
സ്വന്തം ലേഖകൻ: പരിമിതമായ ആഭ്യന്തര തീർഥാടകർക്ക് അനുമതി നൽകി ഒക്ടോബർ 4 മുതൽ ഉംറ തീർഥാടനം പുനരാരംഭിക്കുമെന്ന് സൌദി അഭ്യന്തര മന്ത്രാലയം അറിയിച്ചു. ആദ്യഘട്ടത്തിൽ രാജ്യത്തിനകത്തെ പൗരന്മാരും പ്രവാസികളും ഉൾപ്പെടെ ആഭ്യന്തര തീർഥാടകർക്കാണ് അനുമതി. ആകെ ശേഷിയുടെ 30 ശതമാനത്തിനാണ് അനുമതി നൽകുക. ഇതു പ്രകാരം ഒരേ സമയം ഏകദേശം 6,000 തീർഥാടകർക്ക് ഉംറ നിർവഹിക്കാനാകും.
ഒക്ടോബർ 18 ന് രണ്ടാം ഘട്ടം എന്ന നിലയിൽ ആകെ ശേഷിയുടെ 75 ശതമാനം പേരെ ഉംറ ചെയ്യാൻ അനുവദിക്കും. അതോടൊപ്പം വിശുദ്ധ പള്ളിയിലെ പ്രാർഥനക്കും പ്രവാചക പള്ളി സന്ദർശനത്തിനും അനുമതിയുണ്ടാകും. ഏകദേശം ഒരുദിവസം 15,000 പേർക്ക് ഉംറ നിർവഹിക്കാനും 40,000 വിശ്വാസികൾക്ക് പള്ളിക്കകത്ത് പ്രവേശിക്കാനുമാണ് ഈ ഘട്ടത്തിൽ കഴിയുക. നവംബർ 1 മുതൽ രാജ്യത്തിന് പുറത്തുള്ളവർക്ക് കൂടി അവസരം നൽകി മൂന്നാം ഘട്ടം നടപ്പാക്കും.
ഇതുവഴി ഒരേസമയം 20,000 തീർഥാടകരെ ഉംറ നിർവഹിക്കാനും 60,000 വിശ്വാസികൾക്ക് പള്ളികളിൽ പ്രവേശിക്കാനുമാണ് അനുമതിയുണ്ടാവുക. കൊറോണ വൈറസിന് അവസാനിക്കുന്ന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
നാലാമത്തെ ഘട്ടത്തിൽ മാത്രമാണ് വിശുദ്ധ പള്ളികളിൽ സാധാരണ ശേഷിയനുസരിച്ച് നൂറുശതമാനവും തുറന്ന് നൽകുക. ഇങ്ങനെ ഉംറ നിർവഹിക്കാനും പ്രവാചക പള്ളി സന്ദർശനത്തിനും പ്രാർഥനക്കും മഹാമാരി അപ്രത്യക്ഷമാകുന്നത് വരെ കാത്തിരിക്കേണ്ടി വരും. നിലവിലെ ഓരോ ഘട്ടങ്ങളിലും ആരോഗ്യ മന്ത്രാലയം മുന്നോട്ടു വെക്കുന്ന മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെ ഓരോ തീർഥാടകകരുടെയും പ്രവേശനം ഹജ്, ഉംറ മന്ത്രാലയത്തിന്റെ ‘ഇഅതമർനാ’ ആപ്ലിക്കേഷൻ വഴി നിയന്ത്രിക്കും.
കൊറോണ വൈറസ് സ്ഥിതി സംബന്ധിച്ച നിരീക്ഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലും വിശ്വാസികളുടെ നിരന്തര ആവശ്യം പരിഗണിച്ചുമാണ് ഘട്ടം ഘട്ടമായി ഉംറ പുനഃസ്ഥാപിക്കാനുള്ള നടപടികൾ കൈക്കൊള്ളുന്നതെന്ന് അധികൃതർ അറിയിച്ചു.
അനുവദിക്കപ്പെട്ട ഓരോ ഘട്ടത്തിലും മഹാമാരിയുടെ സ്ഥിതിയനുസരിച്ച് നിരന്തര വിലയിരുത്തലിന് വിധേയമാക്കുമെന്നും അധികൃതർ പറഞ്ഞു. കർശനമായ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഓരോ ഘട്ടവും നടപ്പാക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല