
സ്വന്തം ലേഖകൻ: കൊറോണ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ട് പേര്‍ ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം മറികടന്ന് സൗദിയിലേക്ക് പോയി. കോഴിക്കോട് സ്വദേശികളാണ് രണ്ട് ദിവസം മുമ്പ് വിദേശത്തേക്ക് പോയത്. ഇവരെ തിരികെ കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ചൈനയില്‍ നിന്ന് വന്നവരിലധികവും മെഡിക്കല്‍ വിദ്യാര്‍ഥികളായതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശം പാലിക്കാത്തത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നുണ്ട്. അതുകൊണ്ട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന മുഴുവന്‍ ആളുകളെയും രഹസ്യമായി നിരീക്ഷിക്കുകയാണ് ആരോഗ്യവകുപ്പ് ഇപ്പോള്‍. പ്രതിരോധ പ്രവര്‍ത്തനങ്ങളോട് സഹകരിക്കാത്തവരുമുണ്ട്.
കൊറോണ വെെറസ് ബാധ പൊട്ടിപ്പുറപ്പെട്ട ചെെനയിൽ നിന്നെത്തിയവർ നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് കർശന നിർദേശം നൽകിയിരുന്നു. ഇതു വകവയ്ക്കാതെയാണ് കോഴിക്കോട് സ്വദേശികളായ രണ്ടു പേർ സൗദി അറേബ്യയിലേക്കു പോയത്. ചെെനയിൽ നിന്നെത്തിയവർ 28 ദിവസത്തെ നിരീക്ഷണത്തിൽ തുടരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. കൊറോണ വെെറസ് ബാധയുടെ രോഗലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെങ്കിൽ പോലും നിരീക്ഷണം അത്യാവശ്യമാണെന്ന് ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വിദേശത്തേക്ക് പോയവരെ കണ്ടെത്തി നിരീക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി ഡിഎംഒ അറിയിച്ചു. വീടുകളില്‍ കഴിയുന്നവരുടെ നീക്കം മനസിലാക്കാന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുള്‍പ്പെടുന്ന സംഘത്തെ ചുമതലപ്പെടുത്താനും പ്രത്യേക കൗണ്‍സില്‍ തീരുമാനിച്ചു. ചൈനയില്‍ നിന്നെത്തിയ അറുപത് പേരാണ് കോഴിക്കോട് നഗരപരിധിയിലുള്ളത്. ഇവരില്‍ 58 പേരും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി അനുസരിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിൽ ആകെ 310 പേരാണ് നിരീക്ഷണത്തിലുള്ളത്. അതിൽ നാലുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, ചെെനയിൽ 360 പേരുടെ മരണത്തിനു ഇടയാക്കിയ കൊറോണ വെെറസ് ബാധയെ സംസ്ഥാന ദുരന്തമായി കഴിഞ്ഞദിവസം സർക്കാർ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി കാര്യങ്ങൾ ചർച്ച ചെയ്‌തെന്നും കൊറോണയെ സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിക്കുകയാണെന്നും ആരോഗ്യമന്ത്രി കെ.കെ.ശെെലജ കഴിഞ്ഞ ദിവസം പറഞ്ഞു. ആരും പേടിക്കേണ്ട സാഹചര്യമില്ലെന്നും കൂടുതൽ ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
മൂന്ന് ജില്ലകളിലാണ് കൊറോണ കേസുകൾ ഇതുവരെ കേരളത്തിൽ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊറോണ വെെറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. കൊറോണ ബാധിച്ച് ആരും മരിക്കാതിരിക്കാനാണ് ആരോഗ്യവകുപ്പ് ശ്രദ്ധിക്കുന്നതെന്ന് മന്ത്രി കെ.കെ.ശെെലജ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വിഭിന്നമായി ജാഗ്രതയോടെയാണ് കേരളത്തിൽ ആരോഗ്യവകുപ്പ് പ്രവർത്തിക്കുന്നതെന്നും കെ.കെ.ശെെലജ വ്യക്തമാക്കി.
ചെെനയിൽ നിന്നെത്തിയവർക്ക് കർശന നിർദേശങ്ങളാണ് മന്ത്രി നൽകിയത്. ചെെനയിൽ നിന്നു നാട്ടിലെത്തിയവർ നിർബന്ധമായും ആരോഗ്യവകുപ്പിനെ സമീപിക്കണം. അവർ നിരീക്ഷണത്തിലായിരിക്കണം. അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ചയുമില്ല. ചെെനയിൽ നിന്നെത്തിയവർ പൊതു പരിപാടികൾക്ക് യാതൊരു കാരണവശാലും പോകരുത്. കൊറോണ ബാധയുടെ ലക്ഷണങ്ങളൊന്നും കാണിച്ചില്ലെങ്കിലും ചിലപ്പോൾ വെെറസ് ശരീരത്തിൽ ഉണ്ടായെന്ന് വരാം. വേണ്ടത്ര നിരീക്ഷണങ്ങൾക്ക് ശേഷമേ അത് പറയാൻ സാധിക്കൂ. അതുകൊണ്ട് ചെെനയിൽ നിന്നെത്തിയവർ ജാഗ്രത പുലർത്തണമെന്നും മന്ത്രി കെ.കെ.ശെെലജ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല