
സ്വന്തം ലേഖകൻ: യുഎസിലെ ലറിഡൊ 1–35 ചെക്ക് പോയിന്റിൽ ഒരു വാനിനുള്ളിലെ കാർഡ് ബോർഡ് പെട്ടിക്കുള്ളിൽ 13 മനുഷ്യരെ അടച്ചു ടേപ്പു കൊണ്ടു സീൽ ചെയ്ത നിലയിൽ പിടികൂടി. ബോർഡർ പെട്രോൾ ഏജന്റുമാരുടെ ചോദ്യത്തിന് വാൻ ഡ്രൈവർ മറുപടി നൽകിയത് 13 പെട്ടികളും ഡ്രൈവറെ സഹായിക്കുന്നതിന് ഒരാളും മാത്രമാണ് വാനിൽ ഉള്ളതെന്നാണ്.
അനധികൃത കുടിയേറ്റക്കാരായ 13 പേരും ആരോഗ്യവാന്മാരായി കണ്ടെത്തിയതിനാൽ ആരെയും ആശുപത്രിയിലേക്ക് മാറ്റാതെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡ്രൈവറേയും സഹായിയേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇത്തരത്തിൽ കാർഡ് ബോർഡ് പെട്ടിക്കുള്ളിൽ സീൽ ചെയ്ത മനുഷ്യകടത്തു നടത്തുക എന്നത് അപൂർവ്വമാണെന്ന് ലറിഡൊ സെക്ട്ടർ ചീഫ് പെട്രോൾ ഏജന്റ് മാത്യു ജെം ഹഡക്ക് പറഞ്ഞു.
മനുഷ്യക്കടത്തു തടയുന്നതിനുള്ള സർവ്വ മുൻ കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൊവിഡ് 19 മഹാമാരിയിൽ ഇത്തരം മനുഷ്യക്കടത്തു സമൂഹത്തിൽ രോഗവ്യാപനത്തിനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് കാലത്തും ജർമനിയിലേക്ക് മനുഷ്യകടത്ത് സജീവമെന്നു സൂചന. കഴിഞ്ഞ ദിവസം ബയേൺ അതിർത്തിയിലാണ് ഈ മനുഷ്യക്കടത്ത് ജർമൻ അതിർത്തി പൊലീസ് പിടികൂടിയത്. ഓസ്ട്രിയയിൽ നിന്നെത്തിയ ഒരു ഫോക്സ്‌വാഗൻ തടഞ്ഞ് നടത്തിയ പരിശോധനയിൽ ഡ്രൈവർ ഉൾപ്പടെ 11 പേർ കാറിൽ കാണപ്പെട്ടു.
ജർമൻ റെജിസ്ട്രേഷനുള്ള ഈ കാർ ഓടിച്ചിരുന്നത് ഇരുപതുകാരനായ അഫ്ഗാൻ യുവാവായിരുന്നു. പരിശോധനയിൽ ജർമൻ ഡ്രൈവിംഗ് ലൈസൻസും പൊലീസ് കണ്ടെത്തി .10 പേരെയാണ് ഇയാൾ ജർമനിയിലേക്ക് കടത്താൻ ശ്രമിച്ചത്.കാറിന്റെ ഡിക്കിയിലും മറ്റും കുട്ടികളെ ഒളിപ്പിച്ചായിരുന്നു അഫ്ഗാന്റെ വരവ്.
ഇവരിൽ ഒരു വയസ്സുള്ള മൂന്ന് കുട്ടികൾ, ആറ്, എട്ട്, പതിനാറ് എന്നീ പ്രായത്തിലുള്ള മറ്റു കുട്ടികളും ഉണ്ടായിരുന്നു. മുതിർന്നവർ കാറിനുള്ളിലും, എല്ലാവരും അഫ്ഗാൻ സ്വദേശികൾ, ലക്ഷ്യം ജർമനിയിൽ അഭയാർഥികളാകുക.
അതിർത്തിയിൽ പിടിക്കപ്പെട്ടവരെ ഉടനടി ജർമൻ പൊലീസ് ഓസ്ട്രിയൻ പൊലീസിന് കൈമാറി. മനുഷ്യടത്ത് നടത്തിയ ഇരുപതുകാരനെ ജർമൻ പൊലീസ് കൂടുതൽ അന്വേഷണങ്ങൾക്കായി കസ്റ്റഡിയിൽ എടുത്തതായാണ് റിപ്പോർട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല