1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2021

സ്വന്തം ലേഖകൻ: ബഹ്റൈനില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. പ്രതിദിന കേസുകൾ കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ് തീരുമാനിച്ചു. ഇതനുസരിച്ചു മെയ് 27 ന് രാത്രി 12 മണി മുതല്‍ ജൂണ്‍ 10 രാത്രി 12 മണി വരെ മാളുകള്‍ അടക്കമുള്ള വാണിജ്യകേന്ദ്രങ്ങള്‍ അടച്ചിടുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ കൈകൊള്ളുന്നതായി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

രാജ്യത്തു കോവിഡ് വ്യാപനം കഴിഞ്ഞ ഒരു മാസത്തിനിടെ ഇരട്ടിയായിട്ടുണ്ടെങ്കിലും ആഗോളതലത്തിലെ കണക്കു വെച്ച് നോക്കുമ്പോള്‍ ബഹ്‌റൈനില്‍ മരണ നിരക്ക് കുറവാണ്. എങ്കിലും കൂടുതല്‍ നിയന്ത്രണങ്ങളിലേക്കു കടക്കാനാണ് സര്‍ക്കാര്‍ തലത്തിലുള്ള തീരുമാനം. സ്വകാര്യ ജിം, വിനോദ ഹാളുകള്‍, നീന്തല്‍ക്കുളങ്ങള്‍ സിനിമാശാലകള്‍, റസ്റ്റോറന്റുകള്‍ ഉള്‍പ്പെടെ എല്ലാ മാളുകളും വാണിജ്യ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കും.

റസ്റ്റോറന്റുകളിലെ എല്ലാ സേവനങ്ങളും ഡെലിവറിയില്‍ മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യും. സലൂണുകളും ബാര്‍ബര്‍ ഷോപ്പുകളും അടയ്ക്കും. ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, കോള്‍ഡ് സ്റ്റോറുകള്‍, ഫിഷ് ഷോപ്പുകള്‍, ബേക്കറി, ഗ്യാസ് സ്റ്റേഷനുകള്‍, സ്വകാര്യ ആശുപത്രി, എ.ടി.എമ്മുകള്‍ ബാങ്കുകളും മണി എക്‌സ്‌ചേഞ്ച് സെന്ററുകളും ഇറക്കുമതി / കയറ്റുമതി ബിസിനസുകള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഫാക്ടറികള്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസുകള്‍ (ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടാത്തത്) ടെലികമ്മ്യൂണിക്കേഷന്‍, ഫാര്‍മസികള്‍ എന്നിവ തുറക്കാം.

സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍ നില കുറയ്ക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദൂര പഠനം തുടരും. മെയ് 21 മുതല്‍ ജൂണ്‍ 3 വരെ രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, പള്ളികള്‍, ഷോപ്പിംഗ് മാളുകള്‍, തീയേറ്ററുകള്‍, റസ്റ്റോറന്റുകള്‍, മാര്‍ക്കറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവേശനം രണ്ടു വാക്സിനും പൂര്‍ത്തീകരിച്ച് 14 ദിവസങ്ങള്‍ കഴിഞ്ഞവര്‍ക്കും കോവിഡ് രോഗ മുക്തി നേടിയവര്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.

എന്നാല്‍ വീണ്ടും രോഗവ്യാപനവും മരണവും വര്‍ദ്ധിച്ച സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങളിലേക്കു കടക്കുന്നത്. പുതിയ നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. നിലവില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്ന്് ബഹ്‌റൈനില്‍ റെസിഡന്‍സ് പെര്‍മിറ്റ് ഉള്ളവര്‍ക്ക് മാത്രമായി പ്രവേശനം നിജപ്പെടുത്തിയിരിക്കുകയാണ്.

സന്ദര്‍ശക വിസയില്‍ പ്രവേശനം അനുവദനീയമല്ല. എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ ദിവസേനയുള്ള പ്രതിരോധ കുത്തിവയ്പ്പുകളുടെ ശേഷി കഴിഞ്ഞ ദിവസം വര്‍ദ്ധിപ്പിച്ചിരുന്നു. പ്രതിദിനം 31,000 ഡോസ് വാക്‌സിന്‍ നല്‍കുവാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. വാക്‌സിന്‍ ഫലപ്രാപ്തിയിലെത്താന്‍ രണ്ട് ഡോസുകള്‍ പൂര്‍ത്തീകരിക്കണം. ചുമ, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, പനി എന്നിവയുള്‍പ്പെടെ എന്തെങ്കിലും ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ 444 എന്ന നമ്പറില്‍ വിളിച്ച് വിവരം ധരിപ്പിക്കണമെന്നും അധികൃതർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.