1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 27, 2021

സ്വന്തം ലേഖകൻ: ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്സിനായ കൊവാക്സിന് അംഗീകാരത്തിനായി കൂടുതൽ വ്യക്തത തേടി ലോകാരോഗ്യ സംഘടന. വാക്സിൻ അംഗീകാരവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഡബ്ല്യു.എച്ച്.ഒയുടെ യോഗം ചേർന്നിരുന്നു. ഇതിനുശേഷമാണ് കൊവാക്സിൻ അംഗീകാരത്തിനായി കൂടുതൽ വ്യക്തത വേണമെന്ന് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കിയത്. വാക്സിന് എത്രത്തോളം പ്രതിരോധശേഷിയുണ്ട് എന്ന കാര്യത്തില്‍ വ്യക്തത വേണമെന്നാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടത്.

“സാങ്കേതിക ഉപദേശക സംഘം 26 ഒക്ടോബർ 2021ന് യോഗം ചേർന്നു, വാക്സിൻ ആഗോള ഉപയോഗത്തിനായി അന്തിമ EUL റിസ്ക്-ബെനിഫിറ്റ് വിലയിരുത്തൽ നടത്താൻ വാക്‌സിൻ നിർമ്മാതാക്കളിൽ നിന്ന് കൂടുതൽ വ്യക്തത ആവശ്യമാണെന്ന് തീരുമാനിച്ചു,” കൊവാക്സിന്‍റെ അടിയന്തര ഉപയോഗ ലിസ്റ്റിംഗിനെക്കുറിച്ചുള്ള തീരുമാനത്തെക്കുറിച്ച്‌ വാർത്താ ഏജൻസി പി.ടി.ഐയുടെ ചോദ്യത്തിന് ഒരു ഇമെയിൽ മറുപടിയിൽ ലോകാരോഗ്യ സംഘടന പറഞ്ഞു. നവംബർ 3ന് ലോകാരോഗ്യ സംഘടന വീണ്ടും യോഗം ചേരും.

“ഈ ആഴ്‌ച അവസാനത്തോടെ വാക്‌സിൻ നിർമ്മാതാക്കളിൽ നിന്ന് ഈ വിശദീകരണങ്ങൾ ലഭിക്കുമെന്ന് സാങ്കേതിക ഉപദേശക സംഘം പ്രതീക്ഷിക്കുന്നു, കൂടാതെ നവംബർ 3 ബുധനാഴ്ച അന്തിമ റിസ്ക്-ബെനിഫിറ്റ് വിലയിരുത്തലിനായി വീണ്ടും യോഗം ചേരും,” ലോകാരോഗ്യ സംഘടന അറിയിച്ചു.

ഏപ്രില്‍ 19നാണ് അനുമതി തേടി ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയെ സമീപിക്കുന്നത്. അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ കൊവാക്സിന് അനുമതി ലഭിച്ചിട്ടില്ല. മൂന്നാംഘട്ട പരീക്ഷണത്തില്‍ കോവാക്‌സിന്‍ 77.8 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയെന്നാണ് ഭാരത് ബയോടെക് അവകാശപ്പെട്ടിരുന്നത്.

ഭാരത് ബയോടെകും ഐ.സി.എം.ആറും (ICMR) ചേര്‍ന്നാണ് കോവാക്‌സിന്‍ നിര്‍മ്മിക്കുന്നത്. നിലവില്‍ കൊവാക്‌സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതിയുണ്ട്.ഡബ്ല്യൂ.എച്ച്.ഒ അംഗീകാരം ലഭിക്കാത്തതിനാൽ കൊവാക്‌സിൻ സ്വീകരിച്ചവർക്ക് വിദേശ യാത്രക്ക് അനുമതിയുണ്ടായിരുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.