
സ്വന്തം ലേഖകൻ: കോവിഡ് 19 വൈറസ് വ്യാപനം തടയാൻ ഹസ്തദാനം നല്‍കുന്നത് ഒഴിവാക്കണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹസ്തദാനത്തിന് പകരം ഇന്ത്യക്കാരെപ്പോലെ കൈകൂപ്പി ആളുകളെ സ്വീകരിക്കണമെന്നാണ് നെതന്യാഹുവിന്റെ അഭിപ്രായം.
കൂപ്പുകൈകളോടെ നമസ്‌തേയെന്നോ ജൂതര്‍ പരസ്പരം അഭിവാദ്യം ചെയ്യുന്ന ശാലോമെന്നോ പറയാമെന്നാണ് അദ്ദേഹം ഉപദേശിക്കുന്നത്. കൊറോണ വൈറസ് ബാധ ലോകമാകെ പടരുന്ന സാഹചര്യത്തില്‍ നടന്ന അവലോകന യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ഇന്ത്യക്കാരേപ്പോലെ പരസ്പരം അഭിവാദ്യം ചെയ്യാന്‍ നെതന്യാഹു ജനങ്ങളോട് ആവശ്യപ്പെട്ടത്.
കൊറോണയെ പ്രതിരോധിക്കാന്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് നെതന്യാഹു വ്യക്തമാക്കി. 15 പേരാണ് ഇസ്രയേലില്‍ കൊറോണ ബാധിച്ചിട്ടുള്ളതായി തെളിഞ്ഞിട്ടുള്ളത്. 7,000 പേര്‍ നിരീക്ഷണത്തിലാണ്. ഇവരോട് വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 5,000 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ഇസ്രായേലില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ, കോവിഡ് 19 വ്യാപനം തടയാനാകാതെ ലോകം. വിവിധ രാജ്യങ്ങളിലായി വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂവായിരത്തി ഇരുന്നൂറു കടന്നു. ഏറ്റവും കൂടുതല്‍പേര്‍ മരിച്ചത് ചൈനയിലാണ്, മൂവായിരത്തി പന്ത്രണ്ടുപേര്‍ (3012). ഏറ്റവും കൂടുതല്‍പേര്‍ മരിച്ച രണ്ടാമത്തെ രാജ്യം ഇറ്റലിയാണ്. 107 മരണം. ദക്ഷിണ കൊറിയയില്‍ മുപ്പത്തിയഞ്ചുപേരും ഇറാനില്‍ 92പേരും മരണത്തിന് കീഴടങ്ങി.
അമേരിക്കയില്‍ മരണസംഖ്യ 11 ആയി. ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ കലിഫോണിയ സംസ്ഥാനം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്നലെ ചൈനയില്‍ 139പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ചികില്‍സയിലുള്ളവരുടെ എണ്ണം എണ്‍പതിനായിരത്തി നാന്നൂറ്റി ഒന്‍പതായി ഉയര്‍ന്നു.
ദക്ഷിണ കൊറിയയില്‍ അയ്യായിരത്തി എഴുന്നൂറ്റി അറുപത്തിയാറുപേരും ഇറാനില്‍ രണ്ടായിരത്തി തൊള്ളായിരം പേരും ഇറ്റലിയില്‍ മൂവായിരംപേരും ചികില്‍സയിലാണ്. 82 രാജ്യങ്ങളില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചു. വൈറസ് ഭീതിയില്‍ അടുത്തമാസം പുറത്തിറങ്ങാനിരുന്ന ജെയിംസ് ബോണ്ട ്ചിത്രം ‘ നോ ടൈം ടു ഡൈ’ റിലീസ് ചെയ്യുന്നത് നവംബറിലേയ്ക്ക് മാറ്റിവച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല