1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 15, 2021

സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ സൗദിയിലെ അഞ്ച് ലക്ഷത്തോളം ഇന്ത്യന്‍ പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങിയതായി കണക്കുകള്‍. സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഔസാഫ് സയീദാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ 22 ലക്ഷം ഇന്ത്യന്‍ പ്രവാസികളാണ് സൗദിയില്‍ താമസിക്കുന്നത്.

അതേസമയം, അഞ്ച് ലക്ഷത്തോളം പേര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സൗദിയില്‍ നിന്ന് മടങ്ങിയെങ്കിലും രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമായി ഇന്ത്യക്കാര്‍ തന്നെ ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. കോവിഡിന് മുമ്പ് 26 ലക്ഷത്തിലേറെയായിരുന്നു സൗദിയിലെ ആകെ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം. എന്നാല്‍ ഇന്ന് അത് 22 ലക്ഷമായി കുറഞ്ഞു. ഏകദേശം അഞ്ചു ലക്ഷത്തോളം പേരുടെ കുറവാണ് ഇന്ത്യന്‍ പ്രവാസികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നതെന്നും അംബാസഡര്‍ അറിയിച്ചു.

കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികള്‍, ശമ്പളം കിട്ടാത്ത സ്ഥിതി, ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട സാഹചര്യം, തൊഴിലില്ലായ്മ, ലോക്ക്ഡൗണ്‍ കാലത്ത് കമ്പനികള്‍ അടച്ചുപൂട്ടിയത് തുടങ്ങിയ നിരവധി കാരണങ്ങളാലാണ് ഇത്രയേറെ ഇന്ത്യന്‍ പ്രവാസികളെ സൗദി വിടാന്‍ നിര്‍ബന്ധിതരാക്കിയത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസ് നിര്‍ത്തിവച്ചത് കാരണം നാട്ടിലേക്ക് മടങ്ങിയവരില്‍ പലര്‍ക്കും തിരികെ എത്താന്‍ സാധിച്ചിരുന്നുമില്ല.

സൗദി അറേബ്യയിലെ 40ഓളം ഇന്ത്യന്‍ സ്‌കൂളുകളിലായി 80,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നതായും അംബാസഡര്‍ അറിയിച്ചു. രാജ്യത്തിന്റെ എല്ലാ മേഖലകളിലും ഇന്ത്യന്‍ പ്രവാസികളുടെ സാന്നിധ്യമുണ്ട്. സാമൂഹിക കാര്യങ്ങളില്‍ സജീവമായ പങ്കാളിത്തമാണ് ഇന്ത്യക്കാര്‍ നിര്‍വഹിക്കുന്നത്.

പല ഇന്ത്യക്കാരും കുടുംബ സമേതം സൗദിയില്‍ താമസമാക്കിയവരാണ്. സൗദിയില്‍ ജനിച്ച് ഒരുക്കല്‍ പോലും ഇന്ത്യയിലേക്ക് പോയിട്ടില്ലാത്ത നിരവധി പേര്‍ രാജ്യത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നര കോടിയോളം വരുന്ന സൗദി ജനസംഖ്യയില്‍ ഒരു കോടിയിലേറെ ജനങ്ങള്‍ പ്രവാസികളാണെന്നാണ് കണക്കുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.