
സ്വന്തം ലേഖകൻ: എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി ദേശീയ ഡിജിറ്റല്‍ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു. എല്ലാവര്‍ക്കും തിരിച്ചറിയില്‍ കാര്‍ഡ് നല്‍കുമെന്നും വ്യക്തിഗത ആരോഗ്യവിവര ശേഖരണമടക്കം പദ്ധതിയുടെ ഭാഗമാകുമെന്നും ഡോക്ടറുടെ സേവനം ഡിജിറ്റലായി ഉറപ്പാക്കാനും പദ്ധതി സഹായകരമാകുമെന്നും മോദി പറഞ്ഞു.
രാജ്യം നേരിടുന്ന കൊവിഡ് മഹാമാരിക്കെതിരെ പോരാടുന്ന എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആദരം അര്‍പ്പിക്കുന്നതായി പറഞ്ഞ മോദി കൊവിഡ് വാക്‌സിനുള്ള ശ്രമം തുടരുകയാണെന്നും പ്രതിരോധ മരുന്ന് എത്രയും വേഗം തയ്യാറാകുമെന്നും പറഞ്ഞു. മൂന്ന് മരുന്നുകളുടെ പരീക്ഷണം തുടരുകയാണ്. രാജ്യത്തെ ഓരോ പൗരനും കൊവിഡ് വാക്‌സിന്‍ എത്തിക്കുമെന്നും മോദി പറഞ്ഞു.
130 കോടി ഇന്ത്യക്കാരുടെ മന്ത്രമായി ആത്മനിര്‍ഭര്‍ ഭാരത് മാറിയെന്നും കൊവിഡ് മഹാമാരിയുടെ ഈ കാലത്ത് ഇന്ത്യയിലുള്ള ഓരോ പൗരനും സ്വാശ്രയത്വത്തിനുള്ള ദൃഢ നിശ്ചയം സ്വീകരിച്ചെന്നും മോദി പറഞ്ഞു.
ലോകം ഇന്ത്യയെ ആശ്രയിക്കുന്ന കാലം വിദൂരമല്ല. മേക്ക് ഇന്‍ ഇന്ത്യ എന്നതിനൊപ്പം മേക്ക് ഫോര്‍ വേള്‍ഡും നമ്മള്‍ ലക്ഷ്യമിടണം. ഉത്പ്പാദന രംഗത്ത് കാതലായ മാറ്റങ്ങള്‍ വരണം. ലോകത്തിന് വേണ്ടി ഇന്ത്യ ഉത്പ്പന്നങ്ങള്‍ നിര്‍മിക്കണം. ഇവിടെയുള്ള അസംസ്‌കൃത വസ്തുക്കള്‍ കയറ്റി അയച്ച് ഉത്പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യേണ്ട ആവശ്യമില്ല. തദ്ദേശീയ ഉത്പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് 110 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കും. 7000 പദ്ധതികള്‍ ഇതിന് കീഴില്‍ കണ്ടെത്തി. വിവിധ അടിസ്ഥാനസൗകര്യങ്ങള്‍ സംയോജിക്കും. 2 കോടി വീടുകളില്‍ ഒരു വര്‍ഷത്തില്‍ കുടിവെള്ളം എത്തിച്ചു. സൈബര്‍ സുരക്ഷാ നയം നടപ്പാക്കും. 6 ലക്ഷം ഗ്രാമങ്ങളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ എത്തിക്കും. 1000 ദിവസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കും.
പ്രകൃതി സംരക്ഷണത്തിന് പദ്ധതി നടപ്പിലാക്കും. പ്രോജക്ട് ടൈഗര്‍ പോലെ പ്രോജക്ട് ലയണ്‍ എന്ന പേരില്‍ സിംഹ സംരക്ഷണ പദ്ധതി നടപ്പിലാക്കും. ഇതോടൊപ്പം ഡോള്‍ഫിന്‍ സംരക്ഷണ പദ്ധതിയും നടപ്പാക്കും. പ്രകൃതി ദുരന്തങ്ങള്‍ക്കിടയിലും രാജ്യം ആത്മവിശ്വാസത്തോടെ മുന്നോട്ടു പോയി. പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയായവര്‍ക്ക് അര്‍ഹമായ സഹായം ലഭിക്കുമെന്നും മോദി പറഞ്ഞു.
വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരമര്‍പ്പിക്കുന്നു. ഭീകരവാദവും വെട്ടിപ്പിടിക്കല്‍ നയവും ഒരേ പോലെ നേരിടും. അതിര്‍ത്തിയിലെ പ്രകോപനത്തിന് അതേ നാണയത്തില്‍ ഇന്ത്യ മറുപടി നല്‍കിയിട്ടുണ്ട്. ലഡാക്കില്‍ ഇന്ത്യയുടെ ശക്തി ലോകം കണ്ടതാണെന്നും അതിര്‍ത്തി കടന്നുള്ള ആക്രമണം അനുവദിക്കില്ലെന്നും മോദി പറഞ്ഞു.
ജനങ്ങളെ ഡിജിറ്റലായി ബന്ധിപ്പിക്കുന്നതിനും രാജ്യത്തിന്റെ വികസനത്തിനും സാങ്കേതികവിദ്യ ഒരു പ്രധാന പങ്കുവഹിക്കുമെന്നും വരുന്ന 1000 ദിവസത്തിനുള്ളില്‍ ഏകദേശം ആറ് ലക്ഷത്തോളം ഗ്രാമങ്ങളെ ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2014 ന് മുമ്പ് വെറും അഞ്ച് ഡസന്‍ പഞ്ചായത്തുകളില്‍ മാത്രമാണ് ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്ഷന്‍ ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഒന്നര ലക്ഷം പഞ്ചായത്തുകളെ ഒപ്റ്റിക്കല്‍ ഫൈബറില്‍ ബന്ധിപ്പിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. വരുന്ന 1000 ദിവസത്തിനുള്ളില്‍ ലക്ഷദ്വീപിലും സബ് മറൈന്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ എത്തുമെന്നും മോദി പ്രഖ്യാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല