
സ്വന്തം ലേഖകൻ: ലോകം കൊറോണ മഹാമാരിയുടെ പുതിയതും അപകടകരവുായ ഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടന മേധാവിയുടെ മുന്നറിയിപ്പ്. മഹാമാരി അതിവേഗത്തിലാണ് വ്യാപിക്കുന്നത്. കഴിഞ്ഞ ദിവസം 150,000 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നും ഡബ്ല്യു.എച്ച്.ഒ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
ചൈനയില്‍ ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്ത അതേ സമയത്ത് തന്നെ ഇറ്റലിയിലും വൈറസ് ഉണ്ടായിരുന്നുവെന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ടെഡ്രോസിന്റെ മുന്നറിയിപ്പ്. വൈറസ് വ്യാപിക്കുന്നത് തടയുന്നതിന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണെന്ന് അദ്ദേഹം സമ്മതിച്ചു.
എന്നാല്‍ വൈറസ് ഇപ്പോഴും അതിവേഗം പടരുന്നുണ്ട്. സാമൂഹിക അകലം, മാസ്‌ക് ധരിക്കുക, കൈ കഴുകല്‍ തുടങ്ങിയ നടപടികള്‍ ഇപ്പോഴും നിര്‍ണായകമാണെന്നും ടെഡ്രോസ് പറയുന്നു. അഭയാര്‍ഥികളുടെ എണ്ണം വളരെ കൂടുതലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, അവരില്‍ 80 ശതമാനത്തിലധികം പേരും വികസ്വര രാജ്യങ്ങളില്‍ താമസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം അവസാനത്തോടെ കോവിഡ്-19 പ്രതിരോധ മരുന്നുകള്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് ഡബ്ല്യുഎച്ച്ഒ ചീഫ് സയന്റിസ്റ്റും തമിഴ്‌നാട് സ്വദേശിയുമായ ഡോ. സൗമ്യ സ്വാമിനാഥന്‍ അറിയിച്ചു. പത്തോളം പുതിയ മരുന്നുകള്‍ മനുഷ്യരില്‍ പരീക്ഷിക്കുന്ന ഘട്ടത്തിലാണ്. മലേറിയയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന് കോവിഡ് മരണം തടയുന്നതില്‍ കാര്യമായി ഒന്നും ചെയ്യാനായില്ലെന്നും ഡോ. സൗമ്യ വ്യക്തമാക്കി.
പരീക്ഷണ ഘട്ടത്തിലുള്ള പത്തില്‍ മൂന്ന് മരുന്നുകളും അടുത്ത ഘട്ടത്തിലെ ടെസ്റ്റിങ്ങിനായി നീങ്ങിയിട്ടുണ്ടെന്നും ഇത് പ്രതീക്ഷ പകരുന്നതാണെന്നും ഡോ. സൗമ്യ കൂട്ടിച്ചേര്‍ത്തു. ഭാഗ്യമുണ്ടെങ്കില്‍ ഈ വര്‍ഷം അവസാനത്തോടെ ഒന്നോ രണ്ടോ വാക്‌സിനുകള്‍ കോവിഡിനെതിരായി കണ്ടെത്താന്‍ കഴിയുമെന്നാണ് ഡബ്ല്യുഎച്ച്ഒ കരുതുന്നുന്നത്. ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കോവിഡ് ബാധയുടെ ഏതെങ്കിലും ഘട്ടത്തില്‍ പ്രയോജനകരമാണോ എന്നത് സംബന്ധിച്ച് പഠനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും ഡബ്ല്യുഎച്ച്ഒ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല