
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് പുതിയ കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും അതീവജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാഹിയില്‍ മലയാളിയായ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് 18011 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 17744 പേര്‍ വീടുകളിലും 268 പേര്‍ ആശുപത്രികളിലുമാണുള്ളത്. 65 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 5372 പേര്‍ പുതുതായി നിരീക്ഷണത്തിലുണ്ട്.
4353 പേരെ രോഗബാധയില്ലെന്ന് കണ്ട് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. ഇന്ന് 2467 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇതില്‍ 1807 സാംപിളുകള്‍ നെഗറ്റീവ് ആണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പൊതുജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വിവരങ്ങള്‍ കൈമാറുന്നതിനും അവരെ ബോധവല്‍ക്കരിക്കുന്നതിനും ഇന്ററാക്ടീവ് വെബ് പോര്‍ട്ടല്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.രോഗപ്രതിരോധ സന്ദേശം വീടുകളില്‍ എത്തിക്കുന്നതിന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സേവനം പ്രയോജനപ്പെടുത്തും. ആരോഗ്യ സര്‍വ്വകലാശാല ഇതിന് നേതൃത്വം നല്‍കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹകരണവും ഇക്കാര്യത്തില്‍ ഉറപ്പാക്കും. പാരാമെഡിക്കല്‍ സ്റ്റാഫിന്റെ സേവനവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും.
പൊതുജനങ്ങള്‍ക്ക് രോഗപ്രതിരോധം, ചികിത്സ എന്നിവ സംബന്ധിച്ച് ഡോക്ടര്‍മാരില്‍ നിന്ന് ഉപദേശം ലഭിക്കുന്നതിന് ഡിജിറ്റല്‍ കണ്‍സള്‍ട്ടേഷന്‍ ആരംഭിക്കാവുന്നതാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇതിന് മുന്‍കൈ എടുക്കണം.
അറുപതിനു മുകളില്‍ പ്രായമുളളവരിലും ശ്വാസകോശ, ഹൃദയ രോഗങ്ങള്‍ ഉള്ളവരിലും രോഗബാധ മാരകമായിരിക്കും എന്നതാണ് പൊതുവെ അനുഭവം. അതുകൊണ്ട് പ്രായമേറിയവരെയും മറ്റ് രോഗങ്ങള്‍ ബാധിച്ചവരെയും പ്രത്യേകം സംരക്ഷിക്കുന്നതിന് ശ്രദ്ധ ചെലുത്തും. സംസ്ഥാനത്തെ പാലിയേറ്റിവ് സെന്ററുകളുടെയും പാലിയേറ്റിവ് വളണ്ടിയര്‍മാരുടെയും സേവനം ഇതിന് വേണ്ടി ഉപയോഗപ്പെടുത്തും.
ഡോക്ടര്‍മാരും ആശുപത്രികളില്‍ അവരെ സഹായിക്കുന്ന ജീവനക്കാരും കൂടുതല്‍ മുന്‍കരുതല്‍ എടുക്കേണ്ടതുണ്ട്. ഇതിനാവശ്യമായ മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ നല്‍കും.
ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ഒരു സാഹചര്യവുമില്ല. രോഗബാധ സംശയിക്കുന്നവരെ കൃത്യമായി നിരീക്ഷിക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കും. നിരീക്ഷണത്തിലുള്ളവര്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക എന്നത് ഏറ്റവും പ്രധാനമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല