
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധത്തിലെ പിഴവുകളുടെ പേരിൽ ബ്രസീലിൽ പ്രസിഡന്റ് ജൈർ ബോൽസനാരോയ്ക്കെതിരേ ജനകീയ പ്രതിഷേധം. രാജ്യത്തെ 24 സംസ്ഥാനങ്ങളിലായി 200 ഓളം നഗരങ്ങളിലാണ് ശനിയാഴ്ച പ്രതിഷേധം അരങ്ങേറിയതെന്ന് ഗ്ലോബോ ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്തു.
വടക്കുകിഴക്കൻ പ്രവിശ്യയിലെ റിസിഫിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് റബർ ബുള്ളറ്റുകളും കണ്ണീർ വാതകവും ഉപയോഗിച്ചു. കോവിഡ് പ്രതിസന്ധിയുടെ പേരിൽ കടുത്ത വിമർശനമാണ് പ്രസിഡന്റ് ഏറ്റുവാങ്ങുന്നത്. യുഎസിനു പിന്നാലെ ലോകത്തിൽ ഏറ്റവും കൂടുതൽ മരണനിരക്ക് ബ്രസീലിലാണ്. രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് മൂന്നാംസ്ഥാനത്തും. യുഎസും ഇന്ത്യയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
അതേസമയം പ്രായപൂർത്തിയായവരുടെ വാക്സീനേഷൻ പൂർത്തിയായതോടെ ബ്രസീലിലെ സാവോപോളോ സംസ്ഥാനത്തെ സെറാനയിൽ കോവിഡ് മരണങ്ങൾ 95% കുറഞ്ഞു. പ്രായപൂർത്തിയായവരിൽ മിക്കവരെയും വാക്സിനേറ്റ് ചെയ്തതാണ് കോവിഡ് മരണങ്ങൾ കുറയാൻ കാരണമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചൈനയുടെ സൈനോവാക് ബയോടെക് പുറത്തിറക്കിയ കൊറോണവാക് വാക്സീൻ നിർമിക്കുന്ന ബ്രസീലിലെ ഇൻസ്റ്റ്യുട്ടോ ഭൂട്ടൻട്ടൻ സ്ഥാപനം, 45,000 പേർ വസിക്കുന്ന സെറാന നഗരത്തെ ഒരു പഠനവിഷയമാക്കിയിരുന്നു. വാക്സിനേഷൻ തുടങ്ങിയപ്പോൾ നഗരത്തിൽ കോവിഡ് കേസുകൾ വർധിച്ചിരുന്നു. എന്നാൽ 75 ശതമാനത്തോളം പേരും വാക്സീൻ സ്വീകരിച്ചതോടെ ഇത് കുറഞ്ഞു.
ശാസ്ത്രജ്ഞർ സെറാനയെ നാലായി തിരിച്ചാണ് വാക്സിനേഷൻ പൂർത്തിയാക്കിയത്. മൂന്നു മേഖലകളിൽ വാക്സീൻ രണ്ടാം ഡോസ് നൽകിയതോടെ രോഗബാധിതരിൽ ഗണ്യമായ കുറവുണ്ടായി. ലക്ഷണങ്ങളുള്ള രോഗികളുടെ എണ്ണം 80 ശതമാനമായും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരുന്ന കേസുകൾ 86 ശതമാനമായും കുറഞ്ഞു. കോവിഡ് മരണങ്ങൾ 95 ശതമാനവും കുറഞ്ഞെന്ന് ഭൂട്ടൻട്ടനിൽനിന്നുള്ള കണക്കുകളെ അടിസ്ഥാനമാക്കി ടിവി ഗ്ലോബോ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല