1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2020

സ്വന്തം ലേഖകൻ: ചൈനയിലെ വുഹാനിൽ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന(ഡബ്ല്യൂഎച്ച്ഒ) ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വ്യാഴാഴ്ച മാത്രം ഒരു ഡസനിലധികം രാജ്യങ്ങളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന നടപടി കൈക്കൊണ്ടത്.

മറ്റ് രാജ്യങ്ങളെ കൂടി ബാധിക്കുന്ന അസാധാരണ സംഭവങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. നേരത്തേ എബോള വൈറസ് പടർന്നു പിടിച്ച സാഹചര്യത്തിലായിരുന്നു ഇത്. ചൈനയ്ക്കു പുറത്തേയ്ക്കും വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടഡ്രോസ് അദാനം ഗബ്രിയേസസ് ജനീവയില്‍ പറഞ്ഞു.

ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ കൊറോണ വൈറസിനെതിരെ ലോകം കനത്ത ജാഗ്രതയിലാണ്. ഇതോടെ യു.എന്നിനുകീഴിലുള്ള ലോകാരോഗ്യ സംഘടന അനുശാസിക്കുന്ന സുരക്ഷാ മുന്‍കരുതലുകള്‍ അംഗരാജ്യങ്ങള്‍ സ്വീകരിക്കേണ്ടിവരും. രോഗനിര്‍ണയം, മുന്‍കരുതല്‍ നടപടികള്‍, ചികില്‍സാസൗകര്യം എന്നിവയ്ക്കായി വ്യക്തമായ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും അവികസിത രാജ്യങ്ങള്‍ക്ക് സാധ്യമായ പിന്തുണ നല്‍കാന്‍ ലോകബാങ്ക് ഉള്‍പ്പെടെയുള്ള ഏജന്‍സികളും സമ്പന്ന രാജ്യങ്ങളും തയ്യാറാകണമെന്നും ലോകാരോഗ്യ സംഘടന അഭ്യര്‍ത്ഥിച്ചു.

അതേസമയം, ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 213 ആയി ഉയര്‍ന്നു. 9171 പേര്‍ക്കാണ് ലോകത്താകെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയിലെ 31 പ്രവിശ്യകള്‍ കൊറോണ ബാധിത മേഖലയായി പ്രഖ്യാപിച്ചു. ഗൂഗിള്‍ അടക്കമുള്ള കമ്പനികള്‍ ചൈനയിലെ ഓഫിസുകള്‍ പൂട്ടി.

ചൈനയൊഴികെയുള്ള രാജ്യങ്ങളില്‍ ഇതു വരെ കൊറോണ മൂലം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജര്‍മ്മനി, ജപ്പാന്‍, തായ്‌ലാന്‍ഡ്, ദക്ഷിണകൊറിയ, ആസ്ത്രേലിയ, വിയറ്റ്‌നാം, സിങ്കപ്പൂര്‍, ഹോങ്കോങ്, ഫിലിപ്പീന്‍സ്, യു.എസ്, എന്നീ രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ലോകത്താകമാനമായി 9700 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ ബഹുഭൂരിപക്ഷവും ചൈനയിലാണ്. ചൈനയ്ക്ക്‌ പുറത്ത് 20 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി സ്ഥിരീകരിച്ചത് ഇന്ത്യയിലും ഫിലിപ്പിന്‍സിലുമാണ്. ലോക ആരോഗ്യ സംഘടന രോഗം ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി. ചൈനയിലെ വുഹാനില്‍ നിന്ന് മടങ്ങി എത്തിയ മലയാളി വിദ്യാര്‍ഥിനിക്കാണ് ഇന്ത്യയില്‍ കഴിഞ്ഞ ദിവസം രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ തുടരുന്ന വിദ്യാര്‍ഥിനിയുടെ നില ഗുരുതരമല്ല.

രണ്ട് പേര്‍ക്കാണ് ബ്രിട്ടനില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ദക്ഷിണ കൊറിയയില്‍ നാല് പേരിലും രോഗം കണ്ടെത്തി. ചൈനയില്‍ രോഗബാധിതരുടെ എണ്ണം 9809 ആയി. ഇതില്‍ 1527 പേര്‍ ഗുരുതരാവസ്ഥയിലാണ്. പത്ത് ലക്ഷത്തിലധികം ആളുകള്‍ ചൈനയില്‍ മാത്രം നിരീക്ഷണത്തില്‍ കഴിയുന്നു.

ചൈനയിലുള്ള പൌരന്മാരെ തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് വിവിധ രാജ്യങ്ങള്‍. അതേസമയം ആഗോള ആരോഗ്യ അടിന്തരാവസ്ഥ കൂടി പ്രഖ്യാപിച്ചതോടെ രാഷ്ട്രങ്ങള്‍ നടപടികള്‍ ശക്തമാക്കി. ഇറ്റലിയില്‍ സര്‍ക്കാര്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ്. ചൈനയില്‍‌ നിന്ന് വരുന്നവര്‍ക്ക് സിംഗപ്പൂരും കുവൈത്തും പ്രവേശനം വിലക്കി. ചൈനയിലേക്ക് പോകരുതെന്ന് ഒമാനും പൌരന്മാരോട് നിര്‍ദേശിച്ചു.

എല്ലാ തുറമുഖങ്ങളും അടക്കാന്‍ മംഗോളിയയും തീരുമാനിച്ചു. എല്ലാ രാജ്യങ്ങളും പരമാവധി വിഭവങ്ങൾ സമാഹരിച്ച് കൊറോണ പ്രതിരോധ നടപടികൾ ശക്തമാക്കണമെന്ന് ലോകാരോഗ്യ സംഘടന രാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.