1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2020

സ്വന്തം ലേഖകൻ: സന്നദ്ധ സംഘടനകളുടെയും പ്രവാസി കൂട്ടായ്മകളുടെയും ആഭിമുഖ്യത്തിൽ കേരളത്തിലേക്ക് പറക്കാനൊരുങ്ങി നൂറുകണക്കിന് ചാർട്ടേഡ് വിമാനങ്ങൾ. യു.എ.ഇയിൽ നിന്നു മാത്രം അമ്പതിലേറെ വിമാനങ്ങളാകും ഈ മാസം നാട്ടിലെത്തുക. എന്നാൽ സൗദി ഉൾപ്പെടെ നാല് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഈ മാസം 24നു ശേഷം കേരളത്തിലേക്കുള്ള ചാർട്ടേഡ് വിമാന സർവീസുകൾ മുടങ്ങാനാണ് സാധ്യത.

ഏറ്റവും കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾക്ക് പറക്കുക യു.എ.ഇയിൽ നിന്നാണ്. എണ്ണൂറിലധികം ചാർട്ടേഡ് വിമാനങ്ങൾക്കുള്ള അപേക്ഷകളാണ് എംബസിയിലും കോൺസുലേറ്റിലും ഇതിനകം ലഭിച്ചിരിക്കുന്നത്. സംഘടനകൾ, ട്രാവൽ ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവക്കു ചുവടെ അറുനൂറിലേറെ വിമാനങ്ങൾക്ക് ഇതിനകം അനുമതിയും നൽകിയിട്ടുണ്ട്. യു.എ.ഇയിൽ റാപിഡ് ടെസ്റ്റ് നടക്കുന്നതിനാലും ഖത്തറിൽ ഇഹ്തിറാസ് ആപ്പിന് അംഗീകാരം നൽകിയതിനാലും ചാർട്ടേഡ് വിമാനങ്ങൾ പ്രതിസന്ധി കൂടാതെ പറക്കും.

എന്നാൽ സൗദി ഉൾപ്പെടെ നാല് ഗൾഫ് രാജ്യങ്ങളിൽ ഈ മാസം 25 ഓടെ ചാർട്ടേഡ് വിമാനങ്ങൾ മുടങ്ങാൻ തന്നെയാണ് സാധ്യത. കോവിഡ് ടെസ്റ്റ് നടത്തി മാത്രം യാത്രക്കാരെ കൊണ്ടുവരാൻ സർക്കാർ വാശി പിടിച്ചാൽ വിമാനയാത്ര അസാധ്യമായി മാറും. സൗദിയിൽ നിന്ന് ഒരാഴ്ചക്കിടെ ഒരു ഡസൻ ചാർട്ടേഡ് വിമാനങ്ങൾ മാത്രമാണ് പറക്കുക. വന്ദേഭാരത് മിഷനു ചുവടെ ഒറ്റ സർവീസ് മാത്രമാണ് സൗദിയിൽ നിന്നുള്ളത്. ഒമാൻ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്നായി 14 ചാർട്ടേഡ് വിമാനങ്ങൾ മാത്രമാണ് ഈ മാസം 24നു മുമ്പ് കേരളത്തിൽ എത്തുക.

സൌദിയടക്കം നാല് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ട്രൂനാറ്റ് കിറ്റ് എത്തിച്ചാലും ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ കൊവിഡ് ടെസ്റ്റ് നടത്താനാകില്ല. റാപ്പിഡ് ടെസ്റ്റിനോ ട്രൂനാറ്റിനോ അനുമതിക്ക് സര്‍ക്കാര്‍ ഇടപെടേണ്ടി വരും. നയതന്ത്ര തലത്തില്‍ ചര്‍ച്ച നടന്നാല്‍ മാത്രമേ ഇത് സാധ്യമാവൂ എന്നും ആരോഗ്യ പ്രവര്‍ത്തകരും വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

സൌദി, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ പിസിആറാണ് ആരോഗ്യ മന്ത്രാലയങ്ങളുടെ അനുമതിയുള്ള കൊവിഡ് ടെസ്റ്റിങ് രീതി. സൌദിയിലും കുവൈത്തിലുമടക്കം കൊവിഡ് ലക്ഷണമുണ്ടെങ്കിലേ ഈ ടെസ്റ്റ് നടത്തൂ. രണ്ടാമത്തെ വഴി റാപ്പിഡ് ടെസ്റ്റോ സര്‍ക്കാര്‍ ശ്രമിക്കുന്ന ട്രൂനാറ്റോ ആണ്. ട്രൂനാറ്റ് കിറ്റുകള്‍ കേരളം എത്തിക്കും എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഇതിന് അതത് രാജ്യങ്ങളുടെ ആരോഗ്യ മന്ത്രാലയത്തിലെ അനുമതി വേണം.

ട്രൂനാറ്റിനുള്ള മെഷീന്‍ ഇറക്കുമതിക്ക് പോലും അതത് രാജ്യങ്ങളിലെ ഫുഡ് ആന്റ് ഡ്രഗ് വിഭാഗത്തിന്റെ അനുമതി വേണം. കൊവിഡ് കേസുകള്‍ നിറഞ്ഞ ഗള്‍ഫ് രാജ്യങ്ങളില്‍ ഇവ നടത്തുന്നതിലെ പ്രായോഗികതയും പ്രശ്നമാകുന്നു. ബഹ്റൈനില്‍ ആന്റി ബോഡിക്കും സൌദിയില്‍ റാപ്പിഡിനും മന്ത്രാലയ അനുമതി ലഭിച്ചാലേ നടത്താനാകൂ. അതിന് കേരളം കേന്ദ്രം വഴി എംബസിയിലൂടെ ശ്രമം നടത്തണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.