളും സഹകരിക്കണം. രോഗവിവരങ്ങളോ യാത്രാ വിവരങ്ങളോ മറച്ചു വക്കരുതെന്നും മുഖ്യമന്ത്രി രാവിലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.