1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2021

സ്വന്തം ലേഖകൻ: ജാഗ്രതയും കരുതലും കൈവിട്ടാല്‍ കോവിഡ് രണ്ടാംതരംഗത്തില്‍ മരണനിരക്ക് രാജ്യത്ത് കുതിച്ചുയരുമെന്ന് സൂചന നല്‍കി കണക്കുകള്‍. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നൂറുകണക്കിനുപേരാണ് ദിവസവും കോവിഡ് ബാധിച്ച് മരിക്കുന്നത്. ഡല്‍ഹിയില്‍ ഉള്‍പ്പെടെ പല സ്ഥലത്തും ശ്മശാനങ്ങളില്‍ മൃതദേഹം ദഹിപ്പിക്കാന്‍ അളുകള്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്.

പൊതുശ്മശാനങ്ങള്‍ നിറഞ്ഞതോടെ മൈതാനങ്ങളില്‍ മൃതദേഹം കൂട്ടത്തോടെ ദഹിപ്പിക്കുകയാണ്. ഡൽഹിയിലെ ഏറ്റവും വലിയ നിഗംബോധ് ഘട്ട് ശ്മശാനത്തിൽ ദിവസം 15 സംസ്കാരങ്ങൾ നടന്നിടത്ത് ഇപ്പോൾ 30ൽ അധികം സംസ്കാരങ്ങളാണ് നടക്കുന്നത്. ഡൽഹിയിലെ‍ വലിയ സംസ്കാര സ്ഥലങ്ങളിലൊന്നായ ജാദിദ് ഖബ്രിസ്ഥാൻ അഹ്‌ലെ ഇസ്‌ലാമിലും സമാന അവസ്ഥയാണ്. 150–200 മൃതദേഹങ്ങൾ കൂടി സംസ്കരിക്കാനുള്ള സ്ഥലമേ ഇവിടെയുള്ളെന്ന് നടത്തിപ്പുകാർ പറയുന്നു.

കോവിഡ് വ്യാപനം രൂക്ഷമായ ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാത്രി പത്തുമുതൽ തിങ്കളാഴ്ച ആറുവരെയാണ് വാരാന്ത്യ കര്‍ഫ്യൂ നടപ്പാക്കുക. അത്യാവശ്യ സേവനങ്ങൾക്ക് മാത്രം ഇളവു നൽകും. മാളുകൾ, ജിംനേഷ്യം ഉൾപ്പടെയുള്ളവ അടച്ചിടുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.

സിനിമ തിയേറ്ററുകളില്‍ മുപ്പതു ശതമാനം ആളുകള്‍ക്ക് മാത്രമാണ് പ്രവേശനം. റസ്റ്റോറന്‍റുകളില്‍ പാര്‍സല്‍ കൗണ്ടറുകള്‍ മാത്രമെ അനുവദിക്കൂ. വാരാന്ത്യ കര്‍ഫ്യൂ സമയങ്ങളില്‍ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തുന്നവര്‍ക്ക് ഇ- പാസ് നല്‍കും. ഒരു മുനിസിപ്പല്‍ സോണില്‍ ദിവസം ഒരു മാര്‍ക്കറ്റിനു മാത്രമായിരിക്കും അനുമതി.

അതേസമയം, ഡൽഹിയിൽ ചികിത്സ സൗകര്യങ്ങളുടെ ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. നിലവില്‍ ആശുപത്രി കിടക്കകള്‍ക്കു ദൗര്‍ബല്യമില്ല. അയ്യായിരം കിടക്കകള്‍ ഇപ്പോള്‍ ഒഴിവുണ്ടെന്നും കിടക്കകളുടെ എണ്ണം കൂട്ടുന്നതിനാവശ്യമായ നടപടികള്‍ പുരോഗമിക്കുകയാണെന്നും കെജ്രിവാള്‍ അറിയിച്ചു.

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പത്തു ജില്ലകളില്‍ രാത്രി എട്ടുമുതല്‍ രാവിലെ ഏഴുവരെയാണ് കര്‍ഫ്യൂ നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പ്രധാനമാർക്കറ്റുകൾ അടച്ചിടാനും തീരുമാനമായി. സ്കൂളുകള്‍ മെയ്15 വരെ അടച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ മെയ് 20 വരെ നീട്ടിവെച്ചതായും സര്‍ക്കാര്‍ അറിയിച്ചു.

കോവിഡ് രോഗികള്‍ കുതിച്ചുയരുന്ന മഹാരാഷ്ട്രയില്‍ 15 ദിവസത്തേക്ക് ലോക്ഡൗണിനു സമാനമായ നിരോധനാജ്ഞ നിലവില്‍ വന്നു. ഇന്നലെ രാത്രി എട്ടുമണി മുതല്‍ മേയ് ഒന്നുവരെയാണു നിയന്ത്രണം. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കും. അവശ്യ സര്‍വീസുകള്‍ക്കും നിയന്ത്രണമില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.