1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2020

സ്വന്തം ലേഖകൻ: തൃശ്ശൂരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പേ വാർഡിൽ തയ്യാറാക്കിയ ഐസലേഷൻ വാർഡിലാണ് പെൺകുട്ടി ചികിത്സയിൽ കഴിയുന്നത്. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ആരോഗ്യ വകുപ്പിനെ അറിയിക്കാൻ നിർദ്ദേശം നൽകി.

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായും ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. സ്വകാര്യ ആശുപത്രികളില്‍ ഐസലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കാൻ ഐഎംഎയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ കൂട്ടായ്മകളില്‍ നിന്ന് മാറി നില്‍ക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി തൃശൂരിൽ തുടരുകയാണ്.

മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും അര്‍ധരാത്രി വരെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ഇതിന് ശേഷമാണ് കുട്ടിയെ ജനറല്‍ ആശുപത്രിയില്‍നിന്ന് മാറ്റാനുള്ള തീരുമാനം വന്നത്.

ചികിത്സയ്ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ കണക്കിലെടുത്താണ് വിദ്യാര്‍ഥിനിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. കൊറോണ പശ്ചാത്തലത്തില്‍ വലിയ ഐസൊലേഷന്‍ വാര്‍ഡാണ് മെഡിക്കല്‍ കോളേജില്‍ സജ്ജീകരിച്ചിട്ടുള്ളത്. അഞ്ച് ഡോക്ടര്‍മാരടക്കം 30 ആരോഗ്യവകുപ്പ് ജീവനക്കാരാണ് ഐസൊലേഷന്‍ വാര്‍ഡിലുള്ളത്. ആവശ്യത്തിന് മരുന്നുകളും ലഭ്യമാക്കിയിട്ടുണ്ട്. പേവാര്‍ഡില്‍ ഉണ്ടായിരുന്ന രോഗികളെ ഒഴിപ്പിച്ചാണ് മുറികള്‍ സജ്ജീകരിച്ചത്. 20 മുറികളാണ് ഈ ഐസൊലേഷന്‍ വാര്‍ഡില്‍ ഒരുക്കിയിട്ടുള്ളത്. ആവശ്യമെങ്കില്‍ കൂടുതല്‍ രോഗികളെ കിടത്താനുള്ള സ്ഥലങ്ങളും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.

കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്‌. കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ഥിനിക്ക് പുറമേ നിലവില്‍ ഒമ്പത് പേര്‍ തൃശൂരില്‍ നിരീക്ഷണത്തിലുണ്ട്. വീടുകളിലും ആശുപത്രികളിലുമായി ആകെ 1053 പേരാണ് ഇതുവരെ സംസ്ഥാനത്തുടനീളം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയച്ച നാല് പേരുടെ പരിശോധനാ ഫലം കൂടി ഇനി ലഭിക്കാനുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.