
സ്വന്തം ലേഖകൻ: ഈ മാസം 21 മുതൽ ബഹ്‌റൈനിൽ എത്തുന്നവർക്ക് വിമാനത്താവളത്തിൽ സ്വന്തം ചെലവിൽ കൊവിഡ് ടെസ്റ്റ് നിർബന്ധം. പരിശോധനയ്ക്കുള്ള ഫീസായ 30 ദിനാർ ബി അവെയർ ബഹ്റൈൻ മൊബൈൽ ആപ്പിലൂടെയാണ് അടയ്ക്കേണ്ടത്. വിമാന ജീവനക്കാർ, നയതന്ത്ര പ്രതിനിധികൾ, ഔദ്യോഗിക കാര്യവുമായി ബന്ധപ്പെട്ടു യാത്ര ചെയ്യുന്നവർ തുടങ്ങിയവരെ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ട്രാൻസിറ്റ് യാത്രക്കാർക്കും കോവിഡ് പരിശോധന ആവശ്യമില്ല.
എൻ 95, എഫ്എഫ്പി 3 മാസ്കുകളുടെ കയറ്റുമതി 3 മാസത്തേക്കു നിരോധിച്ചതായി ബഹ്‌റൈൻ ഭരണകൂടം ഉത്തരവിറക്കി.. ഇവ കയറ്റുമതി ചെയ്യണമെങ്കിൽ മുൻകൂട്ടി അനുമതി വാങ്ങണമെന്ന് വാണിജ്യ-വ്യവസായ മന്ത്രി സായിദ് അൽ സയാനി അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിലാണു തീരുമാനം. നിയമം ലംഘിച്ച് ഈ മാസ്കുകൾ കയറ്റി അയച്ചാൽ നടപടി സ്വീകരിക്കും. ഏപ്രിലിൽ എല്ലാത്തരം മാസ്കുകളുടെയും കയറ്റുമതി 3 മാസത്തേക്കു നിരോധിച്ചിരുന്നു.
ബഹ്റൈനിൽ കോവിഡ് സാഹചര്യങ്ങളെ തുടർന്നു പ്രതിസന്ധിയിലായ സ്വകാര്യ കമ്പനികൾക്കു വീണ്ടും സർക്കാർ സഹായം നൽകാൻ നീക്കം. വിവിധ ഫീസ് ഇനങ്ങളിൽ ഇളവു നൽകാനാണ് തീരുമാനമെന്ന് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ അറിയിച്ചു. എന്നാൽ ഏതെല്ലാം കമ്പനികൾക്കാണ് ആനുകൂല്യങ്ങൾക്ക് അർഹത എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല