
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും വര്‍ദ്ധനവ് തുടരുന്ന സാഹചര്യത്തില്‍ വീട്ടിൽ ഇരുന്നുകൊണ്ട് കോവിഡ് ടെസ്റ്റ് നടത്താവുന്ന കോവിഡ് ടെസ്റ്റ് കിറ്റിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചി (ഐസിഎംആർ) ന്റെ പച്ചക്കൊടി. രോഗ ലക്ഷണം ളള്ളവരും പോസിറ്റീവ് റിസള്‍ട്ട് കിട്ടിയവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരും മാത്രം കിറ്റ് ഉപയോഗിക്കാനാണ് നിര്‍ദേശം.
ഇക്കാര്യത്തിലുള്ള മാര്‍ഗ്ഗരേഖയും പുറത്തുവിട്ടിട്ടുണ്ട്. ഗൂഗിൾ പ്ലേസ്റ്റോറിലോ ആപ്പിൾ സ്റ്റോറിലോ ഡൗൺലോഡ് ചെയ്യാവുന്ന മൊബൈൽ ആപ്പിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രകാരം ടെസ്റ്റ് നടത്താനാണ് അനുമതി. ടെസ്റ്റ് നടത്തിയശേഷം ടെസ്റ്റ് സ്ട്രിപ്പിന്റെ പടമെടുത്ത് ഫോണിൽ സൂക്ഷിക്കണം.
ടെസ്റ്റ് വിവരങ്ങൾ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ സെർവറിൽ സൂക്ഷിക്കും. വ്യക്തിഗത വിവരങ്ങൾ ചോർന്നുപോവില്ലെന്നും അവർ വ്യക്തമാക്കി. പോസിറ്റീവായാല്‍ ക്വാറന്‍റീനിലേക്ക് മാറണം. ഗുരുതര രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ ഹോം ടെസ്റ്റ് നെഗറ്റീവ് ആയാൽ പോലും ആർടിപിസിആർ പരിശോധനയ്ക്ക് വിധേയമാകാനും നിര്‍ദേശത്തില്‍ ഐസിഎംആർ പറയുന്നു.
കോവിഡ് ടെസ്റ്റിന്റെ കാര്യത്തില്‍ ലാബുകളിലെ തിരക്ക് കുറയ്ക്കാന്‍ പുണെ ആസ്ഥാനമായ മൈ ലാബ് ഡിസ്‌കവറി സൊല്യൂഷൻസ് ലിമിറ്റഡ് എന്ന കമ്പനിയാണ് കോവിസെൽഫ് ടിഎം എന്ന കിറ്റ് തയാറാക്കിയത്. മൂക്കിലെ സ്രവം ഉപയോഗിച്ചുള്ള പരിശോധനാ കിറ്റ് ഉടന്‍ വിപണിയിലെത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല