1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2021

സ്വന്തം ലേഖകൻ: ഇന്ത്യയിലെ കോവിഡ് സാഹചര്യം ഏറെ ആശങ്കാജനകമായി തുടരുന്നുവെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും ഉയർന്നു നിൽക്കുന്നത് ഭീതിജനകമാണെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു.

കോവിഡ് മഹാമാരിയുടെ രണ്ടാം വർഷം ആദ്യവർഷത്തേക്കാൾ കൂടുതൽ മാരകമാണെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആയിരക്കണക്കിന് ഓക്സിജൻ കോൺസൺട്രേറ്റർ, മൊബൈൽ ഫീൽഡ് ആശുപത്രി ടെന്റ്, മാസ്ക്, മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഡബ്ല്യു.എച്ച്.ഒ. ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയ്ക്ക് പിന്തുണയേകിയ എല്ലാവരോടും നന്ദി അറിയിക്കുന്നതായും ടെഡ്രോസ് അഥനോം വ്യക്തമാക്കി.

അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം ഇന്ത്യയിൽ മാത്രമായി പരിമതിപ്പെടുന്നില്ലെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു. നേപ്പാൾ, ശ്രീലങ്ക, വിയറ്റ്നാം, കംമ്പോഡിയ, തായ്ലാൻഡ്, ഈജിപ്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പുതിയ കോവിഡ് കേസുകളും മരണങ്ങളും വർധിക്കുകയാണ്. ആഫ്രിക്കയിലെ ചില രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്. ഈ രാജ്യങ്ങൾക്ക് സാധ്യമായ എല്ലാ സഹായങ്ങളും ലോകാരോഗ്യ സംഘടന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യവർഷത്തേക്കാൾ കൂടുതൽ മാരകമായ കോവിഡ് രണ്ടാം മഹാമാരിയെയാണ് നമ്മൾ നേരിടുന്നത്.വാക്സിൻ വിതരണം പ്രധാന വെല്ലുവിളിയായി തുടരുകയാണ്. ആളുകളുടെ ജീവൻ രക്ഷിച്ച് കോവിഡിനെ മറികടക്കാൻ പൊതുജനാരോഗ്യ നടപടികൾക്കൊപ്പം വാക്സിനേഷൻ മാത്രമാണ് ഒരേയൊരു വഴിയെന്നും ടെഡ്രോസ് അഥനോം വ്യക്തമാക്കി.
കുട്ടികൾക്ക്​ വാക്​സിൻ നൽകുന്നത്​ തൽക്കാലത്തേക്ക്​ മാറ്റിവെക്കണമെന്ന്​ വികസിത രാജ്യങ്ങളോട്​ ലോകാരോഗ്യ സംഘടന അഭ്യർഥിച്ചു. ചില രാജ്യങ്ങൾ കുട്ടികൾക്കും കൗമാരക്കാർക്കും വാക്​സിൻ നൽകാനുള്ള ഒരുക്കത്തിലാണ്​. എന്നാൽ, ഈ തീരുമാനം പുനഃപരിശോധിക്കണം. വാക്​സിൻ വരുമാനം കുറഞ്ഞ രാജ്യങ്ങൾക്ക്​ നൽകാൻ വികസിത രാജ്യങ്ങൾ തയാറാവണം. വരുമാനം കുറവുള്ള രാജ്യങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക്​ പോലും വാക്​സിൻ ലഭ്യമായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന മേധാവി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.