
സ്വന്തം ലേഖകൻ: യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ 15ലും കൊവിഡ് വ്യാപനം കൂടുന്നതായി ജർമൻ ജനതയ്ക്കു സർക്കാർ വക മുന്നറിയിപ്പ്. ജർമൻകാർ കഴിവതും അയൽ രാജ്യങ്ങളിലേയ്ക്കുള്ള യാത്രകൾ ഒഴിവാക്കണം. കൊവിഡ് ബാധ്യതാ പ്രദേശങ്ങളിൽ നിന്നു തിരിച്ചെത്തുന്നവർ കൊവിഡ് ടെസ്റ്റ്, ക്വാറന്റീൻ തുടങ്ങിയവ കർക്കശമായി പാലിച്ചിരിക്കണം ജർമൻ ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നു.
ഒക്ടോബർ മാസത്തിലെ ജർമനിയിലെ രണ്ടാഴ്ചത്തെ സ്കൂൾ അവധിക്കാലം ജർമൻകാർ ജർമനിയിൽ തന്നെ ചെലവഴിക്കണമെന്നു ജർമൻ ആരോഗ്യമന്ത്രി യെൻസ് സഫാൻ പ്രത്യേകം ആവശ്യപ്പെട്ടു. ജർമനിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,507 പേർക്കു പുതിയതായി കൊവിഡ് ബാധ ഉണ്ടായതായി പ്രമുഖ ലാബായ റോബർട്ട് കോഹ് ശനിയാഴ്ച പുറത്ത് വിട്ട കണക്കിൽ പറഞ്ഞു.
വ്യാപനം നിയന്ത്രണാതീതമായതോടെ വിവിധ രാജ്യങ്ങൾ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചു. നിയന്ത്രണങ്ങളുടെ പേരിൽ പലയിടത്തും വൻ പ്രതിഷേധം. യുഎസിലെ വിവിധ നഗരങ്ങൾക്കൊപ്പം ഇസ്രയേലിലും ബ്രിട്ടനിലും ലോക്ഡൗൺ വിരുദ്ധ പ്രക്ഷോഭങ്ങൾ നടന്നു. ലണ്ടനിൽ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി.
ഇറാനിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്താൻ പ്രസിഡന്റ് ഹസൻ റൂഹാനി പ്രവിശ്യകൾക്ക് അധികാരം നൽകി. നിയന്ത്രണങ്ങൾ പ്രവിശ്യാ ഗവർണർമാർക്കു തീരുമാനിക്കാം. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ മാഡ്രിഡിൽ ഭാഗിക ലോക്ഡൗൺ നീട്ടി.
ഇസ്രയേലിലാകട്ടെ കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിക്കു മുന്നിൽ പ്രകടനം. ജോലി നഷ്ടമായവരാണു പ്രതിഷേധക്കാരിൽ ഏറെയും.
ലണ്ടൻ നഗരത്തിൽ ലോക്ഡൗൺ വിരുദ്ധ റാലി അക്രമാസക്തമായി. 10 പേർ അറസ്റ്റിലായി. 6 പേരിലേറെ ഒത്തുകൂടരുത് എന്നതുൾപ്പെടെയുള്ള നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം. യുകെയിൽ കഴിഞ്ഞദിവസം 6,042 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആകെ കേസുകൾ 4.3 ലക്ഷം കടന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല