1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യപിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് നിര്‍ത്തി. എന്നാല്‍ റീ എന്‍ട്രി കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള അപേക്ഷ തുടര്‍ന്നും സ്വീകരിക്കും. ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങി മെഡിക്കല്‍ മേഖലയുമായി ബന്ധപ്പെട്ട വിസകള്‍ സ്റ്റാമ്പ് ചെയ്യുന്നതിന് തടസമില്ല.

മെഡിക്കല്‍ മേഖലയുമായി ബന്ധപ്പെട്ടതല്ലാത്ത തൊഴില്‍ വിസകള്‍, സന്ദര്‍ശക വിസകള്‍, ടൂറിസ്റ്റ് വിസകള്‍ എന്നിവ സ്റ്റാമ്പ് ചെയ്യുന്നതിനു ചൊവ്വാഴ്ച മുതല്‍ പാസ്‍പോര്‍ട്ടുകള്‍ സമര്‍പ്പിക്കേണ്ടതില്ല. ഇനിയൊരു അറിയിപ്പ് ലഭിക്കുന്നത് വരെ നിയന്ത്രണം തുടരും. ഇത് സംബന്ധിച്ച അറിയിപ്പ് കോണ്‍സുലേറ്റില്‍ നിന്ന് റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് അയച്ചു.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സൗദി അറേബ്യയിലെ മുഴുവൻ ഷോപ്പിംഗ് മാളുകൾ അടച്ചിടാൻ നിർദേശം. ഭക്ഷ്യ വസ്തുക്കളുടെയും മരുന്നുകളുടെയും ലഭ്യത ഉറപ്പ് വരുത്തുന്നതിന് സുപ്പർമാർക്കറ്റും ഫാർമസിയും തുറന്ന് പ്രവർത്തിക്കും.റിയാദ് മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

അതാത് പ്രവിശ്യകളിലെ മുനിസിപ്പാലിറ്റികൾ ഇത് സംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിച്ചു തുടങ്ങി. ഹോട്ടലുകളിൽ ഭക്ഷണം വിളമ്പാൻ പാടില്ല. പാർസലായോ ഓൺലൈൻ വഴിയോ ഭക്ഷണം ലഭ്യമാകും. ആളുകൾ കൂട്ടം കൂടുന്ന അവസ്ഥ ഒഴിവാക്കാനാണ് നടപടികളെല്ലാം.പാർക്കുകളും പൊതു വിനോദ ഇടങ്ങളും അടച്ചിടും.

അമ്പതിലേറെ ആളുകൾ കൂടുന്ന പൊതുപരിപാടികൾ ഹോട്ടലുകളിലും കല്യാണ ഹാളുകളിലും വെച്ച് നടത്തുന്നത് കഴിഞ്ഞ ദിവസം മന്ത്രാലയം വിലക്കിയിരുന്നു. എല്ലാ മേഖലയിലും നിയന്ത്രണങ്ങള്‍ ശക്തമാണ്. ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പ്രതിരോധ, മുന്‍കരുതലിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാർക്ക് 16 ദിവസത്തെ അവധിയാണ് നല്‍കിയിരിക്കുന്നത്.

ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യം, സുരക്ഷ, സൈനിക മേഖലകള്‍, ഇ-സെക്യൂരിറ്റി സെന്റര്‍, വിദ്യാഭ്യാസ മേഖലയിലെ വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ഒഴികെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കുമാണ് ദിവസത്തേക്ക് അവധി നല്‍കിയിട്ടുള്ളത്.

വാണിജ്യ വിപണികളും മാളുകളും അടച്ചിടണം. സിനമാശാലകള്‍, സ്‌കൂള്‍, കോളേജ്, പാര്‍ക്കുകള്‍, കായിക വിനോദ കേന്ദ്രങ്ങള്‍, സ്റ്റേഡിയം അടക്കമുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍ നേരത്തെ താല്‍കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. സൂപ്പർമാർക്കറ്റുകളും ഫാർമസികളും പ്രവർത്തിക്കും.

രണ്ടാഴ്ച്ച ത്തേക്കാണ് എല്ലാ നിയന്ത്രണങ്ങളും കൊണ്ടുവന്നിട്ടുള്ളത് സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ആരോഗ്യ വിദഗ്ധരുടെ അഭിപ്രയങ്ങല്‍ക്കനുസരിച്ചു ഓരോ നിമിഷവും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.