1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2021

സ്വന്തം ലേഖകൻ: കോവിഡ് വാക്‌സിന്റെ പേറ്റന്റ് അവകാശം വേണ്ടെന്ന് വെയ്ക്കാന്‍ തയ്യാറായി അമേരിക്ക. ഇതോടെ വാക്‌സിന്‍ നിര്‍മ്മാണം ദ്രുതഗതിയില്‍ നടത്താനും കൂടുതല്‍ പേരിലേക്ക് വാക്‌സിന്‍ എത്തിക്കാനും സാധിക്കും. വാക്‌സിന്റെ വിലയിലും കുറവ് വരുമെന്നാണ് കണക്കുകൂട്ടലുകള്‍. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നടക്കം വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വാക്‌സിന് പേറ്റന്റ് അവകാശം ഉപേക്ഷിക്കാന്‍ തയ്യാറായി ബൈഡന്‍ സര്‍ക്കാര്‍ മുന്നോട്ടു വന്നിരിക്കുന്നത്.

നിലവില്‍ ചില വാക്‌സിനുകളുടെ പേറ്റന്റ് അവകാശം അമേരിക്ക കൈവശം വെച്ചിരിക്കുന്നതിനാല്‍ കൂടുതല്‍ കമ്പനികള്‍ക്ക് വാക്‌സിന്‍ നിര്‍മ്മാണം സാധ്യമായിരുന്നില്ല. ഇത് കൊവിഡ് പ്രതിരോധ പോരാട്ടത്തില്‍ വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത് വിവിധ രാജ്യങ്ങളും ലോകാരോഗ്യ സംഘടനയും ചൂണ്ടിക്കാട്ടിയിരുന്നു.

സമ്പന്ന രാഷ്ട്രങ്ങള്‍ വാക്‌സിന്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെതിരെ വലിയ വിമര്‍ശനവുമുയര്‍ന്നിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പല രാഷ്ട്രങ്ങളും കടുത്ത വാക്‌സിന്‍ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തിലും 300 മില്യണ്‍ അധിക ഡോസുകളാണ് അമേരിക്കയുടെ കൈവശമുള്ളത്. ഇതും അമേരിക്കെതിരെ വിമര്‍ശനത്തിന് കാരണമായിരുന്നു.

പേറ്റന്റ് വേണ്ടെന്ന് വെയ്ക്കാനുള്ള അമേരിക്കയുടെ തീരുമാനം ലോക വ്യാപാര സംഘടനയിലെ അമേരിക്കന്‍ പ്രതിനിധി കാതറിന്‍ തായ്‌യാണ് ഔദ്യോഗികമായി പുറത്തുവിട്ടത്. ആഗോള ആരോഗ്യ പ്രതിസന്ധിയാണ് നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും കൊവിഡ് 19 സൃഷ്ടിച്ചിരിക്കുന്ന ഈ അസാധാരണ സന്ദര്‍ഭത്തില്‍ അസാധാരണമായ നടപടികള്‍ ആവശ്യമാണെന്നും ഈ പ്രസ്താവനയില്‍ പറയുന്നു.

അമേരിക്കയുടെ തീരുമാനത്തെ അഭിനന്ദിച്ചു കൊണ്ട് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥാനം രംഗത്തുവന്നു. കൊവിഡിനെതിരെയുള്ള പോരാട്ടിത്തിലെ ചരിത്രനിമിഷമാണിതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. പേറ്റന്റ് അവകാശം വേണ്ടെന്നുവെയ്ക്കാനുള്ള അമേരിക്കയുടെ തീരുമാനം ആഗോള ആരോഗ്യ പ്രതിസന്ധികളെ നേരിടുമ്പോള്‍ ശക്തമായ നേതൃത്വം എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.