1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2021

സ്വന്തം ലേഖകൻ: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്കു പോകാനിരുന്ന പ്രവാസികൾ വ്യാപകമായി യാത്ര റദ്ദാക്കുന്നു. നാട്ടിൽ നിന്ന് അടുത്ത മാസവും മറ്റും മടങ്ങാനിരുന്നവർ മടക്കയാത്ര നേരത്തേയാക്കുന്നുമുണ്ട്. നാട്ടിലേക്കു പോയാൽ മടങ്ങി വരാൻ സാധിക്കാതിരുന്നാലോ എന്ന ആശങ്കയെ തുടർന്നാണിത്.

കോവിഡ് വ്യാപിച്ചതോടെ പല ഗൾഫ് രാജ്യങ്ങളും ഇന്ത്യക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങിയിട്ടുമുണ്ട്. ഇന്ത്യയിൽ നിന്നു വരുന്നവർ 48 മണിക്കൂർ കാലാവധിയുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണമെന്നും ഇതിൽ ക്യൂ ആർ കോഡ് നിർബന്ധമാണെന്നുമുള്ള ദുബായ് നിർദേശം പ്രവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.

മുൻപ് 72 മണിക്കൂർ കാലാവധിയുള്ള നെഗറ്റീവ് സർട്ടിഫിക്കറ്റ് മതിയായിരുന്നു. ഇതിനു പുറമേ അബുദാബിയിലേക്കും മറ്റും എത്തുന്നതിന് ഇപ്പോഴും അനുമതി ലഭിക്കാതെ നാട്ടിൽ കഴിയുന്നവരുമുണ്ട്. റജിസ്റ്റർ ചെയ്യുമ്പോൾ അനുമതി ലഭിച്ച് പച്ച സിഗ്നൽ ആയാലും വിമാനത്താവളത്തിൽ എത്തുമ്പോൾ സിസ്റ്റത്തിൽ ചുവപ്പ് നിറം തെളിഞ്ഞു പലരുടെയും യാത്ര മുടങ്ങുന്നതും പതിവാണ്.

നാട്ടിലേക്കു പോയാൽ ദുബായ് ഉൾപ്പെടെയുള്ള എമിറേറ്റുകളിലും ഈ സാഹചര്യം ഉണ്ടാകുമോ എന്ന ഭയവുമുണ്ട്. ഉത്സവ സീസൺ ആയതിനാൽ പൊതുവേ നാട്ടിലേക്ക് പോകുന്നവരുടെ എണ്ണം ഇപ്പോൾ ഏറെയാണ്. എന്നാൽ ഇത്തവണ യാത്ര റദ്ദാക്കുന്നവർ ഏറെയാണെന്നും 30% മാത്രമാണ് ടിക്കറ്റ് ബുക്കിങ് നടക്കുന്നതെന്നും ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നു.

നിയമങ്ങൾ അടിക്കടി മാറുന്നതിനാൽ പൊതുവേ മുൻകൂട്ടി ബുക്കിങ് ഇപ്പോൾ കുറവാണ്. മിക്കപ്പോഴും നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം മാത്രമാണ് ഇപ്പോൾ പലരും ടിക്കറ്റെടുക്കുന്നത്. പ്രത്യേകിച്ച് കുടുംബവുമായി പോകുന്നവർ. ഒരാൾക്ക് കോവിഡ് ബാധയുണ്ടായാൽ മുഴുവൻ പേരുടെയും യാത്ര മുടങ്ങുമെന്നതാണു സ്ഥിതി.

അതിനിടെ രൂപയുടെ മൂല്യം താഴ്ചയിൽ തുടരുന്നതിനാൽ നാട്ടിലേക്ക് പണമയയ്ക്കുന്ന പ്രവാസികളുടെ എണ്ണവും ഏറി. കഴിഞ്ഞദിവസങ്ങളിൽ കയറിയും ഇറങ്ങിയും നിന്ന രൂപയുടെ മൂല്യം ഇനിയും താഴ്ചയിലേക്കു പോകുമെന്നാണ് വിപണി നൽകുന്ന സൂചനകൾ. ഇന്ത്യയിൽ കോവിഡ് നിരക്ക് ഉയരുകയും വിവിധ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ കർഫ്യൂവിലേക്കും അടച്ചിടലിലേക്കും നീങ്ങുകയും ചെയ്യുന്നതു ഇന്ത്യൻ വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ഇത് രൂപയുടെ സ്ഥിതി കൂടുതൽ പരിതാപകരമാക്കുന്നു. കഴിഞ്ഞ വാരം റിസർവ് ബാങ്ക് മോനിറ്ററി കമ്മിറ്റി പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും ഗവൺമെന്റ് സെക്യൂരിറ്റി വാങ്ങലിനു 12000 കോടി രൂപ അനുവദിച്ചത് രൂപയെ പ്രതികൂലമായി ബാധിക്കുകയാണ് ചെയ്തത്. അതേ സമയം അമേരിക്കൻ വിപണി വളർച്ചയിലാണെന്ന് അമേരിക്കൻ ഫെഡറൽ റിസർവ് യോഗം ചേർന്നു വിലയിരുത്തിയത് ഡോളറിന്റെ നിള മെച്ചപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.