1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2021

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ പുതുതായി തിരിച്ചറിഞ്ഞ കൊവിഡിൻ്റെ ബ്രസീലിയൻ വകഭേദത്തെക്കുറിച്ചുള്ള ആദ്യ വിലയിരുത്തൽ ആശങ്കയുണ്ടാക്കുന്നതാണ്. ഈ വകഭേദം കൂടുതൽ എളുപ്പത്തിൽ വ്യാപിക്കുന്നതും രോഗപ്രതിരോധ ശേഷിയുടെ പ്രതിരോധം തകർക്കുന്നതുമാണെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു.

ആമസോൺ നഗരമായ മനാസിൽ പ്രചരിക്കുന്ന കൊറോണ വൈറസിന്റെ മുൻ പതിപ്പുകളേക്കാൾ 1.4 മുതൽ 2.2 മടങ്ങ് വരെ വ്യാപന ശേഷി കൂടിയതാണ് പുതിയ വകഭേദമെന്ന് ബ്രസീലിൽ നിന്നും യുകെയിൽ നിന്നുമുള്ള ശാസ്ത്രജ്ഞർ കണക്കാക്കുന്നു. ലണ്ടനിലെ ഇംപീരിയൽ കോളജിലെയും സാവോ പോളോ സർവകലാശാലയിലെയും ഗവേഷകർ പറയുന്നതനുസരിച്ച്, മുമ്പത്തെ വൈറസ് വകഭേദങ്ങളേക്കാൾ പ്രതിരോധ ശേഷിയെ മറികടക്കാൻ 25% മുതൽ 61% വരെ ശേഷിയുള്ളതാണ് ബ്രസീൽ വൈറസ്.

മനാസ് ജനസംഖ്യയിൽ ഏതാണ്ട് 70% പേർക്കും കഴിഞ്ഞ വസന്തകാലത്ത് കൊവിഡിൻ്റെ ഒന്നാം തരംഗത്തിൽ നിന്ന് പ്രതിരോധശേഷി ലഭിച്ചിരുന്നു. എന്നിട്ടും ഈ വർഷത്തിന്റെ തുടക്കത്തിൽ വകഭേദത്തിൻ്റെ വരവോടെ നഗരത്തിലെ ആശുപത്രികൾ കൊവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞു.

അടുത്തിടെ ബ്രസീലിൽ നിന്ന് യുകെയിൽ മടങ്ങിയെത്തിയ ആറു പേരിലാണ് പി 1 എന്നറിയപ്പെടുന്ന ബ്രസീൽ വകഭേദം കണ്ടെത്തിയത്. സ്‌കോട്ട്‌ലൻഡിൽ മൂന്ന് കേസുകളും ഇംഗ്ലണ്ടിലെ സൗത്ത് ഗ്ലൗസെസ്റ്റർഷയറിൽ രണ്ട് കേസുകളും ഇതിൽപ്പെടും. ബാക്കിയുള്ള ഒരു കേസ് ഇനിയും കണ്ടെത്താനായിട്ടില്ല.

അതിനിടെ ബ്രിട്ടനിലെ വാക്സിനേഷൻ വിജയകരമായി മുന്നേറുന്നതിൻ്റെ സൂചനകൾ പുറത്ത് വരുന്നതായി ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്. ഓക്സ്ഫോർഡ്-അസ്ട്രാസെനെക്ക അല്ലെങ്കിൽ ഫൈസർ-ബയോടെക് കൊവിഡ് ജാബിന്റെ ഒരൊറ്റ ഡോസ് തന്നെ ആശുപത്രി പ്രവേശനങ്ങളുടെ നിരക്ക് 80% കുറയ്ക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി.

വാക്സിനേഷൻ കഴിഞ്ഞ് മൂന്നോ നാലോ ആഴ്ചയ്ക്കുള്ളിൽ തന്നെ ഇക്കാര്യം വ്യക്തമാക്കുന്ന കണക്കുകൾ ലഭിച്ചു തുടങ്ങിയതായും ഹാൻകോക് പറഞ്ഞു. ആദ്യ ഡോസ് സ്വീകരിച്ച 80 വയസ്സിനു മുകളിലുള്ള ആളുകളെ അടിസ്ഥാനമാക്കിയാണ് പഠനങ്ങൾ നടത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.