
സ്വന്തം ലേഖകൻ: അമേരിക്കയില്‍ ഉത്പാദിപ്പിക്കുന്ന കൊറോണ വൈറസ് വാക്‌സിന്‍ ലഭിക്കുന്നതിന് യുഎസ് പൌരന്മാർക്ക് പ്രപഥമ പരിഗണന നല്‍കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഡിസംബര്‍ 8 ന് ഒപ്പുവെച്ചു. വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ കൊവിഡ് വാക്‌സിന്റെ വിതരണം ഉടന്‍ ആരംഭിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. ഫൈസര്‍ ആന്റ് ബയോ എന്‍ ടെക്കും ഉത്പാദിപ്പിക്കുന്ന വാക്‌സിന് യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ദിവസങ്ങള്‍ക്കുള്ളില്‍ അനുമതി നല്‍കുമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ 50,000 സൈറ്റുകളില്‍ വിതരണം ചെയ്യുന്ന ഈ വാക്‌സിന്‍ യാതൊരു ചെലവുമില്ലാതെ അമേരിക്കക്കാര്‍ക്ക് ലഭിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചതായി ട്രംപ് പറഞ്ഞു. അമേരിക്കന്‍ പൗരന്മാര്‍ക്ക് വാക്‌സിന്‍ ഉറപ്പുവരുത്തിയ ശേഷം മറ്റു രാജ്യങ്ങളുമായി സഹകരിച്ച് അവര്‍ക്കും വാക്‌സിന്‍ ലഭിക്കുന്നതിനുള്ള സൗകര്യം ചെയ്തു കൊടുക്കുമെന്നും ട്രംപ് അറിയിച്ചു.
രാജ്യ പ്രതിരോധത്തിന് ആവശ്യമെങ്കില്‍ ആഭ്യന്തര കമ്പനികളെ ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നതിന് നിര്‍ബന്ധിക്കുന്ന 1950 ലെ നിയമം പുനര്‍ജീവിപ്പിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം ഭരണമേറ്റെടുത്ത് 100 ദിവസത്തിനുള്ളിൽ 10 കോടി പേർക്ക് കോവിഡ് വാക്സിൻ വിതരണം ചെയ്യുമെന്ന് നിയുക്ത യു.എസ് പ്രസിഡൻറ് ജോ ബൈഡൻ പ്രഖ്യാപിച്ചു കഴിഞ്ഞു. ജനുവരി 20നാണ് യു.എസ് പ്രസിഡൻറായി ബൈഡൻ അധികാരമേൽക്കുക. ഇനി ഒരു 100 ദിവസം കൂടി അമേരിക്ക മാസ്ക് അണിയേണ്ടി വരുമെന്ന സൂചന ബൈഡൻ നൽകിയിരുന്നു. പുതിയ ആരോഗ്യസംഘത്തെ നിയമിച്ചതിന് ശേഷമായിരുന്നു ബൈഡൻെറ പ്രഖ്യാപനം.
ഫൈസറിൻെറ വാക്സിന് അടുത്ത ദിവസങ്ങളിൽ തന്നെ യു.എസ് അംഗീകാരം നൽകുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഇതിനിടെയാണ് 100 ദിവസത്തിനിടയിൽ 10 കോടി പേർക്ക് വാക്സിൻ വിതരണത്തിന് യു.എസ് ഒരുങ്ങുന്നുവെന്ന വാർത്തകളും വരുന്നത്.
ഇന്ത്യ
ഇന്ത്യയും കൊവിഡ് 19 പ്രതിരോധ വാക്സിൻ വിതരണത്തിനു തയ്യാറെടുക്കുകയാണ്. വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഫൈസറും അസ്ട്രസെനകയും ഡ്രഗ് കൺട്രോളർ ജനറലിനും അപേക്ഷ സമർപ്പിച്ചുകഴിഞ്ഞു. ഡ്രഗ് കൺട്രോളർ ജനറലിന്റെയും ശാസ്ത്രജ്ഞരുടെയും പച്ചക്കൊടി ലഭിച്ചുകഴിഞ്ഞാൽ ഉടൻ വാക്സിൻ വിതരണത്തിന്റെ ആദ്യഘട്ടം ആരംഭിക്കും. പ്രാഥമിക പട്ടികയിലുളള മുപ്പതു കോടിയോളം ജനങ്ങൾക്കായിരിക്കും ആദ്യഘട്ടത്തിൽ വാക്സിൻ ലഭിക്കുക.
ഒരു കോടിയോളം വരുന്ന ആരോഗ്യപ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ, സായുധസേനാംഗങ്ങൾ, ഹോം ഗാർഡ്സ്, മുനിസിപ്പൽ തൊഴിലാളികൾ എന്നിവരുൾപ്പെടെയുളള രണ്ടു കോടിയോളം വരുന്ന മുന്നണിപ്പോരാളികൾ. പ്രായത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ 27 കോടി പേർ. ഇവരിൽ അമ്പതു വയസ്സിന് മുകളിലുളളവരും രോഗികളായ അമ്പതു വയസ്സിന് താഴെയുളളവരും ഉൾപ്പെടും.
സർക്കാർ-സ്വകാര്യ ആരോഗ്യസംവിധാനങ്ങളുടെ സഹായത്തോടെയാണ് സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങൾ ഡേറ്റകൾ ശേഖരിക്കുന്നത്. ഇത് കോ-വിൻ എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമില്‍ അപ് ലോഡ്ചെയ്തുകൊണ്ടിരിക്കുകയാണ്. ഇത് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്നുമുണ്ട്. നാഷണൽ എക്സ്പർട്ട് ഗ്രൂപ്പ് ഓൺ വാക്സിൻ അഡ്മിനിസട്രേഷൻ ഫോർ കൊവിഡ് (എൻ.ഇ.ജി.വി.എ.സി)യുടെ കീഴിൽ സംസ്ഥാനങ്ങൾ വാക്സിൻ വിതരണത്തിന് നേതൃത്വം നൽകും.
സ്റ്റേറ്റ് സ്റ്റിയറിങ് കമ്മിറ്റികളുടെ സഹായത്തോടെയാകും സംസ്ഥാനങ്ങൾ വിതരണം നടപ്പാക്കുക. ചീഫ് സെക്രട്ടറിയായിരിക്കും സംസ്ഥാന കമ്മിറ്റിയെ നയിക്കുക. സംസ്ഥാന തല ടാസ്ക്ഫോഴ്സിനെ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും നയിക്കും. ജില്ലാ തലത്തിൽ ജില്ലാ കളക്ടറായിരിക്കും ഇതിന് മേൽനോട്ടം വഹിക്കുക. ജില്ലാതല കൺട്രോൾ റൂമുകളും സ്ഥാപിക്കേണ്ടതുണ്ട്.
വാക്സിൻ ശേഖരിച്ച് സൂക്ഷിക്കുന്നതിനായി നിലവിൽ 28,947 കോൾഡ് ചെയിൻ പോയിന്റുകളാണ് രാജ്യത്തുളളത്. ഇവിടെ 85,634 ഉപകരണങ്ങളുണ്ട്. വാക്സിൻ വിതരണം ചെയ്യുന്ന ആദ്യ മൂന്നു കോടി ആളുകൾക്കുളള കൊവിഡ് വാക്സിൻ സംഭരിക്കാനുളള അധിക സംഭരണശേഷി ഇതിനുണ്ടെന്ന് ഹെൽത്ത് സെക്രട്ടറി അറിയിച്ചു. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വേണ്ടിവരുന്ന ഉകപകരണങ്ങളുടെ ആവശ്യകത വിലയിരുത്തുമെന്നും കൂടുതൽ ഉപകരണങ്ങൾ ഡിസംബർ പത്തു മുതൽ വിതരണം ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു.
വാക്സിൻ വിതരണത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ വാക്സിൻ വിതരണം സംബന്ധിച്ച് രൂപീകരിച്ചിട്ടുളള പദ്ധതികൾ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരുന്നു. കൊവിഡ് വാക്സിൻ വിതരണത്തിന്റെ ഭാഗമായി യു.ഐ.പി. പ്രകാരം ഗർഭിണികൾക്കും കുട്ടികൾക്കും നൽകുന്ന 13 കുത്തിവെയ്പ്പുകൾ പോലുളള നിലവിലെ സേവനങ്ങൾ അവസാനിപ്പിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഒമ്പതോളം വാക്സിനുകളാണ് ഇന്ത്യയിൽ വിതരണത്തിനായി ഒരുങ്ങുന്നത്. ഇതിൽ ഫൈസറും കൊവിഷീൽഡും കോവാക്സിനും അടിയന്തര ഉപയോഗത്തിന് അനുമതി തേടിക്കഴിഞ്ഞു. റഷ്യൽ വാക്സിൻ സ്പുട്നിക് ഫൈവ് ഇന്ത്യയിൽ അടുത്താഴ്ച മൂന്നാം ഘട്ട ട്രയൽ ആരംഭിക്കും. സെറം ഇൻസ്റ്റിറ്റ്യൂട്ട് നോവാവാക്സിന്റെ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന എൻവിഎക്സ് കോവ് 2373 മൂന്നാംഘട്ട പരീക്ഷണത്തിനുളള പരിഗണനയിലാണ്. ‘
കാഡില ഹെല്‍ത്ത് കെയറിന്റെ ZYCovD ട്രയലിന്റെ രണ്ടാം ഘട്ടത്തിലും ഹൈദരാബാദിലെ ബയോളൊജിക്കൽ ഇ ലിമിറ്റഡിന്റെ വാക്സിൻ രണ്ടാം ഘട്ട ട്രയലിലും ആണ്. ജെന്നോവയുടെ തോമസ് ജെഫേഴ്സൺ പങ്കാളിത്തതോടെ വികസിപ്പിക്കുന്ന എച്ച്ജിസിഒ 19 വാക്സിന്റെ ഒന്നാം ഘട്ട, രണ്ടാം ഘട്ട ട്രയലുകൾ ആരംഭിക്കാനിക്കുകയാണ്. ‘
ഭാരത് ബയോടെക്കും തോമസ് ജെഫേഴ്സൺ സർവകലാശാലും ചേർന്ന വികസിപ്പിക്കുന്ന വാക്സിൻ ട്രയലുകൾ മുമ്പായുളള ഘട്ടത്തിലെത്തിക്കഴിഞ്ഞു. അരബിന്ദോ ഫാർമയുടെ കീഴിൽ വികസിപ്പിക്കുന്ന വാക്സിനും ക്ലിനിക്കൽ ട്രയലിന്റെ ആദ്യഘട്ടത്തിലാണ്.
യുഎഇ
ചൈനയുടെ സഹകരണത്തോടെ നിര്‍മിച്ച കൊവിഡ് വാക്സിന് യു.എ.ഇ. ഔദ്യോഗിക അംഗീകാരം നല്‍കി. 86% ഫലപ്രാപ്തിയുണ്ടെന്നും വാക്‌സിന്‍ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ ഉടന്‍ അനുമതി നല്‍കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ചൈനയിലെ ബെയ്ജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രോഡക്ടാണ് വാക്‌സിന്‍ വികസിപ്പിച്ചിരിക്കുന്നത്. സീനോഫാമിന്റെ ചൈന നാഷണല്‍ ബയോടെക്ക് ഗ്രൂപ്പിന്റെ ഒരു വിഭാഗമാണ് ബെയ്ജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രോഡക്ട്.
ജൂലൈ മാസത്തിലാണ് യു.എ.ഇ. കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ ആരംഭിച്ചത്. സെപ്റ്റംബറില്‍ ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
കോവിഡ് വാക്സിൻ നിർമാണം രാഷ്ട്രീയവൽക്കരിക്കപ്പെടുന്നതായി ഫൈസർ മേധാവി
അതിനിടെ കോവിഡ് വാക്സിൻ നിർമാണം വലിയ രീതിയിൽ രാഷ്ട്രീയവൽക്കരിക്കപ്പെടുകയാണെന്ന് ഫൈസർ ചീഫ് എക്‌സിക്യൂട്ടീവ് ആൽബർട്ട് ബോറുല വ്യക്തമാക്കി. വാക്സിനെ കുറിച്ച് ജനങ്ങൾക്ക് പല ആശങ്കകളുമുണ്ട്. എന്നാൽ, ഇത്തരം ആശങ്കകൾക്ക് അടിസ്ഥാനമില്ല. വളരെ വേഗത്തിലാണ് വാക്സിനുകൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇതിനാൽ വാക്സിൻ നിർമാണം വലിയ രീതിയിൽ രാഷ്ട്രീയവൽക്കരിക്കപ്പെടുകയാണെന്ന് ഫൈസർ മേധാവി അൽബർട്ട് ബോറുല പറഞ്ഞു.
വാക്സിനുകളെ കുറിച്ച് രാഷ്ട്രീയപരമായ ചർച്ചകളാണ് നടക്കുന്നത്. അതിന് ശാസ്ത്രവുമായി യാതൊരു ബന്ധവുമില്ല. സുരക്ഷിതമായ വാക്സിൻ ജനങ്ങളിലേക്ക് എത്തിക്കാനാണ് കമ്പനികൾ മുൻഗണന നൽകുന്നത്. നിയന്ത്രണ ഏജൻസികളും ഇക്കാര്യത്തിൽ ജാഗ്രത തുടരുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വാക്സിൻ പരീക്ഷണം നടത്തിയത്. ഇപ്പോൾ നിലവിലുള്ള വാക്സിനുകളുടെ അത്രത്തോളം സുരക്ഷിതത്വം ഈ സാങ്കേതിക വിദ്യക്കുമുണ്ട്. ഉയർന്ന നിലവാരത്തിലാണ് വാക്സിൻ പരീക്ഷണം നടത്തിയതെന്നും ഫൈസർ സി.ഇ.ഒ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല