
സ്വന്തം ലേഖകൻ: ഇറ്റലിയിലെ ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരുൾപ്പെടുന്ന ആരോഗ്യ പ്രവർത്തകരെ 2021 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്തു. ഗൊർബച്ചേവ് ഫൗണ്ടേഷന്റെ ഇറ്റാലിയൻ ശാഖ മുന്നോട്ടുവച്ച നാമനിർദേശം, ഓസ്ലോയിലെ നോർവീജിയൻ നൊബേൽ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
പാശ്ചാത്യ ലോകത്തിൽ വളരെ ഗുരുതരമായ ആരോഗ്യ അടിയന്തിരാവസ്ഥ നേരിടേണ്ടിവന്നത് ഇറ്റാലിയൻ ആരോഗ്യ പ്രവർത്തകർക്കാണ്. യുദ്ധസമാനമായ സാഹചര്യങ്ങളിൽ അവർ സാധ്യമായ എല്ലാ പരിഹാരമാർഗങ്ങളും തേടി. കൂടെയുള്ള അനേകം ആരോഗ്യ പ്രവർത്തകരുടെ ജീവൻ നഷ്ടപ്പെടുമ്പോഴും അവർ പൊതുജനങ്ങൾക്കായി സധൈര്യം മുന്നേറി. നൊബേൽ സമ്മാനത്തിന് ഏറ്റവും അർഹമായ പ്രവർത്തികളാണ് അവരിൽനിന്നുണ്ടായതെന്ന് ഗൊർബച്ചേവ് ഫൗണ്ടേഷൻ അവകാശപ്പെട്ടു.
മധ്യ ഇറ്റലിയിലെ തസ്കാനിയിൽ താമസിക്കുന്ന, നൊബേൽ സമ്മാന ജേതാവും അമേരിക്കൻ സ്വദേശിയുമായ ലിസ ക്ലാർക്ക് ആണ് പ്രോട്ടോക്കോൾ അനുസരിച്ച് നാമനിർദേശത്തിൽ ഒപ്പുവച്ചിരിക്കുന്നത്. രാജ്യാന്തര സമാധാന ബ്യുറോയുടെ സഹ പ്രസിഡന്റായ ലിസ ക്ലാർക്ക്, കോവിഡ്- 19 പ്രതിസന്ധി ഘട്ടത്തിൽ മാർഗനിർദേശക സംഘത്തിലും പ്രവർത്തിച്ചിരുന്നു. ആണവ നിരായുധീകരണത്തോടുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് 2017ലെ നൊബേൽ സമ്മാന ജേതാവാണ് ലിസ ക്ലാർക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല