സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് പുതുക്കല്‍ ഫീസ് കുത്തനെ ഉയര്‍ത്താന്‍ യുകെ സര്‍ക്കാര്‍; കുട്ടികളുടെ പാസ്‌പോര്‍ട്ട് പുതുക്കല്‍ നിരക്കിലും വര്‍ധന. മാര്‍ച്ച് 27 മുതല്‍ പ്രായപൂര്‍ത്തിയായവര്‍ക്കുള്ള പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള ചാര്‍ജ് 85 പൗണ്ടായി ഉയര്‍ത്തും. നിലവിലെ നിരക്ക് 72.50 പൗണ്ടാണ്. അതായത് 12.50 പൗണ്ട് വര്‍ധനവ്!. കുട്ടികളുടെ പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള നിലവിലെ നിരക്കായ 46 പൗണ്ടില്‍ നിന്നും 58.50 പൗണ്ടായും വര്‍ധിപ്പിക്കും.
കൂടാതെ പാസ്‌പോര്‍ട്ടിന് തപാലിലൂടെ അപേക്ഷ നല്‍കുമ്പോള്‍ ഓണ്‍ലൈനിലൂടെ നല്‍കുന്നതിനേക്കാള്‍ ചാര്‍ജ് നല്‍കേണ്ടി വരുന്നതില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍ തപാലിലൂടെയുള്ള അപേക്ഷകളുടെ പ്രൊസസിംഗിന് ചെലവേറുന്നതാണ് ഇതിന് കാരണമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ വിശദീകരണം.
പുതിയ പരിഷ്‌കാരമനുസരിച്ച് ഓണ്‍ലൈന്‍ അപേക്ഷാ ഫീസ് 75.50 പൗണ്ടായാണ് പെരുകിയിരിക്കുന്നത്. മൂന്ന് പൗണ്ടാണീ വര്‍ധനവ്. കുട്ടികള്‍ക്കുള്ള പാസ്‌പോര്‍ട്ടിന് ഓണ്‍ലൈനിലൂടെ അപേക്ഷിക്കുമ്പോള്‍ 49 പൗണ്ടേ വേണ്ടി വരുന്നുള്ളൂ. ഫാസ്റ്റ് ട്രാക്ക് സര്‍വീസിലൂടെ മുതിര്‍ന്നവരുടെ പാസ്‌പോര്‍ട്ടിന് അപ്ലിക്കേന്‍ നല്‍കുമ്പോള്‍ അടക്കേണ്ടുന്ന ഫീസായ 103 പൗണ്ട് 142 പൗണ്ടായി ഉയര്‍ത്തുന്നുണ്ട്.
ഇതിന് പുറമെ പ്രീമിയം സര്‍വീസിലൂടെ അപേക്ഷിക്കുമ്പോള്‍ വേണ്ടി വരുന്ന ചെലവ് 128 പൗണ്ടില്‍ നിന്നും 177 പൗണ്ടായാണ് ഉയര്‍ത്തുന്നത്. പുതിയ നിര്‍ദേശങ്ങള്‍ക്ക് പാര്‍ലിമെന്റിന്റെ അംഗീകാരം ലഭിച്ചാല്‍ രണ്ട് പ്രായപൂര്‍ത്തിയായവരും രണ്ട് കുട്ടികളും അടങ്ങുന്ന നാലംഗ കുടുംബത്തിന് തപാല്‍ വഴി പാസ്‌പോര്‍ട്ട് അപേക്ഷ നല്‍കുന്നതിന് 287 പൗണ്ട് ചെലവാക്കേണ്ടി വരുമെന്ന് സാരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല