1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2022

സ്വന്തം ലേഖകൻ: കോവിഡ് വന്നുപോയിട്ടും മണവും രുചിയും തിരിച്ചുകിട്ടാത്തവരുടെ എണ്ണം കൂടുന്നതായി പഠനം. കോവിഡ് സ്ഥിരീകരിച്ച 2.7 കോടിയാളുകൾ (അതായത് ആകെ കോവിഡ് ബാധിച്ചവരുടെ അഞ്ചു ശതമാനം) ദീർഘകാലമായി മണവും രുചിയും അറിയാതെ കഴിയുന്നുവെന്നാണ് കണക്കുകൾ കാണിക്കുന്നത്.

ബ്രിട്ടീഷ് മെഡിക്കൽ ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോവിഡ് രോഗികളുടെ മണവും രുചിയും സംബന്ധിച്ച 18 മുൻകാല പഠനങ്ങൾ ഗവേഷകർ വിലയിരുത്തി. കോവിഡ് വന്ന് മാസങ്ങൾ കഴിഞ്ഞിട്ടും രോഗികളിൽ മൂന്നിലൊരു വിഭാഗത്തിനും മണവും രുചിയും തിരിച്ചു കിട്ടിയിട്ടില്ലെന്നാണ് കണ്ടെത്തിയത്.

രോഗം ബാധിച്ചവർ എളുപ്പം സുഖപ്പെടുന്നുണ്ട്. എന്നാൽ കോവിഡ് വന്ന് ആറുമാസം കഴിഞ്ഞിട്ടും വിഷാദരോഗം പോലുള്ളവ നേരിടുന്നതായി അഞ്ചു ശതമാനം ആളുകൾ പറയുന്നു. കോവിഡ് രോഗികളിൽ ദീർഘകാലത്തേക്ക് രുചിയും മണവും നഷ്ടപ്പെടുന്നത് പഠനത്തിന് വിധേയമാക്കേണ്ട സംഗതിയാണെന്ന് വിദഗ്ധർ പറയുന്നു.

മണം നഷ്ടപ്പെടുന്നത് പ്രായമായവരിൽ മരണനിരക്ക് കൂടാനും ആളുകളുടെ ദൈനംദിന ജീവിതത്തെ തന്നെയും ബാധിക്കുന്നതായി സ്റ്റൻഫോർഡ് യൂനിവേഴ്സിറ്റി ഫിസിഷ്യൻ ഡോ. സാറ പട്ടേൽ ചൂണ്ടിക്കാട്ടു. സാറ ഗവേഷണത്തിന്റെ ഭാഗമായിരുന്നില്ല. ലക്ഷക്കണക്കിന് കോവിഡ് രോഗികൾക്ക് മണം നഷ്ടപ്പെടുന്നത് ആരോഗ്യ മേഖലയിലെ പുതിയ പ്രതിസന്ധിയാണെന്നും അവർ വിലയിരുത്തി. മഹാമാരിയുടെ തുടക്കത്തിൽ മണം നഷ്ടപ്പെടുന്നതായിരുന്നു​ പ്രധാന രോഗലക്ഷണം.

3700 രോഗികളെയാണ് ബ്രിട്ടീഷ് മെഡിക്കൽ ജേണൽ പഠനവിധേയമാക്കിയത്. കൂടാതെ വടക്കേ അമേരിക്ക, യൂറോപ്, ഏഷ്യ വൻകരകളിലുള്ള ഇതുസംബന്ധിച്ച പഠനങ്ങളും ഉൾക്കൊള്ളിച്ചു.കോവിഡ് ബാധിച്ച പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിൽ മണവും രുചിയും തിരിച്ചു കിട്ടുന്നത് വളരെ പതുക്കെയാണെന്നും കണ്ടെത്താനായി.

കോവിഡ് വന്നവരിൽ 74 ശതമാനം പേർക്കും ഒരു മാസത്തിനുള്ളിൽ മണവും രുചിയും തിരിച്ചുകിട്ടിയിട്ടുണ്ട്. മൂന്നു മാസം കഴിഞ്ഞപ്പോൾ 90 ശതമാനം ആളുകൾക്കും രുചിയും മണവും അനുഭവിക്കാനായി. ആറു മാസം പിന്നിട്ടപ്പോൾ 96 ശതമാനം ആളുകളും കോവിഡ് പൂർവ കാലത്തെ ശാരീരികാവസ്ഥ തിരിച്ചുപിടിച്ചു. കോവിഡ് വൈറസ് എങ്ങനെയാണ് മണം നഷ്ടപ്പെടാൻ ഇടയാക്കുന്നതെന്ന ഗവേഷണത്തിലാണ് ഇ​പ്പോഴും ശാസ്ത്രജ്ഞർ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.