
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കര്‍ഫ്യു പൂര്‍ണ്ണമായി പിന്‍വലിച്ചു. നാളെ രാവിലെ ആറു മണി മുതല്‍ ഇളവ് പ്രാബല്യത്തിലാകും. രാജ്യത്തെ എല്ലാ മേഖലകളിലും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ മൂന്ന് ഘട്ടങ്ങളിലായാണ് രാജ്യത്ത് പ്രാബല്യത്തില്‍ വരുത്തിയത്. ആദ്യ രണ്ട് ഘട്ടങ്ങള്‍ ഇന്നത്തോടെ അവസാനിക്കും. മൂന്നാംഘട്ടത്തില്‍ രാജ്യം സാധാരണ നിലയിലേക്ക് വരുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും തുറക്കാം. പുരുഷന്മാരുടെ ബാര്‍ബര്‍ ഷോപ്പുകള്‍ നാളെ രാവിലെ ആറു മുതലാണ് തുറക്കുക. ബാര്‍ബര്‍ സ്ഥാപനം തുറക്കുന്ന സമയത്ത് കൃത്യമായ കൊവിഡ് പ്രതിരോധ പ്രോട്ടോകോള്‍ പാലിക്കണമെന്ന് നഗരകാര്യ മന്ത്രാലയം ഓര്‍മിപ്പിച്ചു. മാസ്കും, അണുമുക്ത ലായനിയും ഉപയോഗിക്കണം. പുറമെ, മുനിസിപ്പാലിറ്റി നല്‍കുന്ന ചട്ടങ്ങളും പാലിക്കണം. ലംഘിച്ചാല്‍ പിഴ ഈടാക്കി സ്ഥാപനങ്ങള്‍ അടപ്പിക്കും.
കളി സ്ഥലങ്ങളും സ്പോര്‍ട്സ് ക്ലബ്ബുകളും തുറക്കും. ജിമ്മുകളും നാളെ മുതല്‍ തുറക്കും. ഉംറക്കും സന്ദര്‍ശന വിസക്കുമുള്ള വിലക്കുകള്‍ തുടരും. അന്താരാഷ്ട്ര വിമാനങ്ങളും തല്‍ക്കാലം തുടങ്ങില്ല. ഇക്കാര്യം സ്ഥിതിഗതി നിരീക്ഷിച്ച് പ്രഖ്യാപിക്കും. ഉംറ തീര്‍ഥാടനത്തിനും, ഇരു ഹറമുകള്‍ സന്ദര്‍ശിക്കുന്നതിനും നിയന്ത്രണം തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങളും അറിപ്പുണ്ടാകുന്നത് വരെ തുറക്കില്ല.
നാളെ മുതല്‍ എല്ലാ വ്യാപാര വാണിജ്യ സ്ഥാപനങ്ങളും കടകളും തുറക്കും. വ്യാപാര സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളും കൊവിഡ് നിബന്ധനകള്‍ തുടരും. മാസ്കില്ലാതെ പുറത്തിറങ്ങിയാല്‍ ആയിരം റിയാലാണ് പിഴ. 50ലേറെ പേര്‍ ഏതെങ്കിലും കാര്യത്തിന് സംഘടിച്ചാല്‍ പിഴയീടാക്കും. നിബന്ധന ലംഘിക്കുന്ന വിദേശികള്‍ക്ക് നാടു കടത്തലും ശിക്ഷയായുണ്ടാകും. ചട്ടം ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് വന്‍തുക പിഴ ഈടാക്കി അടപ്പിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല