1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2020

സ്വന്തം ലേഖകൻ: യുഎഇയിൽ ഏറ്റവും കുറഞ്ഞ ചെലവിൽ കൊവിഡ് ആന്റിബോഡി പരിശോധന നടത്താനുള്ള സൗകര്യം തുമ്പൈ ലാബ്സിൽ ഒരുക്കിയതായി അധികൃതർ അറിയിച്ചു. ദുബായ് ഹെൽത്ത് അതോറിറ്റി അംഗീകാരമുള്ള ടെസ്റ്റിന് 200 ദിർഹം മാത്രമാണ് ഈടാക്കുക. മൂന്നു മണിക്കൂറിനുള്ളിൽ ഫലവും അറിയാം.

പ്ലാസ്മ, സെറം സാമ്പിളുകൾ ഉപയോഗിച്ചുള്ള ഇലക്ട്രോ ചെമിലൂമിനെൻസ് ഇമ്മ്യൂണോഅസെ (ഇസിഎൽഐഎ) എന്ന സംവിധാനം ഉപയോഗിച്ചാണ് പരിശോധന. അൽ ഖിസൈസ് മെട്രോ സ്റ്റേഡിയം സ്റ്റേഷൻ പരിസരത്തുള്ള തുമ്പൈ ഹോസ്പിറ്റലിലാണ് ഇതിന് സൗകര്യം.

ലക്ഷണമില്ലാത്തവരിൽ പോലും കൊവിഡ് സാന്നിധ്യം കണ്ടെത്തുന്നതിനാൽ പരിശോധന ഏറെ ആവശ്യമാണെന്നും ലോകാരോഗ്യ സംഘടനയും ഇക്കാര്യം ശരിവയ്ക്കുന്നെന്നും തുമ്പൈ ലാബ് ഡയറക്ടർ ഡോ. നാസിൽ പർവെയ്സ് വ്യക്തമാക്കി. പ്രതിദിനം നാലായിരം പേർക്ക് ടെസ്റ്റ് നടത്താൻ സൗകര്യമുണ്ട്.

രാവിലെ 9 മുതൽ 6 വരെയാണ് സമയം. 0460305555 എന്ന നമ്പരിലോ 0566806455 എന്ന വാട്സാപ്പ് നമ്പരിലോ ബുക്ക് ചെയ്യാം. എമിറേറ്റ്സ് ഐഡിയോ പാസ്പോർട്ടോ കരുതണം.

യുഎഇയിൽ തിരിച്ചെത്തുന്ന താമസ വീസക്കാർ ക്വാറന്റീന്‍ നിയമം ലംഘിച്ചാൽ 10 ലക്ഷത്തിലേറെ രൂപ (അരലക്ഷം ദിർഹം) പിഴയൊടുക്കേണ്ടി വരുമെന്ന് ദേശീയ അടിയന്തര നിവാരണ വിഭാഗം അറിയിച്ചു. മന്ത്രിസഭാ തീരുമാനം നമ്പര്‍ 17 /2020 പ്രകാരമാണ് നിയമം പ്രാബല്യത്തിൽ വന്നത്. വീടുകളില്‍ ക്വാറന്റീൻ കഴിയേണ്ടതു സംബന്ധിച്ച നിയമാവലികൾ കർശനമായി പാലിക്കണം. ആരോഗ്യ നിബന്ധനകളനുസരിച്ചുള്ള നടപടികൾ അനുസരിക്കാത്തവർക്കെതിരെയും പിഴ ചുമത്തും.

14 ദിവസമാണ് ക്വാറന്റീനിലിരിക്കേണ്ടത്. കോവിഡ‍് വ്യാപനം കുറവുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവർ 7 മുതൽ 14 ദിവസം വരെ ക്വാറന്റീൻ ചെയ്താലും മതിയാകും. വീടുകളിലായാലും അധികൃതർ നിർദേശിക്കുന്ന ക്വാറന്റീൻ കേന്ദ്രത്തിലായാലും ഇതിനുള്ള ചെലവു അവരവർ തന്നെ വഹിക്കേണ്ടതാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ, വരുന്നവരുടെ ക്വാറന്റീൻ ചെലവുകൾ അയാൾ ജോലി ചെയ്യുന്ന കമ്പനികളും വഹിക്കണം.

തിരിച്ചെത്തുന്നവരെല്ലാം അംഗീകൃത ലബോറട്ടറികളിൽ നിന്ന് കൊവിഡ് –19 നെഗറ്റീവാണെന്ന സർടിഫിക്കറ്റ് കരസ്ഥമാക്കണം. ലോകത്തെ 17 രാജ്യങ്ങളിലെ 106 നഗരങ്ങളിൽ അംഗീകൃത ലബോറട്ടറികളെ തിരിഞ്ഞെടുത്തിട്ടുണ്ട്.

തിരിച്ചെത്തിയാലുടൻ പ്രവാസികൾ നിർബന്ധമായും തങ്ങളുടെ മൊബൈൽ ഫോണുകളിൽ സൗജന്യ അൽ ഹൊസൻ ആപ്പ് (Al Hosn app) ഡൗൺലോഡ് ചെയ്തിരിക്കണം. പൊതുസുരക്ഷ മാനിച്ച് ക്വാറന്റീനിലിരിക്കുന്നവരുടെ ചലനങ്ങൾ അധികൃതർക്ക് മനസിലാക്കുന്നതിന് വേണ്ടിയാണ്.

എമിറേറ്റ്സ്, എത്തിഹാദ്, എയർ അറേബ്യ, ഫ്ലൈ ദുബായ് തുടങ്ങിയ വിമാന കമ്പനികൾ ഓഗസ്റ്റ് ഒന്നു മുതൽ 60 സർവീസ് നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാജ്യാന്തര വിമാന സർവീസുകൾക്ക് അനുമതി ലഭിച്ചാൽ ഇന്ത്യയിലേയ്ക്കും സർവീസുണ്ടാകുമെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.