1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് (കൊവിഡ്-19) പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പുതിയ നടപടിയുമായി സൗദി ഭരണകൂടം. എയര്‍പോര്‍ട്ട് അധികൃതരോട് ആരോഗ്യസംബന്ധമായി വിവരങ്ങള്‍ മറച്ചുവെച്ചാല്‍ 50000 റിയാല്‍ പിഴ നല്‍കേണ്ടി വരും. 98,94454 ഇന്ത്യന്‍ രൂപയോളം വരുമിത്. സൗദിയില്‍ 15 പേര്‍ക്കാണ് കൊറോണ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും കിഴക്കന്‍ ഭാഗത്തെ ഖാത്തിഫ് പ്രവിശ്യയില്‍ നിന്നുള്ളവരാണ്.

യുഎഇ, ബഹ്റൈന്‍, കുവൈത്ത്, ലബനാന്‍, സിറിയ, ദക്ഷിണ കൊറിയ, ഈജിപ്ത്, ഇറ്റലി, ഇറാഖ് എന്നീ രാജ്യങ്ങളുമായുള്ള കര, വ്യോമ, കടൽ മാർഗങ്ങളിലൂടെയുള്ള ഗതാഗത ബന്ധവും താൽക്കാലികമായി വിച്ഛേദിച്ചു.  സൗദിയിലുള്ള സ്വദേശികൾക്കും വിദേശികൾക്കും ഈ രാജ്യങ്ങളിലേക്ക് പോകാനോ അവിടെ നിന്ന് വരാനോ അനുവദിക്കില്ല. 

ഇതോടെ ഇതുവഴി കണക്ഷന്‍ ഫ്ലൈറ്റുകളിലെത്തിയ മലയാളികളും കുടുങ്ങി. ഇതിൽ കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങളുമായി കരമാർഗമുള്ള ഗതാഗത ബന്ധം നേരത്തെ തന്നെ വിച്ഛേദിച്ചിരുന്നു. ഇതിനിടെ സൗദി അറേബ്യയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെയാണ് രോഗ ബാധിതരുടെ എണ്ണം പതിനഞ്ചായി ഉയർന്നത്. രാജ്യത്ത് മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. സൗദിയില്‍ 15 പേര്‍ക്കാണ് ഇതു വരെ കോവിഡ് 19 സ്ഥിരീകരിച്ചത്. 

തലസ്ഥാനമായ റിയാദില്‍ ആദ്യ കോവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലി സന്ദര്‍ശിച്ച യുഎസ് പൌരനാണ് റിയാദില്‍ ചികിത്സയിലുള്ളത്. രണ്ട് പേര്‍ ഇറാഖില്‍ നിന്നെത്തിയ ബഹ്റൈന്‍ വനിതകളാണ്. കൊറോണ ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളാണ് നാലാമത്തെയാള്‍. ഈ മൂന്ന് കേസുകളും കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫിലാണ്. 

ഭൂരിഭാഗം രോഗികളുമുള്ള ഖത്തീഫിലേക്ക് ആര്‍ക്കും നിലവില്‍ പ്രവേശനമില്ല. രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് മുതല്‍ അനിശ്ചിത കാലത്തേക്ക് അടച്ചു. രാജ്യത്തെ വലിയ വിനോദ പരിപാടികളും കേന്ദ്രങ്ങളും അടച്ചിട്ടുണ്ട്. 600 പേരാണ് രാജ്യത്ത് നിരീക്ഷണത്തില്‍. ഇതില്‍ 400 പേരുടെ സാമ്പിള്‍ ഫലങ്ങളും നെഗറ്റീവാണ്.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ആശുപത്രികളിലും ക്ലിനിക്കുകളിലും ആവശ്യമായ മുൻകരുതൽ എടുക്കാൻ സൗദി ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം ലഭിച്ചതു മുതൽ പനി അടക്കമുളള രോഗ ലക്ഷണങ്ങളുണ്ടോയെന്ന് പരിശോധിച്ചതിന് ശേഷമാണ് രോഗികളെയും കൂടെ വരുന്നവരെയും ആശുപത്രികളിലേക്ക് പ്രവേശിപ്പിക്കുന്നത്. ഏതെങ്കിലും രീതിയിലുള്ള രോഗ ലക്ഷണം കണ്ടാൽ കൂടുതൽ പരിശോധന നടത്തുന്നതിനായി പ്രതേക വാർഡ് ഒരുക്കിയിട്ടുണ്ട്.

അണുവിമുക്തമാക്കാനുള്ള ജെല്ലുകൾ, ഫേസ് മാസ്ക് എന്നിവയും ആവശ്യക്കാർക്ക് നൽകുന്നുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുന്നതിന് മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഒരു ദിവസം തന്നെ പലതവണ പരിശോധനക്ക് വരുന്നുണ്ടെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.