
സ്വന്തം ലേഖകൻ: കൊച്ചിയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പുറപ്പെട്ട വിമാനം ബഹ്‌റൈനില്‍ ഇറക്കി. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണിത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ബഹ്‌റൈനിലെ വിമാനത്താവളത്തില്‍ കുടുങ്ങി. ഇവരെ രാത്രി വൈകി തിരിച്ച് കൊച്ചിയിലേക്ക് തന്നെ അയക്കുമെന്നാണ് വിവരം. 200ഓളം മലയാളികളാണ് വിമാനത്തിലുണ്ടായിരുന്നത്.
കൊറോണ വൈറസ് രോഗം പടരുന്ന സാഹചര്യത്തില്‍ സൗദി ഒമ്പത് രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിമാനം, കപ്പല്‍ വഴിയുള്ള വരവും മടക്കവുമാണ് തടഞ്ഞിരിക്കുന്നത്. യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍, ലബ്‌നാന്‍, സിറിയ, ദക്ഷിണ കൊറിയ, ഈജിപ്ത്, ഇറ്റലി, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കാണ് വിലക്ക്.
സൗദിയില്‍ ഇതുവരെ 15 പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 600ഓളം പേര്‍ നിരീക്ഷണത്തിലാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു. അതേസമയം, ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഉള്‍പ്പെടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സൗദി കഴിഞ്ഞദിവസം നിര്‍ബന്ധമാക്കിയിരുന്നു.
കൊറോണ വൈറസ് ബാധയില്ലെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. ഇതില്ലാത്തവര്‍ക്ക് സൗദിയില്‍ പ്രവേശിക്കാന്‍ സാധ്യമല്ല. ലക്ഷക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന സൗദിയിലെ പുതിയ നിയന്ത്രണം ഏറ്റവും ബാധിക്കുക മലയാളികളെ തന്നെ.
സൗദിയില്‍ നിന്ന് അവധിക്ക് നാട്ടില്‍ പോയി തിരിച്ചുവരുന്നവര്‍ക്കും നിയന്ത്രണം ബാധകമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനം കയറുന്നതിന് 24 മണിക്കൂര്‍ മുമ്പ് ലഭിച്ച സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. സൗദി കോണ്‍സുലേറ്റിന്റെ അംഗീകാരമുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.
സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് മാത്രമേ ബോര്‍ഡിങ് പാസുകള്‍ നല്‍കാവു എന്ന് കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലെ വിമാനത്താവളങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല