1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2017

സ്വന്തം ലേഖകന്‍: ബലാത്സംഗ കേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരന്‍, പഞ്ചാബിലും ഹരിയാനയിലും ഡല്‍ഹിയിലും ആക്രമം അഴിച്ചുവിട്ട് അനുയായികള്‍, 32 ഓളം പേര്‍ കൊല്ലപ്പെട്ടു. 15 വര്‍ഷം മുമ്പുള്ള ബലാത്സംഗ കേസിലാണ് ഗുര്‍മീത് കുറ്റക്കാരനാണെന്ന് പഞ്ച്കുളയിലെ പ്രത്യേക സി.ബി.ഐ. കോടതി കണ്ടെത്തിയിട്ടുള്ളത്. ശിക്ഷ 28 ന് പ്രഖ്യാപിക്കും. കോടതി വിധി പുറത്തു വന്നതിനു തൊട്ടുപിന്നാലെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.

ഗുര്‍മീതിന്റെ പത്ത് ലക്ഷത്തോളം അനുയായികള്‍ പഞ്ച്കുളയില്‍ എത്തിയ സാഹചര്യത്തില്‍ അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് കോടതി പരിസരത്ത് ഏര്‍പ്പെടുത്തിയിരുന്നത്. 20 ലക്ഷത്തോളം അനുയായികള്‍ ഇനിയും എത്തുമെന്ന് ദേരാ സച്ചാ സൗദ വ്യക്തമാക്കിയതോടെ ഗുര്‍മീത് പ്രതിയായ കേസിലെ വിധി പ്രസ്താവം ദേശീയശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

2002 ല്‍ സിര്‍സയിലെ ദേരാ ആശ്രമത്തില്‍വെച്ച് വനിതാ അനുയായിയെ ഒന്നിലേറെത്തവണ ഗുര്‍മീത് ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. 2007 മുതല്‍ ഗുര്‍മീതിനെതിരായ കോടതി നടപടികള്‍ തുടരുകയാണ്. എ.ബി. വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പഞ്ചാബ് ആന്‍ഡ് ഹരിയാണ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ലഭിച്ച ഊമക്കത്തിലൂടെയാണ് വിവരം പുറത്തറിഞ്ഞത്.പല വനിതാ അന്തേവാസികളെയും ഗുര്‍മീത് റാം റഹിം ബലാത്സംഗത്തിന് ഇരയാക്കിയിട്ടുണ്ടെന്നായിരുന്നു കത്തിലെ ആരോപണം.

ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് കോടതി വിധി വന്നതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ മരിച്ചവരുടെ എണ്ണം 28 ആയി. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ക്കു പുറമെ രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലേയ്ക്കും അക്രമം വ്യാപിക്കുകയാണ്. സംഘര്‍ഷം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും, ഉത്തര്‍പ്രദേശിലും അതീവ ജാഗ്രത നിര്‍ദേശം നല്‍കി. റെയില്‍വേ സ്‌റ്റേഷനുകള്‍ക്കും പോലീസ് സ്‌റ്റേഷനുകള്‍ക്കും അക്രമികള്‍ തീവച്ചു.

മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചാണ് കലാപം തുടങ്ങിയത്. ദേശീയ ചാനലുകളുടെ മൂന്ന് ഓബി വാനുകള്‍ (തത്സമയ ദൃശ്യങ്ങള്‍ നല്‍കുന്ന വാഹനം) അഗ്‌നിനിക്കരയാക്കി. ഇതു കൂടാതെ നൂറുകണക്കിന് വാഹനങ്ങള്‍ക്കും തീയിട്ടു. ഡല്‍ഹി അതിര്‍ത്തിയായ ലോനിയില്‍ അക്രമികള്‍ ബസിനു തീയിട്ടു. മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചവര്‍ക്കെതിരെ പോലീസ് വെടിവെച്ചു. ഡല്‍ഹിയില്‍ ഏഴ് സ്ഥലങ്ങളില്‍ അക്രമം നടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹിയിലെ ആനന്ദ് വിഹാറില്‍ ട്രെയിന്‍ കോച്ചുകള്‍ റാം റഹീം അനുയായികള്‍ തീവച്ചു നശിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. മംഗല്‍പൂരിലടക്കം നിരവധി മേഖലകളില്‍ ജനക്കൂട്ടം ആക്രമണം അഴിച്ചു വിടുകയാണ്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വിദേശ സന്ദര്‍ശനം വെട്ടിച്ചുരുക്കി. അക്രമം മുന്നില്‍ കണ്ട് ഇന്റര്‍നെറ്റ് കണക്ഷന് ഹരിയാന സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

പലയിടത്തും വൈദ്യുതി ബന്ധവും വിച്ഛേദിച്ച അവസ്ഥയിലാണ്. ആളുകള്‍ ഒന്നും വീടിന് പുറത്തിറങ്ങിയിട്ടില്ല. സര്‍ക്കാര്‍ ബസുകളൊന്നും സര്‍വീസ് നടത്തുന്നില്ല. സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ സൈന്യം ഫ്‌ളാഗ് മാര്‍ച്ച് നടത്തി. ബലാത്സംഗക്കേസിന് പുറമെ ദേരാ അനുയായി രജ്ഞിത് സിങ്, മാധ്യമ പ്രവര്‍ത്തകനായ റാം ചന്ദര്‍ ഛത്രപധി എന്നിവര്‍ കൊല്ലപ്പെട്ട കേസുകളിലും ഗുര്‍മീത് വിചാരണ നേരിടുന്നുണ്ട്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.