1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 2, 2022

സ്വന്തം ലേഖകൻ: ലോകരാജ്യങ്ങൾ കോവിഡ് വ്യാപന ഭീഷണിയിൽ കഴിയവെ മാസ്ക് ധരിക്കൽ ഉൾപ്പെടെ എല്ലാ ആഭ്യന്തര കോവിഡ് നിയന്ത്രണങ്ങളും നീക്കി ഡെൻമാർക്ക്. നിശാക്ലബ്ബുകൾ തുറന്ന രാജ്യത്ത്, രാത്രിയുള്ള മദ്യവിൽപ്പനയും പുനഃരാരംഭിച്ചു. ഇതാദ്യമായാണ് ഒരു യൂറോപ്യൻ രാജ്യം കോവിഡ് നിയന്ത്രണങ്ങൾ നീക്കിയിരിക്കുന്നത്.

വിവിധ ഇടങ്ങളിൽ പ്രവേശിക്കാൻ ഏർപ്പെടുത്തിയിരുന്ന ഡാനിഷ് കൊറോണവൈറസ് ആപ്പിന്റെ ആവശ്യവും ഇനിയില്ലെന്ന് സർക്കാർ വ്യക്തമാക്കി. രാജ്യത്ത് കോവിഡ് കേസുകൾ ഉയർന്ന് നിൽക്കവെ തന്നെയാണ് പുതിയ തീരുമാനങ്ങൾ. നിലവിൽ കോവിഡ് ഗുരുതര ഭീഷണിയുള്ള രോഗമല്ലെന്ന് വിലയിരുത്തിയാണ് നിയന്ത്രണങ്ങൾ നീക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കിയതായി ബിബിസി റിപ്പോർട്ട് ചെയ്തു.

ഡെൻമാർക്കിലെ ഉയർന്ന വാക്സിനേഷൻ നിരക്ക് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നിയന്ത്രണങ്ങൾ നീക്കുന്നെന്ന് പ്രഖ്യാപിച്ചത്. അഞ്ച് വയസ്സിന് മുകളിലുള്ള ജനസംഖ്യയുടെ 80 ശതമാനം പേര്‍ക്കും രണ്ടു ഡോസ് വാക്‌സിന്‍ നൽകിയിട്ടുണ്ട്. 60 ശതമാനം പേര്‍ക്ക് ബൂസ്റ്റര്‍ ഡോസും നൽകി.

“വാക്‌സിന്‍ എടുത്തവര്‍ക്ക് ഒമിക്രോണ്‍ ഗുരുതരമായ രോഗമല്ലാത്തതിനാല്‍, നിയന്ത്രണങ്ങള്‍ നീക്കുന്നത് ശരിയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,“ എപ്പിഡെമിയോളജിസ്റ്റ് ലോണ്‍ സൈമണ്‍സെന്‍ വാർത്താ ഏജൻസിയായ എഎഫ്ഫിയോട് പറഞ്ഞു.

ചൊവ്വാഴ്ച മുതല്‍, കടകളിലും റെസ്റ്റോറന്‍റുകളിലും പൊതുഗതാഗതത്തിലും മാസ്‌ക് ആവശ്യമില്ല. ഹാളുകളിലും മറ്റും ഒത്തുകൂടുന്നതിന് ആളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതും, സാമൂഹിക അകലം പാലിക്കലും നിർത്തലാക്കി. രാജ്യത്തെ കോവിഡ് പാസ് ആപ്പ് ഇനി ആവശ്യമില്ല. അതേസമയം സ്വകാര്യ ചടങ്ങുകൾ സംഘടിപ്പിക്കുന്നവർക്ക് ഇത് വേണമെങ്കിൽ ഉപയോഗിക്കാം.

അതേസമയം ചില നിയന്ത്രണങ്ങൾ ഡെൻമാർക്കിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഡെന്മാര്‍ക്കിന്‍റെ ഫ്രീ ട്രാവല്‍ സോണിന് പുറത്ത് നിന്ന് വാക്‌സിന്‍ എടുക്കാതെ അതിര്‍ത്തി കടക്കുന്നതിന് നിയന്ത്രണമുണ്ട്. ആശുപത്രികളിലും പരിചരണ കേന്ദ്രങ്ങളിലും മാസ്‌ക് ഉപയോഗിക്കുകയും വേണം. പുതിയ തീരുമാനത്തോട് പ്രതികരിച്ച ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡ്രിക്‌സെന്‍ പൂര്‍ണ്ണമായും തുറന്ന ഡെന്മാര്‍ക്കിന് സുപ്രഭാതം എന്നായിരുന്നു ഫേസ്ബുക്കില്‍ കുറിച്ചത്. വാക്‌സിന്‍ എടുത്ത ജനങ്ങള്‍ക്ക് മെറ്റെ നന്ദിയും പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.