1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2021

സ്വന്തം ലേഖകൻ: വിദേശികൾക്ക് കുവൈത്തിൽനിന്ന് പുറത്ത് പോകാൻ അനുമതിയുണ്ടായിരിക്കുമെന്നു സർക്കാർ വക്താവ് താരീഖ് അൽ മുസ‌റം അറിയിച്ചു. 2 ഡോസ് കോവിഡ് വാക്സീൻ എടുക്കാത്ത സ്വദേശികൾ രാജ്യത്തിന് പുറത്തേക്ക് പോകുന്നത് വിലക്കാനും പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിൻ‌റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

അവരുടെ കുടുംബാംഗങ്ങൾക്കും ഗാർഹിക തൊഴിലാളികൾക്കും വിലക്ക് ബാധകമായിരിക്കും. മേയ് 22 മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. കോവിഡ് വാക്സീൻ നിർബന്ധമാക്കിയിട്ടില്ലാത്ത പ്രായത്തിലുള്ളവർക്ക് വിലക്ക് ബാധകമായിരിക്കില്ല. കൊറോണ വൈറസിൻ‌റെ ഇന്ത്യൻ വകഭേദം രാജ്യത്ത് എത്തുന്നത് തടയുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹ് മന്ത്രിസഭാ യോഗത്തിൽ വിശദീകരിച്ചു.

വാക്സിനേഷൻ കേന്ദ്രങ്ങളിൽ നല്ല പ്രതികരണം അനുഭവപ്പെടുന്നതായും മന്ത്രി പറഞ്ഞു. വാക്സീൻ സ്വീകരിക്കുന്ന കാര്യത്തിൽ അലസത കാണിക്കരുതെന്ന് മന്ത്രിസഭായോഗം സ്വദേശികളോടും വിദേശികളോടും അഭ്യർഥിച്ചു. ആരോഗ്യമന്ത്രാലയത്തിൽ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിന് അപ്ലൈഡ് എജ്യുക്കേഷൻ ആൻഡ് ട്രെയ്നിങ് അതോറിറ്റിയിലെ 500 നഴ്സിങ് വിദ്യാർഥികളുടെ സേവനം 6 മാസത്തേക്ക് പ്രയോജനപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു.

ഭാവിയിൽ രാജ്യത്തെ ആരോഗ്യ സംവിധാനങ്ങളിൽ ജോലിചെയ്യുന്നതിനുള്ള പരിശീലനം കൂടിയായി സേവനം പ്രയോജനപ്പെടുമെന്ന നിഗമനത്തിലാണ് അത്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർക്ക് പ്രശംസ്സാപത്രം നൽകാൻ ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.