1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2020

സ്വന്തം ലേഖകൻ: കോവിഡ്-19 വൈറസ് ബാധയേറ്റ് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം ആറായി. രോഗം ബാധിച്ച് നാല് പേരാണ് കഴിഞ്ഞ ദിവസം അമേരിക്കയില്‍ മരിച്ചത്. 75 പേരിലാണ് അമേരിക്കയില്‍ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്.

ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത ഇറാനില്‍ 66 പേരും ഇറ്റലിയില്‍ 52 പേരും രോഗബാധയെ തുടര്‍ന്ന് മരിച്ചു. ഇറ്റലിയില്‍ 1,835 പേര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ഇറാനില്‍ 1,501 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം ഇന്തോനേഷ്യയിലും കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവടെ 19 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയ്ക്ക് പുറത്ത് ഏറ്റവുധികം രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് ദക്ഷിണ കൊറിയയിലാണ്. 4,812 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. 28 പേരാണ് ദക്ഷിണ കൊറിയയില്‍ മരിച്ചിട്ടുള്ളത്.

അതേസമയം ലോകത്താകെ വൈറസ് ബാധിതരുടെ എണ്ണം 90,912 കവിഞ്ഞു. രോഗം ബാധിച്ച് മരിച്ചവര്‍ 3,117 ആയി. 47,984 പേര്‍ രോഗവിമുക്തി നേടിയിട്ടുമുണ്ട്.

ഇതേപോലെ വളരെവേഗം പടര്‍ന്നുപിടിക്കാന്‍ ശേഷിയുള്ള മറ്റൊരു വൈറസിനേയും ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ലെന്നും ശരിയായ മാര്‍ഗത്തിലൂടെ വൈറസിനെ പിടിച്ചുകെട്ടുമെന്നുമാണ് ലോകാരോഗ്യ സംഘടന പറയുന്നത്. വസൂരി പോലെ വായുവില്‍ കൂടി പകരാന്‍ വൈറസ് ശേഷി നേടിയെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. നിലവില്‍ 60 രാജ്യങ്ങളിലാണ് കോവിഡ്-19 വൈറസ് എത്തിയിരിക്കുന്നത്.

സൗദിയിലും ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ മുഴുവൻ ഗൾഫ് രാജ്യങ്ങളും കോവിഡ് 19ന്റെ പിടിയിൽ. കുവൈത്തിൽ 10 പേർക്കും ഖത്തറിൽ നാലു പേർക്കും ബഹ്റൈനിൽ രണ്ടു പേർക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധയേറ്റ് 66 പേർ മരിച്ച ഇറാനില്‍ ആയിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു

കുവൈത്തിൽ 56 പേർക്കും ബഹ്റൈനിൽ 49 പേർക്കും യു.എ.ഇയിൽ 21 പേർക്കും ഖത്തറിൽ 7 പേർക്കും ഒമാനിൽ 6 പേർക്കും സൗദിയിൽ ഒരാൾക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇറാൻ സന്ദർശനം കഴിഞ്ഞെത്തിയവരാണ് രോഗികളിൽ ഭൂരിഭാഗവും. ഇറാനിൽ രോഗവ്യാപ്തി കൂടിയതോടെ ഏതൊരു അടിയന്തര സാഹചര്യവും നേരിടാൻ ഗൾഫ് രാജ്യങ്ങൾ തയാറെടുക്കുകയാണ്. ഈ ആഴ്ച രോഗം കൂടുതൽ പേരിലേക്ക് പടരാനുള്ള സാഹചര്യം കൂടി മുൻനിർത്തിയാണ് മുൻകരുതൽ നടപടികൾ കൈക്കൊള്ളുന്നത്.

ആളുകൾ കൂട്ടം കൂടുന്ന പരിപാടികൾ പരമാവധി ഒഴിവാക്കണമെന്ന നിർദേശത്തെ തുടർന്ന് എണ്ണമറ്റ കായിക മൽസരങ്ങൾ ഉൾപ്പെടെ പല പരിപാടികളും റദ്ദാക്കി. മാർച്ച് 10 മുതൽ 14 വരെ ദുബൈ ഹാർബറിൽ നടത്താനിരുന്ന ബോട്ട് ഷോ നവംബറിലേക്ക് മാറ്റി. ഏഷ്യ കപ്പ് ക്രിക്കറ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങളെടുക്കേണ്ട എഷ്യൻ ക്രിക്കറ്റ് കൗൺസിൽ മീറ്റിങ് മാറ്റി വച്ചവയിൽ ഉൾപ്പെടും.

കോവിഡ് 19 മൂലം ഗൾഫ് സമ്പദ് ഘടനക്ക് പ്രതീക്ഷിച്ചതിലും വലിയ ആഘാതം സംഭവിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. എണ്ണവിലയിടിവ് തുടരുന്നതും ഗൾഫ് സമ്പദ് ഘടനയെ വല്ലാതെ ഉലച്ചേക്കും.

ഗൾഫ് മേഖലയിൽ കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ യുഎഇയിൽ പൊതുപരിപാടികളും സംഗീത കച്ചേരികളും മാറ്റിവയ്ക്കുകയും റദ്ദാക്കുകയും ചെയ്തു. മാർച്ച് അഞ്ച്, ആറ് തീയതികളിൽ നടക്കുന്ന 25000ത്തോളം പേർ പങ്കെടുക്കുന്ന അബുദാബി അൾട്രാ മ്യൂസിക് ഫെസ്റ്റിവലും മാർച്ച് 21ന് നടക്കാനിരുന്ന കെ-പോപ്പ് മ്യൂസിക് ബാങ്കും റദ്ദാക്കി.

അൾട്രാ മ്യൂസിക് ഫെസ്റ്റിവലിൽ ഡിജെ സ്നേക്ക്, ഗ്രാമി അവാർഡ് നേടിയ സെഡ്ഡ്, മേജർ ലേസർ, എറിക് പ്രിഡ്‌സ്, അഫ്രോജാക്ക് എന്നിവർ പങ്കെടുക്കേണ്ടതായിരുന്നു. വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തിൽ ചില രാജ്യങ്ങളും എയർലൈനുകളും ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളും ഏർപ്പെടുത്തി.

കൊറോണ വൈറസ്ബാധയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ജപ്പാനിലെ ടോക്കിയോയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സ് മാറ്റിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ജപ്പാന്‍ ഒളിമ്പിക്‌സ് മന്ത്രി സെയ്‌ക്കോ ഹാഷിമോട്ടോയാണ് ഇക്കാര്യത്തെ കുറിച്ച് സൂചന നല്‍കിയത്. മത്സരങ്ങള്‍ ഈ വര്‍ഷം അവസാനത്തേക്ക് മാറ്റിവെച്ചേക്കുമെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. ജപ്പാന്‍ പാര്‍ലമെന്റിലെ ഒരു ചോദ്യത്തിന് മറുപടി നല്‍കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.