
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ലോക്ക്ഡൗൺ നടപടികൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി പബ്ബുകളും റെസ്റ്റോറന്റുകളും ഹോട്ടലുകളും ജൂലൈ നാല് മുതൽ വീണ്ടും തുറന്ന് പ്രവർത്തിക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടുത്തയാഴ്ചയോടെ നടത്തുമെന്നാണ് റിപ്പോർട്ടുകൾ. മൊബൈൽ ആപ്പ് വഴി ഓർഡർ ചെയ്യുക, സാമൂഹിക അകലം കർശനമായി പാലിക്കുക, റെസ്റ്റോറന്റ് ടേബിളുകൾ മുൻകൂട്ടി ക്രമീകരിക്കുക എന്നീ മാർഗനിർദേശങ്ങളും പ്രതീക്ഷിക്കാം.
വേനൽ അവധിക്കുശേഷം സെപ്റ്റംബറിൽ രാജ്യത്തെ എല്ലാ സ്കൂളുകളും പൂർണമായും തുറന്നു പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. എല്ലാ കുട്ടികളെയും സുരക്ഷ ഉറപ്പാക്കാൻ വേണ്ടതെല്ലാം ഇതിനോടകം സർക്കാർ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കോവിഡിന് ഫലപ്രദമായ മരുന്നു കണ്ടെത്തിയെന്ന് പ്രഖ്യാപിച്ച് നാലു ദിവസമായിട്ടും ബ്രിട്ടനിൽ മരണനിരക്കിൽ കാര്യമായ കുറവില്ല. ഇന്നലെയും 173 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 42,461 ആയി. 1346 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്.
സമ്പത്ത് വ്യവസ്ഥയെക്കാൾ വലുതായിരിക്കുകയാണു ബ്രിട്ടന്റെ പൊതുകടം. കോവിഡിന്റെ പശ്ചാത്തലത്തിൽ പിടിച്ചുനിൽക്കാൻ മുൻകാലത്തെങ്ങും ഇല്ലാത്തവിധം സർക്കാർ കടമെടുത്തതാണ് ഈ ദുരവസ്ഥയ്ക്കു കാരണം. 1.95 ട്രില്യൺ പൗണ്ടിന്റ കടബാധ്യതയിലാണ് ഇപ്പോൾ ബ്രിട്ടൻ. രാജ്യത്തിന്റെ 50 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ കടക്കെണിയിലാണ് രാജ്യം.
ഇൻകം ടാക്സ്, നാഷനൽ ഇൻഷുറൻസ്, വാറ്റ് തുടങ്ങിയവയിലൂടെയുള്ള വരുമാനങ്ങൾ ക്രമാതീതമായി കുറഞ്ഞതാണ് നിലനിൽപിനായി കൂടുതൽ തുക കടമെടുക്കാൻ പ്രേരണയായത്. 1963നുശേഷം ആദ്യമായാണ് സമ്പത്ത് വ്യവസ്ഥയേക്കാൾ കടബാധ്യത വർധിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല