1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2021

സ്വന്തം ലേഖകൻ: കോവിഡ് മഹാമാരിക്ക് കാരണമായ വൈറസിന്റെ ഉത്ഭവം വുഹാനിലെ വൈറോളജി ലാബിൽ നിന്നാണെന്ന സിദ്ധാന്തത്തെ തള്ളി ചൈനീസ് ശാസ്ത്രജ്ഞ. ഇത്തരമൊരു സിദ്ധാന്തത്തിന് യാതൊരു തെളിവുകളുമില്ലെന്ന് വുഹാൻ വൈറോളജി ലാബിലെ ശാസ്ത്രജ്ഞ കൂടിയായ ഡോ ഷി ഷെൻഗ്ലി രാജ്യാന്തര മാധ്യമത്തോട് വ്യക്തമാക്കി.

യാതൊരു തെളിവുകളും ഇല്ലാത്ത ഒരു സംഭവത്തിന് ഞാൻ എങ്ങനെ തെളിവുകൾ നൽകാനാണ്? നിരപരാധികളായ ശാസ്ത്രജ്ഞരെ പഴിചാരുന്ന ഇത്തരത്തിൽ ഒരു നിഗമനത്തിലേക്ക് ലോകം എങ്ങനെയാണ് എത്തിയതെന്ന് അറിയില്ലെന്നും ഷി ഷെൻഗ്ലി ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.

കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഇന്റലിജൻസ് ഏജൻസിക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ മാസം നിർദേശം നൽകിയിരുന്നു. ലാബിൽ നിന്നാണ് വൈറസ് പടർന്നതെന്ന സിദ്ധന്തം അന്വേഷണ വിധേയമാക്കണമെന്നും ബൈഡൻ നിർദേശിച്ചിരുന്നു. മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കോവിഡ് പകർന്നത് ചൈനയിലെ ലാബിൽ നിന്നാണെന്ന് ആരോപിച്ചിരുന്നു.

അതേസമയം കോവിഡ് ഒന്നാം തരംഗ വേളയിൽ വ്യാപകമായി ഇതൊരു ഗൂഢാലോചന സിദ്ധാന്തമായി തള്ളിക്കളഞ്ഞിരുന്നു. എന്നാൽ 2019ൽ യുനാനിലുള്ള ഒരു വവ്വാൽ ഗുഹ സന്ദർശിച്ച ശേഷം വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്ന് ഗവേഷകർക്ക് രോഗം പിടിപെട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഈ ലാബ് സിദ്ധാന്തം വീണ്ടും ചർച്ചയായത്. വവ്വാലുകളിലെ കൊറോണ വൈറസുമായി ബന്ധപ്പെട്ട പഠനങ്ങളിൽ വിദഗ്ധയാണ് ഷി ഷെൻഗ്ലി.

വൈറസുകളെ ജനിതക മാറ്റം വരുത്തി ശക്തിപ്പെടുത്തി മറ്റൊരു ജീവിയിൽ അതുണ്ടാക്കുന്ന മാറ്റങ്ങൾ പഠനവിധേയമാക്കുന്ന ഗെയിൽ ഓഫ് ഫംഗ്ഷൻ എന്ന ഗവേഷണ രീതിയിൽ ഷി വിദഗ്ധയാണെന്നും ഒരുവിഭാഗം ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടിരുന്നു. ഷി ഷെൻഗ്ലിയും സഹപ്രവർത്തകരും വുഹാൻ ലാബിൽ ജനിതക മാറ്റം വരുത്തിയ വൈറസുകളെക്കുറിച്ച് പരീക്ഷണം നടത്തിയെന്ന് 2017ൽ പുറത്തിറങ്ങിയ ഒരു ജേണലിൽ റിപ്പോർട്ട് ചെയ്യുന്നു.

വൈറസുകളെ കൂട്ടിയിണക്കി ജനിതക മാറ്റം വന്ന പുതിയൊരു ഹൈബ്രിഡ് വൈറസിനെ സൃഷ്ടിച്ചെന്നും ഇതിൽ കുറഞ്ഞത് ഒരെണ്ണമെങ്കിലും മനുഷ്യരിലേക്ക് പകർന്ന് ഇരട്ടിക്കുന്നതാണെന്നും ജേണലിൽ പറയുന്നതായി ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം വൈറസുകൾ എങ്ങനെയാണ് മറ്റു ജീവികളിലേക്ക് പടരുകയെന്ന് തിരിച്ചറിയാനുള്ള പഠനമാണ് നടത്തിയതെന്നും ഗെയിൻ ഓഫ് ഫങ്ഷൺ പരീക്ഷണങ്ങളൊന്നും നടത്തിയിട്ടില്ലെന്നുമാണ് ഷി ഇപ്പോൾ ന്യൂയോർക്ക് ടൈംസിനോട് വ്യക്തമാക്കിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.