
സ്വന്തം ലേഖകൻ: കേരളത്തിൽ ഒരാള്‍ക്കുകൂടി കൊറോണ. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള രോഗിക്കാണ് കൊറോണ. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ഥിക്കാണ് വൈറസ് ബാധ. വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംസ്ഥാനത്തേയും രാജ്യത്തേയും മൂന്നാമത്തെ കൊറോണ കേസാണിത്. ആരോഗ്യമന്ത്രി നിയമസഭയിലാണ് മൂന്നാമത്തെയാളുടെ വിവരം നല്‍കിയത്.
സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച മൂന്നുപേരും സഹപാഠികളാണ്. മൂന്നുപേരും ഒരുമിച്ചാണ് ചൈനയില്‍ നിന്ന് തിരിച്ചെത്തിയത്. കൊറോണ വൈറസ് ബാധിച്ച് തൃശൂര്‍, ആലപ്പുഴ മെഡിക്കല്‍ കോളജുകളില്‍ കഴിയുന്ന വിദ്യാര്‍ഥികളുടെ നില മെച്ചപ്പെട്ടു. ആദ്യം രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥിനിയുടെ രണ്ടാമത്തെ പരിശോധനാഫലം ഇന്ന് ലഭിക്കും.
ആലപ്പുഴ മെഡിക്കല്‍ കോളജിലുള്ള വിദ്യാര്‍ഥിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവനാളുകളേയും കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. സര്‍ക്കാര്‍ ഇന്നലെ രാത്രി പുറത്തുവിട്ട കണക്കനുസരിച്ച് സംസ്ഥാനത്ത് ആകെ 1999 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 75 പേര്‍ ആശുപത്രികളിലാണ്. പരിശോധനക്കയച്ച സാംപിളുകളില്‍ 66 പേരുടെ ഫലം ലഭിക്കാനുണ്ട്. ആലപ്പുഴ വൈറോളജി ലാബില്‍ കോറോണ വൈറസ് പരിശോധന തുടങ്ങി. ഇതോടെ ഒരു ദിവസത്തിനുള്ളില്‍ തന്നെ ഫലം ലഭിക്കും.
മെഡിക്കൽ കോളേജുകൾ അടക്കം ആശുപത്രികളിൽ ഐസൊലേഷൻ വാര്‍ഡുകൾ ആരോഗ്യ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. ചൈനയിൽ നിന്ന് എത്തുന്നവരെ പ്രത്യേകിച്ചും രോഗ സാധ്യതയള്ളവരെ ആകെയും നിരീക്ഷിക്കാനും ബോവത്കരണ പരിപാടികൾ ഊര്‍ജ്ജിതമാക്കാനും ആരോഗ്യ വകുപ്പ് കര്‍മ്മ പദ്ധതി തന്നെ തയ്യാറാക്കിയിട്ടുണ്ട്,. ഇന്നലെ മാത്രം 12 പേരെയാണ് നിരീക്ഷണത്തിന്‍റെ ഭാഗമായി ആശുപത്രിയിലാക്കിയത്.
രോഗികളേയും രോഗ സാധ്യതയുള്ളവരെയും രോഗ സാധ്യതയുമായി അടുത്ത് ഇടപെട്ടവരേയും ഐസൊലേഷൻ വാര്‍ഡിലുള്ളവരെ പരിചരിക്കുകയും ഇവര്‍ക്കിടയിൽ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരേയും എല്ലാം കണക്കിലെടുത്ത് വലിയ ജാഗ്രതയും മുൻകരുതൽ നടപടികളുമാണ് ആരോഗ്യ വകുപ്പിന്‍റെ ഭാഗത്തു നിന്ന് കൈക്കൊള്ളുന്നത്.
കൊറോണ ബാധയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച മൂന്നുപേരെക്കൂടി അറസ്റ്റ് ചെയ്തു. മൂന്നുപേരെ നേരത്തേ പിടികൂടിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല