
സ്വന്തം ലേഖകൻ: ഇന്ത്യയുടെ തദ്ദേശീയ വാക്‌സിനായ
കോവാക്സിൻ സ്വീകരിച്ചവർക്ക് വിദേശയാത്ര തടസ്സപ്പെട്ടേക്കുമെന്നു ആശങ്കകൾ. എന്നാൽ ഇത് അടിസ്ഥാന രഹിതമാണെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. കോവാക്‌സിൻ കുത്തിവെച്ചവർക്ക് യാത്രാ വിലക്കേർപ്പെടുത്താൻ ലോകാരോഗ്യസംഘടന നിർദേശിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ ചൂണ്ടിക്കാട്ടി.
ഒമ്പതുരാജ്യങ്ങൾമാത്രമാണ് കോവാക്സിന് അംഗീകാരം നൽകിയിട്ടുള്ളത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരത്തിലൊരു ആശങ്ക ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. കൂടാതെ, ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച അടിയന്തരോപയോഗത്തിനുള്ള വാക്സിനുകളുടെ പട്ടികയിലും കോവാക്സിൻ ഇടം നേടിയിട്ടില്ല.
എന്നാൽ, പുതിയ വൈറസ് വകഭേദങ്ങളിൽനിന്ന് സംരക്ഷണമൊരുക്കാനും കോവാക്സിനു കഴിയുമെന്ന് ക്ലിനിക്കൽ ഇൻഫെക്റ്റിയസ് ഡിസീസസിന്റെ പഠനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതെ സമയം, സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് എടുത്തവർക്ക് 130 രാജ്യങ്ങൾ പ്രവേശനാനുമതി നൽകിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല