1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 29, 2021

സ്വന്തം ലേഖകൻ: കൊറോണക്കാലത്ത് ഗൂഗിളില്‍ ഏറെ തിരയപ്പെടുന്നവയില്‍ ഒന്ന് റസിപ്പികളാണ്. എന്നാല്‍ ഈ തിരച്ചില്‍ ആളുകളുടെ മനോഭാവവുമായി ബന്ധപ്പെട്ടാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. 2020 ല്‍ കൊറോണ മഹമാരി തുടങ്ങിയ സമയം മുതല്‍ 165 മില്യണ്‍ തവണ തിരഞ്ഞ സംഭവം കണ്ട് ഞെട്ടിയിരിക്കുകയാണ് ഗവേഷകര്‍. എങ്ങനെ നിങ്ങളുടെ ഭാര്യയെ അല്ലെങ്കില്‍ വീട്ടിലെ സ്ത്രീയെ നിയന്ത്രിക്കാം, മര്യാദ പഠിപ്പിക്കാം (How to Control Your Woman) എന്ന ചോദ്യമാണ് ഏറ്റവും കൂടുതല്‍ തിരഞ്ഞവയില്‍ ഒന്ന്. ഗാര്‍ഹിക പീഡനങ്ങള്‍ ഇക്കാലയളവില്‍ ഏറുന്നു എന്നതിന്റെ നേരിട്ടുള്ള തെളിവായാണ് ഈ പഠനത്തെ വിദഗ്ധര്‍ കാണുന്നത്.

കൊറോണക്കലത്ത് ലോകം എങ്ങും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ഏറെയും സ്ത്രീകള്‍ക്കെതിരേ വീടുകളില്‍ നടന്ന അതിക്രമങ്ങളായിരുന്നു. പുറത്തിറങ്ങാനാവാതെ ധാരാളം സ്ത്രീകള്‍ ഇത്തരം അക്രമികള്‍ക്കൊപ്പം തന്നെ കഴിയേണ്ടിയും വന്നു. മനഃശാസ്ത്ര ഗവേഷണ പ്രസിദ്ധീകരണമായ ടെയ്‌ലര്‍ ആന്‍ഡ് ഫ്രാന്‍സിസ് ഓണ്‍ലൈനിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒട്ടാഗോ യൂണിവേഴ്‌സിറ്റിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പീസ് ആന്‍ഡ് കോണ്‍ഫ്‌ളിക്ട് സ്റ്റഡീസിലെ സീനിയര്‍ ലക്ചററും ഡെപ്യൂട്ടി ഡയറക്ടറുമായ കാതറീന സ്റ്റാന്‍ഡിഷാണ് പഠനം നടത്തിയിരിക്കുന്നത്. കൊറോണ പകര്‍ച്ചവ്യാധിയുടെ തുടക്കം മുതല്‍ ആരംഭിച്ച് പഠനമാണ് ഇത്.

അമേരിക്കയിലെ മാത്രം ഗൂഗിള്‍ സേര്‍ച്ചുകള്‍ ആറ് കാര്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പുരുഷന്മാരുടെ അതിക്രമങ്ങള്‍ രാജ്യത്ത് ഉള്ളവ, ലോകമെങ്ങുമുള്ള പുരുഷ അതിക്രമങ്ങള്‍, സുരക്ഷിതത്വമില്ലായ്മ, വിഷാദം, നിസ്സഹായത, അനിശ്ചിതത്വം… എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് തിരച്ചിലുകള്‍. കൊറോണ പടര്‍ന്നുപിടിച്ചതോടെ ആളുകളുടെ മാനസ്സികാരോഗ്യത്തില്‍ വന്ന വലിയ വിടവുകള്‍ ഈ തിരച്ചിലുകളില്‍ കാണാനാകും.

‘എങ്ങനെ നിങ്ങളുടെ സ്ത്രീ പങ്കാളിയെ നിയന്ത്രിക്കാം,’ ‘ആരും അറിയാതെ അവരെ എങ്ങനെ അടിക്കാം..’ തുടങ്ങിയവ 165 മില്യണ്‍ തവണ തിരഞ്ഞതായാണ് കാതറീന കണ്ടെത്തിയത്. ‘വീട്ടിലെത്തുമ്പോള്‍ അവളെ ഞാന്‍ കൊല്ലും’ എന്നതും തിരച്ചിലിലുണ്ട്.

‘അയാള്‍ എന്നെ കൊല്ലും,’ ‘എന്നെ അടിക്കും’ ‘എങ്ങനെ രക്ഷപ്പെടും’ എന്നീ നിസ്സഹായമായ തിരച്ചിലുകള്‍ 107 മില്യണ്‍ തവണ വന്നിട്ടുണ്ട്. ‘സഹായിക്കൂ, അയാള്‍ പോകുന്നില്ല’ എന്നിങ്ങനെ റിപ്പോര്‍ട്ടു ചെയ്യപ്പെടാത്ത ഗാര്‍ഹിക പീഡനങ്ങള്‍ ഗൂഗിള്‍ സേര്‍ച്ചില്‍ ധാരാളമുണ്ടെന്നും പഠനം പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.