1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2021

സ്വന്തം ലേഖകൻ: കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഒന്നര വര്‍ഷത്തിനിടെ കേരളത്തിലേക്ക് മടങ്ങിയത് 15 ലക്ഷം പ്രവാസികളെന്ന് കണക്കുകള്‍. സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലെന്ന് വിശേഷിപ്പിച്ചിരുന്ന പ്രവാസിസമൂഹത്തിലെ വലിയൊരു ശതമാനം പേരും തൊഴില്‍ നഷ്ടമായാണ് മടങ്ങിയിട്ടുള്ളതെന്നത് സാഹചര്യത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നതാണ്. 10 ലക്ഷത്തോളം പേരാണ് ജോലിനഷ്ടമായവരുടെ പട്ടികയിലുള്‍പ്പെടുന്നത്.

ജൂണ്‍ 18-ന് സര്‍ക്കാര്‍ പുറത്തിറക്കിയ കണക്കുകള്‍ പ്രകാരമാണിത്. ഇവരില്‍ എത്രപേര്‍ക്ക് തിരിച്ചുപോകാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം (എ.എ.ഐ) കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി മെയ് 2020 മുതലുള്ള 12 മാസക്കാലം പുറത്തേക്ക് പോയിട്ടുള്ളത് 27 ലക്ഷം ആളുകളാണ്.

നോര്‍ക്കയുടെ കണക്കുകള്‍ പ്രകാരം 14,63,176 ആളുകളാണ് ഇക്കാലയളവില്‍ നാട്ടിലേക്ക് മടങ്ങിയിട്ടുള്ളത്. ഇതില്‍ 10,45,288 ആളുകള്‍ക്ക് ജോലി നഷ്ടമായിട്ടുണ്ട്. ഇതുവരെ നാട്ടിലേക്ക് മടങ്ങിയവരുടെ എണ്ണത്തിന്റെ 70 ശതമാനത്തോളം വരുമിത്. 2.90 ലക്ഷം പേര്‍ വിസ കാലാവധി കഴിഞ്ഞതടക്കമുള്ള കാരണങ്ങളാല്‍ മടക്കയാത്ര നടത്താനാവാത്തവരാണ്. കുട്ടികളും മുതിര്‍ന്നവരും ഗര്‍ഭിണികളുമടങ്ങുന്ന സമൂഹവും ഇതിലുള്‍പ്പെടും.

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസിസമൂഹമയക്കുന്ന പണമാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്തിയിരുന്നത്. കേരളത്തില്‍നിന്നുള്ള 20 ലക്ഷത്തോളം പേര്‍ ഈ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നവരാണ്. അതുകൊണ്ടുതന്നെ മടങ്ങിയെത്തിയ പ്രവാസികളുടെ എണ്ണത്തിലെ ഈ ഞെട്ടിക്കുന്ന കണക്കുകള്‍ വരുംനാളുകളില്‍ സംസ്ഥാന സാമ്പത്തികരംഗങ്ങളിലുണ്ടാക്കുന്ന ചലനങ്ങള്‍ ചെറുതായിരിക്കില്ല.

യുഎഇ, ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മടങ്ങിയെത്തിയവരില്‍ 96 ശതമാനവും. ഇതില്‍ യുഎഇയില്‍ നിന്നുമാത്രമെത്തിയത് 8.67 ലക്ഷമാളുകളാണ്. ഇവയ്ക്ക് പുറമെയുള്ള രാജ്യങ്ങളില്‍ നിന്നെത്തിയത് 55,960 പേര്‍ മാത്രമാണ്. സാധാരണക്കാരായ ആളുകള്‍ കൂടുതലായി ജോലിചെയ്യുന്ന ഗള്‍ഫുരാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍പ്പേര്‍ എത്തിയിരിക്കുന്നത്. മടക്കയാത്രയ്ക്ക് വിമാന സര്‍വീസുകള്‍ അനിശ്ചിതമായി നീളുന്നതും പലര്‍ക്കും വലിയ ബുദ്ധിമുട്ടുകളുണ്ടാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.