1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 22, 2020

സ്വന്തം ലേഖകൻ: കൂടുതൽ കരുത്തു നേടിയ കൊറോണ വൈറസ് വകഭേദത്തിന്റെ വ്യാപനം രൂക്ഷമായതോടെ ബ്രിട്ടനിൽ ടിയർ 4 നിയന്ത്രണങ്ങളുടെ വിപുലീകരണം ആസന്നം. സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവടക്കം ഇത്തരമൊരു ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയോടെ ഇംഗ്ലണ്ടിന്റെ പുതുവർഷം സമ്പൂർണ ലോക്ക്ഡൌണിലാകാനുള്ള സാധ്യത വർധിച്ചു.

പുതിയ കൊവിഡ് വേരിയൻറ് ഇപ്പോൾ യുകെയിലുടനീളം വ്യാപിച്ചതായാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ, ഇംഗ്ലണ്ടിലെ കൂടുതൽ മേഖലകൾ ലണ്ടനും തെക്കുകിഴക്കൻ ഇംഗ്ലണ്ടിനുമൊപ്പം ടിയർ 4 ന് കീഴിലാകുമെന്നാണ് സൂചന. ഇത് സംബന്ധിച്ച് പ്രഖ്യാപനം ഡിസംബർ 30 ബുധനാഴ്ച ടിയർ സിസ്റ്റത്തിന്റെ അടുത്ത അവലോകനത്തിൽ ഉണ്ടായേക്കും.

ഫ്രാൻസ് ബ്രിട്ടനുമായുള്ള അതിർത്തി 48 മണിക്കൂർ അടച്ചതിനെ തുടർന്ന് ആയിരക്കണക്കിനു ട്രക്കുകൾ വഴിയിൽ കുടുങ്ങി. ചരക്കുനീക്കം നിലച്ചതുമൂലം ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാനുള്ള നടപടികൾക്കായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ അടിയന്തരയോഗം വിളിച്ചു. കൊവിഡ് പരിശോധനയ്ക്കു പുതിയ മാനദണ്ഡങ്ങൾ തീരുമാനിച്ചശേഷം നാളെ രാവിലെ അതിർത്തി തുറക്കുമെന്നു ഫ്രാൻസ് അറിയിച്ചിട്ടുണ്ട്.

യുകെയിൽ കണ്ടെത്തിയ വൈറസിന്റെ പുതിയ ഇനത്തിനെതിരെയും ഫൈസർ വാക്സീൻ ഫലപ്രദമാണെന്ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസി പറഞ്ഞു. വിവിധ യൂറോപ്യൻ രാജ്യങ്ങൾ 27 മുതൽ വാക്സിനേഷൻ ആരംഭിക്കും.

നിരവധി അതിവ്യാപന ശേഷിയുള്ള കൊറോണ വൈറസുകളെ മഹാമാരിയുടെ വിവിധ ഘട്ടങ്ങളിൽ ക​ണ്ടെത്തുകയും പ്രതിരോധിക്കുകയും ചെയ്​തതായി ഡബ്ല്യു.എച്ച്​.ഒ ഉന്നത ഉദ്യോഗസ്​ഥൻ മൈക്കൽ റയാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘നിലവിലെ അവസ്​ഥയും നിയന്ത്രണാതീതമല്ല. എന്നാൽ, ഇതിനെ പ്രതിരോധിക്കാൻ ശക്​തമായ മുൻകരുതലോടെ നടപടി എടുക്കേണ്ടതുണ്ട്​. നിലവിൽ ചെയ്യുന്ന കാര്യങ്ങൾ ​തന്നെയാണ്​ വേണ്ടത്​. അത്​ കുറച്ചുകൂടി തീവ്രതയോടെ ഇനി ചെയ്യേണ്ടിവരും. ഈ വൈറസിനെ നിയന്ത്രണത്തിലാക്കാൻ‌ കഴിയുമെന്ന് ഉറപ്പുണ്ടെന്നും മൈക്കൽ റയാൻ പറഞ്ഞു.

നേരത്തെ ബ്രിട്ടീഷ്​ ഹെൽത്ത്​ സെക്രട്ടറി മാറ്റ്​ ഹാൻ​േകാക്ക്​ പുതിയ ​ൈവറസ്​ നിയന്ത്രണാതീതമാണെന്ന്​ പറഞ്ഞിരുന്നു. 70 ശതമാനം അധികമാണ്​ പുതിയ വൈറസ്​ വകഭേദത്തിന്‍റെ പകരാനുള്ള ശേഷി. ബ്രിട്ടനിൽ നിരവധി പേർക്കാണ്​ ഈ ​ൈവറസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്​. ഇതിനെ തുടർന്നായിരുന്നു ബ്രിട്ടീഷ്​ ഹെൽത്ത്​ സെക്രട്ടറിയുടെ പ്രസ്​താവന.

ബ്രിട്ടനിൽ പുതിയ കൊവിഡ്​ വകഭേദം കണ്ടെത്തിയതോടെ നിരവധി രാജ്യങ്ങൾ ബ്രിട്ടനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്​. കൂടാതെ ബ്രിട്ടനിൽ ലോക്​ഡൗൺ വീണ്ടും ഏർപ്പെടുത്തുകയും ചെയ്​തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.