1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2020

സ്വന്തം ലേഖകൻ: കൊവിഡ് മഹാമാരിയെ പിടിച്ചു കെട്ടാനുള്ള ലോക്ക്ഡൗൺ ഇംഗ്ലണ്ടിലെ വിദ്യാർഥികളെ മൂന്ന് മാസത്തോളം പിന്നോട്ടടിച്ചതായി സർവേ. ആൺകുട്ടികളെയും പാവപ്പെട്ട വിദ്യാർത്ഥികളെയുമാണ് ഈ ഇടവേള ഏറ്റവും കൂടുതൽ ബാധിച്ചതെന്നും അധ്യാപക സർവേ അഭിപ്രായപ്പെടുന്നു.

മാർച്ചിൽ സ്കൂളുകൾ അടച്ചതിനുശേഷം സമ്പന്നരും ദരിദ്രരുമായ വിദ്യാർത്ഥികൾ തമ്മിലുള്ള പഠന വിടവ് പകുതിയോളം വർദ്ധിച്ചുവെന്ന് സർവേയിൽ പങ്കെടുത്ത അധ്യാപകർ പറഞ്ഞു. സാമൂഹ്യ അകലം പാലിച്ച് സ്കൂളുകൾ വിദ്യാഭ്യാസത്തെ സന്തുലിതമാക്കുന്നതിനാൽ, സ്ഥിതി കൂടുതൽ ഗുരുതരമല്ലെന്നും ഒരു വിഭാഗം അഭിപ്രായപ്പെട്ടു.

ഈ ആഴ്ച ഇംഗ്ലണ്ടിലും വെയിൽസിലും പുതിയ അധ്യയന വര്ഷം ആരംഭിക്കാനിരിക്കെയാണ് സർവേ ഫലം പുറത്തായത്. സ്കോട്ലൻഡിലും വടക്കൻ അയർലൻഡിലും സ്‌കൂളുകളിൽ ഇതിനകം തന്നെ ക്ലാസുകൾ തുടങ്ങിക്കഴിഞ്ഞു.

നാഷണൽ ഫൗണ്ടേഷൻ ഫോർ എഡ്യൂക്കേഷണൽ റിസർച്ചിന്റെ സർവേ 2,200 ഓളം സ്കൂളുകളിലെ മൂവായിരത്തോളം അധ്യാപകരുമായി സഹകരിച്ചാണ് നടത്തിയത്. അദ്ധ്യാപകർ അധ്യയന വർഷത്തെ അവരുടെ സാധാരണ പാഠ്യപദ്ധതിയുടെ 66% മാത്രമേ ഇക്കുറി ഉൾപ്പെടുത്തിയിട്ടുള്ളൂ.

ബ്രിട്ടനിലെ ജിസിഎസ്ഇ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ സ്റ്റാർ നേടിയ മെഹ്നാസ് മുസ്തഫ മലയാളികൾക്ക് അഭിമാനമായി. ഡാഗെൻഹാമിലെ റിച്ചാഡ്സൺ കമ്മ്യൂണിറ്റി സ്കൂളിലെ വിദ്യാർഥിയായി ഈ മിടുക്കി സ്കൂളിന്റെ ഹെഡ് ഗേളുമാണ്. സിക്സ്ത് ഫോംസിൽ നിന്ന് സ്കോളർഷിപ്പുകളും നേടിയിട്ടുണ്ട് മെഹ്നാസ്.

കാർ കമ്പനിയിൽ ജോലി ചെയ്യുന്ന തൃശൂർ ഗുരുവായൂർ തൈക്കാട് തട്ടായിൽ ഹൗസിൽ മുസ്തഫയുടെയും ടീച്ചിങ് അസിസ്റ്റന്റ് നിഷിയുടെയും മൂത്ത മകളാണ്. 2000ൽ ദുബായിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് പോയതാണ് മെഹ്നാസിന്റെ പിതാവ് മുസ്തഫ.

ട്യൂഷനുമില്ലാതെ സ്വന്തമായി നോട്ടു തയ്യാറാക്കി പഠിച്ചാണ് മകൾ ഈ നേട്ടം സ്വന്തമാക്കിയതെന്ന് പിതാവ് മുസ്തഫ പറഞ്ഞു. ഐഎഫ്എസ് സ്വപ്നം കാണുന്ന മെഹ്നാസ് അതിനുള്ള തയ്യാറെടുപ്പുകളിലുമാണ്. സഹോദരി മെഹ്റിൻ മൂന്നാം വർഷ വിദ്യാർഥിയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.