
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ മറ്റു രാജ്യങ്ങളിലേക്കുള്ള വാക്സീൻ കയറ്റുമതി ഇന്ത്യ നിർത്തിവച്ചതായി റിപ്പോർട്ട്. സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന അസ്ട്രാസെനക വാക്സീന്റെ കയറ്റുമതിയാണ് ഇന്ത്യ താൽക്കാലികമായി നിർത്തിയത്. ആഭ്യന്തര തലത്തിൽ ആവശ്യം വർധിക്കുന്നതിനാലാണ് ലോകത്തിലെ ഏറ്റവും വലിയ വാക്സീൻ നിർമാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള വാക്സീൻ കയറ്റുമതി ഇന്ത്യ നിർത്തിവയ്ക്കുന്നതെന്ന് വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഗ്ലോബൽ വാക്സീൻ സമ്മിറ്റും(GAVI) ലോകാരോഗ്യ സംഘടനും ആഗോള വാക്സീൻ പങ്കുവയ്ക്കൽ സംവിധാനത്തിലൂടെ വാക്സീൻ വിതരണം ചെയ്യുന്ന കുറഞ്ഞ വരുമാനമുള്ള 64 രാജ്യങ്ങളെയാണ് ഈ നടപടി ഗുരുതരമായി ബാധിക്കുകയെന്ന് യുനിസെഫ് അറിയിച്ചു.
“കൂടുതൽ വാക്സീൻ ഡോസുകളുടെ കയറ്റുമതിയ്ക്കായുള്ള അനുമതി വൈകുന്നത് കുറഞ്ഞ വരുമാനമുള്ള 64 രാജ്യങ്ങളുടെ വാക്സീൻ ലഭ്യതയെ കാര്യമായി ബാധിക്കും. മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ സീറം ഇൻസ്റ്റിറ്റ്യൂട്ട് കയറ്റുമതി പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്സീൻ വിതരണം എത്രയും പെട്ടന്ന് പുനരാരംഭിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്,“ യുനിസെഫ് വ്യക്തമാക്കി.
എന്നാൽ വിദേശകാര്യമന്ത്രാലയമോ സീറം ഇൻസ്റ്റിറ്റ്യൂട്ടോ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. നിരവധി രാജ്യങ്ങളാണ് വാക്സീനായി ഇന്ത്യയിൽ പ്രതീക്ഷ അർപ്പിച്ച് നിൽക്കുന്നത്. വ്യാഴാഴ്ച മുതൽ ഇന്ത്യയിൽ നിന്ന് വാക്സീൻ കയറ്റുമതി നടന്നിട്ടില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ചൂണ്ടിക്കാട്ടുന്നത്.
ബ്രസീൽ, ബ്രിട്ടൻ, മൊറോക്ക, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വാക്സീൻ കയറ്റുമതി ഇപ്പോൾ തന്നെ മന്ദഗതിയിലാണ്. സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഓർഡർ ചെയ്ത 5 മില്യൺ ഡോസുകളുടെ രണ്ടാം ബാച്ച് വാക്സീൻ ലഭിക്കുന്നതിനായി ബ്രിട്ടൻ കേന്ദ്ര സർക്കാരിനെ സമീപിച്ചതായാണ് റിപ്പോർട്ടുകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല